മലപ്പുറം: രാജ്യസഭയിലേക്കുള്ള അഡ്വ. ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മുസ്ലിം ലീഗിനെ പ്രശംസിച്ച് കെ ടി ജലീല്‍. കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് ഉണര്‍ന്നും ഉയര്‍ന്നും പ്രവര്‍ത്തിക്കാന്‍ ലീഗ് നേതൃത്വത്തിന് അറിയുമെന്ന് വെളിപ്പെടുത്തുന്നതാണ് ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങള്‍ സംഘ്പരിവാര്‍ ശക്തിപ്പെടുത്തിയ കാലത്ത് നിയമ പാണ്ഡിത്യമുള്ള ഒരാളെ രാജ്യസഭയിലേക്കയക്കാന്‍ സാദിഖലി തങ്ങള്‍ കാണിച്ച ഔചിത്യം അഭിനന്ദനീയമാണ് എന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
പുതിയ രാജ്യസഭാംഗങ്ങള്‍ക്ക് അഭിനന്ദനം.
കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടാന്‍ പോകുന്ന മൂന്ന് രാജ്യസഭാംഗങ്ങളും എനിക്ക് വ്യക്തിപരമായി അടുപ്പമുള്ളവരാണ്. വ്യത്യസ്ത മുന്നണിയിലും പാര്‍ട്ടിയിലും പെടുന്ന മൂന്നു സുഹൃത്തുക്കള്‍ ഒരുമിച്ച് ഡല്‍ഹിയിലേക്ക് പറക്കുമ്പോള്‍ വലിയ സന്തോഷം. വഹിച്ച പദവികള്‍ നോക്കിയാല്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയാണ് കൂട്ടത്തില്‍ സീനിയര്‍. 2002 ല്‍ അദ്ദേഹം യൂത്ത്ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡണ്ടായിരിക്കെ ഞാന്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. അന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന യുവജന സംഘടനാ നേതാക്കളുടെ യോഗത്തില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് പലപ്പോഴും മാണി സാറിനെ കാണാന്‍ പോയ സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ കണ്ടു. പരിചയം പുതുക്കി. രാഷ്ട്രീയം ചര്‍ച്ച ചെയ്തു. സൗഹൃദം അണയാതെ കാത്ത് സൂക്ഷിച്ചു.
മാണിസാറ് മരണപ്പെട്ടതറിഞ്ഞ് അദ്ദേഹത്തിന്റെ ചലനമറ്റ ശരീരം ഒരുനോക്കു കാണാന്‍ മലപ്പുറത്ത് നിന്ന് ദീര്‍ഘനേരം യാത്രചെയ്ത് കോട്ടയത്ത് എത്തിയപ്പോഴേക്ക് അര്‍ധരാത്രി പിന്നിട്ടിരിരുന്നു. ജനങ്ങളുടെ അണമുറിയാത്ത പ്രവാഹമായിരുന്നു മൃതദേഹവും വഹിച്ചുള്ള വാഹനം കടന്നു പോകുന്ന വഴിയിലുടനീളം. കോട്ടയത്തെത്താന്‍ കാത്തുനിന്നാല്‍ പുലര്‍ച്ചയാകുമെന്ന് പോലീസ് പറഞ്ഞു. വിലാപയാത്രയുടെ സഞ്ചാരം മനസ്സിലാക്കി കാറ് തിരിച്ചുവിടാന്‍ പറഞ്ഞു. ആള്‍തിരക്കു കാരണം പതുക്കെയാണ് വാഹന വ്യൂഹം നീങ്ങിയിരുന്നത്. വഴിയിലെവിടെയോ റോഡരികില്‍ റീത്തും പൂക്കളുമായി നിന്നവര്‍ക്ക് കാണാന്‍ വണ്ടി നിര്‍ത്തിയത് കണ്ട ഞങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസ്സിനടുത്തേക്ക് നീങ്ങി. തിരക്കിനിടയില്‍ എന്നെ കണ്ടപാടെ കലങ്ങിയ കണ്ണുകളുമായി തന്റെ വന്ദ്യനായ പിതാവിന്റെ ഭൗതിക ശരീരത്തിനരികെ നിന്നിരുന്ന ജോസ് കെ മാണി മറ്റുള്ളവരോട് മാറാന്‍ അഭ്യര്‍ത്ഥിച്ചു. പോലീസ് ഒരുക്കിയ വഴിയിലൂടെ മാണിസാറിന്റെ ദേഹി വിടപറഞ്ഞ ദേഹത്തിനു മുന്നില്‍ അല്‍പ്പ സമയം ഞാന്‍ കൈക്കൂപ്പി നിന്നു. പശ്ചാതാപ ബോധത്താല്‍ മനസ്സ് വിങ്ങി. മാണി സാറിനെതിരെ നിയമസഭക്കകത്ത് നടന്ന സമരത്തില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താലും എന്റെ സഹജമായ എടുത്തുചാട്ടത്താലും വികാരപ്രകടനം അതിരുവിട്ടതില്‍ ശരിക്കും മനസ്താപം തോന്നി. ജോസിന്റെ കൈ മുറുക്കിപ്പിടിച്ച് ക്ഷമാപണം പറയാതെ പറഞ്ഞാണ് വിലാപയാത്രാ വാഹനത്തിന്റെ പടികളിറങ്ങിയത്.
2009-ലും 2014-ലും കോട്ടയത്തുനിന്ന് പാര്‍ലമെന്റ് അംഗമായ ജോസ് കെ മാണി 2018 മുതല്‍ രാജ്യസഭാംഗമാണ്. ഇപ്പോള്‍ വീണ്ടും രാജ്യസഭയിലെത്താന്‍ പോവുകയാണ്. 2013-ല്‍ കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനായ അദ്ദേഹം 2020-ല്‍ പാര്‍ട്ടി ചെയര്‍മാനായി. ചെന്നൈ ലയോള കോളേജില്‍ നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയ ജോസ് കെ മാണി, എം.ബി.എ ബിരുദം കരസ്ഥമാക്കിയത് കോയമ്പത്തൂര്‍ പി.എസ്.ജി കോളേജില്‍ നിന്നാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യവും പൊതുപ്രവര്‍ത്തന പരിജ്ഞാനവും മുന്നോട്ടുള്ള സേവന യാത്രയില്‍ വഴികാട്ടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് ഉണര്‍ന്നും ഉയര്‍ന്നും പ്രവര്‍ത്തിക്കാന്‍ ലീഗ് നേതൃത്വത്തിന് അറിയുമെന്ന് വെളിപ്പെടുത്തുന്നതാണ് രാജ്യസഭയിലേക്കുള്ള അഡ്വ: ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വം. മദ്രാസ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന ബി പോക്കര്‍ സാഹിബിനെ പാര്‍ലമെന്റിലേക്ക് അയച്ച് നിയമനിര്‍മ്മാണ പ്രക്രിയയില്‍ ഭാഗഭാക്കാവാന്‍ അവസരമൊരുക്കിയ മുസ്ലിംലീഗ്, ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെയും മഹബൂബെമില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിനെയും രാജ്യസഭാംഗങ്ങളാക്കിയാണ് പാര്‍ലമെന്റെറി രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവന്നത്. പൊന്നാനിയില്‍ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബോംബെ സ്വദേശി ഗുലാംമഹ്‌മൂദ് ബനാത്ത് വാല സാഹിബ് കൊമേഴ്‌സ് പ്രൊഫസറായിരുന്നെങ്കിലും നല്ല നിയമജ്ഞാനമുള്ള വ്യക്തിയുമായിരുന്നു. അദ്ദേഹം രചിച്ച ‘Religion and Politics in India’ എന്ന പുസ്തകം മാത്രം മതി അദ്ദേഹത്തിന്റെ അഗാധമായ അറിവ് മനസ്സിലാക്കാന്‍.
ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങള്‍ സംഘ്പരിവാര്‍ ശക്തിപ്പെടുത്തിയ കാലത്ത് നിയമ പാണ്ഡിത്യമുള്ള ഒരാളെ രാജ്യസഭയിലേക്കയക്കാന്‍ സാദിഖലി തങ്ങള്‍ കാണിച്ച ഔചിത്യം അഭിനന്ദനീയമാണ്. ഹാരിസ് ബീരാന്‍ എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ പിതാവ് അഡ്വ: വി.കെ ബീരാന്‍ സാഹിബുമായും എനിക്കടുപ്പമുണ്ട്. എന്റെ ഗുരുനാഥ പ്രൊഫ: ബീപാത്തു ടീച്ചറുടെ അനിയത്തിയാണ് ഹാരിസിന്റെ ഉമ്മ. രണ്ടുപേരും കോളേജ് അദ്ധ്യാപികമാര്‍. ഒരാള്‍ മലയാളം പ്രൊഫസര്‍. മറ്റേയാള്‍ ചരിത്ര വിഭാഗം പ്രൊഫസര്‍. കേരള നിയമസഭാ സ്പീക്കറായിരുന്ന കെ.എം സീതിസാഹിബിന്റെ അടുത്ത ബന്ധുക്കളാണ് ഇരുവരും. അഡ്വ: ഹാരിസിന്റെ പിതാവ് അഡ്വ: വി.കെ ബീരാന്‍ പഴയതലമുറയിലെ ലീഗുകാരനും കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമാണ്. അഡീഷണല്‍ അഡ്വക്കറ്റ് ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചു. തിരുകൊച്ചി മേഖലയില്‍ ലീഗ് ഉണ്ടാക്കുന്നതില്‍ നല്ല പങ്കുവഹിച്ച വി.കെ ബീരാന്‍ സാഹിബ്, സി.എച്ചുമായും ശിഹാബ് തങ്ങളുമായും സൂക്ഷിച്ച ഇഴയടുപ്പം വാക്കുകള്‍ക്കതീതമാണ്. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എം.പി സ്ഥാനം തിരുകൊച്ചിയില്‍ നിന്നുള്ള ഒരാള്‍ക്ക് ലഭിക്കുന്നത്. തെക്കന്‍ മേഖലയിലെ ലീഗു പ്രവര്‍ത്തകര്‍ക്ക് ഇതുനല്‍കുന്ന ആവേശം ചെറുതാവില്ല.
വാജ്‌പെയ് പ്രധാനമന്ത്രിയായിരിക്കെ യൂത്ത്‌ലീഗിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന പ്രവാസി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയുള്ള പാര്‍ലമെന്റ് മാര്‍ച്ചിന്റെ മുഖ്യസംഘാടകരില്‍ ഒരാളായ ഞാന്‍ രണ്ട് ദിവസം മുമ്പുതന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്റെ കൂടെ അന്നത്തെ യൂത്ത്‌ലീഗ് നേതാക്കളായ ബഷീര്‍ രണ്ടത്താണിയും അഷ്‌റഫ് അമ്പലത്തിങ്ങലും ഉണ്ടായിരുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ മാര്‍ച്ചിന് ആവശ്യമായ സഹായം ഡല്‍ഹിയില്‍ ചെയ്ത് തന്നതില്‍ ഹാരിസ് ബീരാന്റെ പങ്കാളിത്തം നന്ദിയോടെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. വാജ്‌പെയേയും സോണിയാ ഗാന്ധിയേയും കണ്ട് നിവേദനം നല്‍കാന്‍ വീണ്ടും രണ്ടുദിവസമെടുത്തു. അഹമ്മദ് സാഹിബാണ് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത്. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഹാരിസിന്റെ ഫ്‌ലാറ്റിലാണ് ഞാനും ബഷീറും അഷ്‌റഫും നാലഞ്ച് ദിവസം താമസിച്ചത്. അദ്ദേഹം അന്ന് കാണിച്ച സ്‌നേഹവും പാര്‍ട്ടി പ്രതിബദ്ധതയും ഞങ്ങളെ മൂന്നുപേരെയും വല്ലാതെ സ്വാധീനിച്ചു. അന്ന്മുതല്‍ ഇന്നുവരെ മായമില്ലാത്ത ആ സൗഹൃദം ഭംഗം കൂടാതെ തുടരുന്നു.
കപില്‍ സിബിലിന്റെയും പി ചിദംബരത്തിന്റെയും വിവേക് ടാങ്കയുടെയും സജ്ഞയ് സിംഗിന്റെയും രാഘവ് ചന്ദയുടെയും സാക്കറ്റ് ഗോഖലയുടെയും നിരയില്‍ നില്‍ക്കാന്‍ യോഗ്യനായ ഒരാളെത്തന്നെ രാജ്യസഭയിലേക്ക് അയക്കാന്‍ കടുത്ത ലോബീയിംഗിനിടയിലും ലീഗ് നേതൃത്വം കാണിച്ച സൗമനസ്യം എടുത്തു പറയത്തക്കതാണ്. സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങളില്‍ സുപ്രീം കോടതിയില്‍ നടക്കുന്ന കേസുകളില്‍ കപില്‍സിബിലിനെ ഹാജരാക്കുന്നതില്‍ ഹാരിസ് ബീരാന്റെ ശ്രമം ലീഗ് വൃത്തങ്ങള്‍ക്ക് അത്രപെട്ടന്ന് മറക്കാനാവില്ല. ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും ഇന്ത്യയുടെ പരമോന്നത കോടതിയില്‍ സ്വയം ഹാജരായി നിയമ രംഗത്തെ തന്റെ വൈഭവം ഹാരിസ് ബീരാന്‍ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഡല്‍ഹി തട്ടകമാക്കി പ്രവര്‍ത്തിക്കുന്ന ഹാരിസിന് പുതിയ പദവി നന്നായി ഉപയോഗപ്പെടുത്താനാകും. ഡല്‍ഹി കെ.എം.സി.സിയുടെ പ്രസിഡണ്ട് എന്ന നിലയില്‍ വിവിധ മലയാളി സംഘടനകളുമായും ഹാരിസിനുള്ള അടുപ്പം സുവിദിതമാണ്. രാജ്യസഭാംഗത്വം ഒരു പാര്‍ടൈം ജോലിയാക്കാതെ അദ്ദേഹം നോക്കണം.
സഭയില്‍ മുഴുസമയം ഇരിക്കാനും ഉചിതമായ സമയത്ത് നിര്‍ഭയം ചര്‍ച്ചകളില്‍ ഇടപെടാനും ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുഖത്തുനോക്കി ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും ഹാരിസ് ബീരാന് സാധിക്കണം. കല്ല്യാണത്തിനും കളിയാട്ടത്തിനും പോയി സഭയില്‍ ഹാജരാകാത്ത സ്ഥിതി ഒരുകാരണവശാലും ഉണ്ടാകാതെ സൂക്ഷിക്കണം. പ്രധാനപ്പെട്ട വോട്ടിംഗ് വേളകളില്‍ വിമാനം കിട്ടാത്ത സാഹചര്യവും ആവര്‍ത്തിക്കപ്പെടാതെ ശ്രദ്ധിക്കണം. പേരിനൊരാളല്ല താനെന്ന് കഠിനാദ്ധ്വാനത്തിലൂടെ ഹാരിസ് തെളിയിക്കണം. പൊതു പ്രശ്‌നങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ വിഷയങ്ങളിലും രാജ്യസഭയില്‍ ഗര്‍ജിക്കുന്ന സഖാവ് ജോണ്‍ ബ്രിട്ടാസിന്റെ മാതൃക പിന്‍പറ്റിയാല്‍ നന്നാകും. വര്‍ത്തമാന ഇന്ത്യയില്‍ ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്ന ഒരു ജനതയുടെ വികാരവിചാരങ്ങള്‍ മനസ്സില്‍ എരിഞ്ഞുകൊണ്ടേയിരിക്കണം. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ശക്തമായി ശബ്ദിക്കുന്ന സഹോദര പാര്‍ട്ടികളില്‍ പെടുന്ന മനുഷ്യസ്‌നേഹികളായ സഹപ്രവര്‍ത്തകരെ അഭിനന്ദിക്കാനും ബഹുമാനിക്കാനും ഒരുപിശുക്കും കാണിക്കരുത്. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ സഭയില്‍ ആഞ്ഞടിക്കണം. ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതരത്വത്തിനെതിരെയുള്ള നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം.
മലപ്പുറം ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ ഇടതുപക്ഷ രാജ്യസഭാ മെമ്പറാണ് സുനീര്‍. ജില്ലയിലെ പ്രഥമ കമ്മ്യൂണിസ്റ്റ് രാജ്യസഭാ അംഗം പൊന്നാനിക്കാരനായ സഖാവ് ഇമ്പിച്ചിബാവയാണ്. സുനീറും പൊന്നാനിക്കാരനായത് യാദൃശ്ചികമെങ്കിലും അതിലൊരു കമ്മ്യൂണിസ്റ്റ് കുളിരുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിന് ശേഷം ജില്ലയിലെ സി.പി.ഐ നേതൃത്വത്തിലെ പ്രഗല്‍ഭരായിരുന്നു കൊളാടി ഗോവിന്ദന്‍കുട്ടിയും കോയക്കുഞ്ഞി നഹയും കെ.എന്‍.എ ഖാദറും ശ്രീധരന്‍ മാഷും പ്രൊഫ: ഇ.പി മുഹമ്മദലിയുമെല്ലാം. രണ്ടാം തലമുറയിലെ എണ്ണപ്പെടുന്നവരാണ് കൃഷ്ണദാസും അജിത്ത് കൊളാടിയും പ്രൊഫ: ഗീതയും അഡ്വ: റഹ്‌മതുള്ളയും പി.പി സുനീറുമെല്ലാം. റഹ്‌മത്തുള്ള ലീഗിലേക്ക് പോയതോടെയാണ് സുനീര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ന്നത്. പൊന്നാനിയിലും വയനാട്ടിലും ലോകസഭയിലേക്ക് മല്‍സരിച്ച് പരാജയപ്പെട്ട സുനീര്‍, വൈകാതെ മലപ്പുറത്ത് നിന്നുള്ള സി.പി.ഐയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായി. കുലീനമായ പെരുമാറ്റവും സൗമ്യമായ സമീപനവും സുനീറിന് ജനകീയ മുഖം നല്‍കി. മാറഞ്ചേരി വെളിയങ്കോട്ടെ പ്രമുഖ കമ്യുണിസ്റ്റ് കുടുംബത്തിലെ അംഗമായ സുനീര്‍ ഇത്രയും ഉയരെയുള്ള പദവിയിലെത്തുമെന്ന് അധികമാരും കരുതിക്കാണില്ല.
വലതുപക്ഷ പാര്‍ട്ടികളില്‍ ഒരു സ്ഥാനത്തെത്താന്‍ എത്രയോ തമ്പ്രാന്‍മാരെ പ്രസാദിപ്പിക്കേണ്ടി വരും? എത്ര നേതാക്കളുടെ പെട്ടി ചുമക്കേണ്ടി വരും? അതൊന്നുമില്ലാതെയാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയോട് കൂറും പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ചതിന്റെ അംഗീകാരമായി സുനീറിനെത്തേടി രാജ്യസഭാംഗത്വം മലപ്പുറത്തേക്ക് പറന്നെത്തിയത്. വിദ്യാര്‍ഥി യുവജന സംഘടനകളിലൂടെ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച സുനീര്‍, 1988 മുതല്‍ 1993 വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്റെ വൈസ് ചെയര്‍മാനായിരുന്നു. വൈകാതെ അദ്ദേഹം എ.ഐ.വൈ.എഫിന്റെ സംസ്ഥാന നേതൃനിരയില്‍ എണ്ണപ്പെട്ടവനായി.
മലപ്പുറം ജില്ലാ പപഞ്ചായത്തില്‍ മാറഞ്ചേരി ഡിവിഷനെ പ്രതിനിധീകരിച്ച സുനീര്‍, 2012 മുതല്‍ എട്ട് വര്‍ഷക്കാലം സി.പി.ഐയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായി. കേരള ഹൗസിംഗ് ബോര്‍ഡ് കോര്‍പ്പറേഷന്റെ ചെയര്‍മാനായും ഡെപ്യൂട്ടി സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും സേവനം ചെയ്തു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ് സുനീര്‍. എടപ്പാള്‍ പൂക്കരത്തറ ദാറുല്‍
ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
അധ്യാപിക ഷാഹിനയാണ് ഭാര്യ. മലപ്പുറത്തിന്റെയും സംസ്ഥാനത്തിന്റെയും ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നണിപ്പോരാളിയായി സുനീര്‍ ഉണ്ടാകുമെന്ന് നമുക്ക് ഉറപ്പിക്കാം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെയും വെളിയങ്കോട് ഉമര്‍ഖാസിയുടെയും പാദസ്പര്‍ശമേറ്റ മണ്ണില്‍ നിന്നാണ് പി.പി സുനീര്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് വിമാനം കയറുന്നത്. ഏതെങ്കിലും ജനവിഭാഗത്തെ ഒറ്റതിരിഞ്ഞ് അക്രമിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ പൊന്നാനിയുടെ ഉള്‍ക്കരുത്ത് സഭയില്‍ അദ്ദേഹം പ്രതിഫലിപ്പിക്കും. തീര്‍ച്ച. സ്വന്തമായി ഒരു മെമ്പറെ ജയിപ്പിക്കാനുള്ള വോട്ടുണ്ടായിട്ടും മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കാന്‍ വീട്ടുവീഴ്ച ചെയ്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകര്‍ന്ന സി.പി.ഐ എമ്മിനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.
മൂന്ന് ചങ്ങാതിമാര്‍ക്കും നല്ലതു വരട്ടെ. ഹൃദയം നിറഞ്ഞ ആശംസകള്‍…