കൊച്ചി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. 23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത്. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വിമാനം കൊച്ചിയിലിറങ്ങിയത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദർശനം നടത്തിയ ശേഷമാകും മൃതദേഹം ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിലേക്ക് എത്തിക്കുക. മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.
45 ഇന്ത്യക്കാർ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. അപകട വിവരം അറിഞ്ഞത് മുതൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ആവശ്യമായ നടപടികൾ ആരംഭിച്ചുവെന്ന് മന്ത്രി കെ രാജൻ നേരത്തേ പറഞ്ഞിരുന്നു.