Celebrities

‘ഇതെല്ലാം കെട്ടിച്ചമച്ചത്’; ട്രോളുകളോട് പ്രതികരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മേക്കപ്പ് ആര്‍ട്ടിസ്റ്റ്

മേക്കപ്പിനെ കുറിച്ച് ഞങ്ങളുടെ പ്ലാന്‍ നല്ല രീതിയില്‍ വര്‍ക്കൗട്ട് ആയെന്നു തന്നെയാണ് കരുതുന്നത്

വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെ പ്രണവ്, ധ്യാന്‍, കല്ല്യാണി എന്നിവരുടെ മേക്കപ്പിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് ഷെയര്‍ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ട്രോളുകള്‍ക്ക് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്‌സ് സേവ്യര്‍. വിമര്‍ശനങ്ങളെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നും ഇതെല്ലാം കെട്ടിച്ചമക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ചിത്രം തിയറ്ററില്‍ കണ്ടപ്പോള്‍ കയ്യടിച്ചവരാണ് ഇപ്പോള്‍ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. ഇതേ ആളുകള്‍ തന്നെയാണ് തിയറ്ററില്‍ സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞതും. ഇതുമായി ബന്ധപ്പെട്ട് തനിക്ക് വേറൊന്നും
പറയാനില്ലെന്നും റോണക്‌സ് കൂട്ടിച്ചേര്‍ത്തു.

ബോക്‌സ് ഓഫിസില്‍ 90 കോടി കളക്ഷന്‍ നേടിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. മഞ്ഞുമല്‍ ബോയ്‌സ്, മലൈക്കോട്ടെ വാലിബന്‍, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു റോണക്‌സ് സേവ്യര്‍. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ മേക്കപ്പിന് മികച്ച മേക്കപ്പ് ആര്‍ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ജോഷിയുടെ റമ്പാന്‍, സുരേഷ് ഗോപി ചിത്രം വരാഹം തുടങ്ങിയവയാണ് റോണക്‌സിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന പുതിയ സിനിമകള്‍.