മംഗഫ് കെട്ടിടത്തിന് തീപിടിച്ച് 50 വിദേശ തൊഴിലാളികളുടെ മരണത്തിനിടയാക്കിയ, ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തില്‍ മുക്കിയ സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഉത്തരവിട്ടു. ഒപ്പം 596 ന ിയമവിരുദ്ധ കെട്ടിടങ്ങള്‍ പൂട്ടിട്ടു. കഴിഞ്ഞ 10 മാസത്തിനിടെ ക്രമരഹിതമായി നിര്‍മ്മിച്ച 568 റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ കെട്ടിടങ്ങളുടെ ബേസ്മെന്റുകളിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്തിരിക്കുകയാണ് കുവൈറ്റ് മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയില്‍ നിന്നും അനുമതി വാങ്ങാതെ കെട്ടിട നിര്‍മ്മാണവും, വീടുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയ 1,639 ഉടമകള്‍ക്ക് നോട്ടീസും നല്‍കി.
കൂടാതെ, ലൈസന്‍സില്ലാത്ത വിവിധ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന 189 കെട്ടിടങ്ങളും കാലിയാക്കി. തീപിടിത്തത്തില്‍ മരിച്ചവരില്‍ 46 പേര്‍ ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞു. മരിച്ച മറ്റ് മൂന്ന് പേര്‍ ഫിലിപ്പീന്‍സുകാരാണ്. ഇരകളില്‍ ഒരാളുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച 49 പേര്‍ മരിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം ”പരിക്കേറ്റവരില്‍ ഒരാള്‍ കൂടി മരിച്ചെന്ന്”, കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍-യഹ്യ അറിയിച്ചു. നേരത്തെ, ഷെയ്ഖ് ഫഹദിന്റെയും മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രി ഡോ.നൂറ അല്‍-മഷന്റെയും നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള പരിശോധനാ സംഘങ്ങള്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിരവധി പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ പരിശോധിച്ചു.
നിരവധി നിയമലംഘനങ്ങള്‍ സംഘം നീക്കം ചെയ്യുകയും ഒരു കെട്ടിടത്തിലേക്കെങ്കിലും ബേസ്മെന്റ് മരപ്പണിക്കാരന് വാടകയ്ക്ക് നല്‍കിയത് നിയമം പൂര്‍ണ്ണമായും ലംഘിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു. കെട്ടിടങ്ങളിലെ ഏതെങ്കിലും ലംഘനങ്ങള്‍ അധികാരികളെ അറിയിക്കാന്‍ മന്ത്രാലയം ഒരു ഹോട്ട്ലൈന്‍ സ്ഥാപിക്കുമെന്നും ഇത് ഉടനടി നടപടിയെടുക്കാന്‍ അനുവദിക്കുമെന്നും ഷെയ്ഖ് ഫഹദ് പറഞ്ഞു. ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ലംഘനങ്ങളും നീക്കം ചെയ്തിട്ടുണ്ടെന്നും സുരക്ഷാ നിയമങ്ങള്‍ ബാധകമാക്കിയിട്ടുണ്ടെന്നും ഉറപ്പാക്കാന്‍ പരിശോധന തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപയോഗിച്ചതും വലിച്ചെറിയപ്പെട്ടതുമായ വസ്തുക്കള്‍ അവരുടെ പരിസരത്ത് നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് മഷാന്‍ കെട്ടിട ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമം നേരിട്ട് പ്രയോഗിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. വലിച്ചെറിയപ്പെട്ട വസ്തുക്കള്‍ ഉടനടി നീക്കം ചെയ്യണം, അത്തരം മാലിന്യങ്ങള്‍ കണ്ടെത്തിയ കെട്ടിടങ്ങളില്‍ നിന്ന് വൈദ്യുതി വിതരണം ഇതിനകം വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. അതേസമയം തീപിടിത്തത്തിന് ഇരയായവര്‍ക്കായി സംഭാവനകള്‍ ശേഖരിക്കാന്‍ സാമൂഹികകാര്യ മന്ത്രാലയം ചാരിറ്റി സൊസൈറ്റികളെ അനുവദിച്ചു.
കുവൈത്ത് സൈനിക വിമാനത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് മാറ്റുമെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് പറഞ്ഞു. നരഹത്യ, അന്യായമായ പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ചോദ്യം ചെയ്തതിന് ശേഷം ഒരു കുവൈറ്റ് പൗരനെയും രണ്ട് പ്രവാസികളെയും കസ്റ്റഡിയിലെടുക്കാന്‍ വ്യാഴാഴ്ച പ്രോസിക്യൂഷന്‍ ഉത്തരവിട്ടതായി പ്രോസിക്യൂഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ച വൈകി പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ സന്ദര്‍ശിച്ചതായി പ്രസ്താവനയില്‍ പറയുന്നു.
പുലര്‍ച്ചെ 4:00 മണിയോടെ ആരംഭിച്ച തീപിടിത്തത്തിന്റെ ഫലമായി കറുത്ത പുകയുടെ വലിയ മേഘങ്ങള്‍ ഇരകളില്‍ ഭൂരിഭാഗവും ശ്വാസം മുട്ടിച്ചു. ബില്‍ഡിംഗ് ഗാര്‍ഡിന്റെ മുറിയിലുണ്ടായ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നും മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നുവെന്നും അഗ്‌നിശമനസേനയുടെ അന്വേഷണ സംഘം അറിയിച്ചു. താഴത്തെ നിലയിലാണ് ഗാര്‍ഡിന്റെ മുറി. തീപിടിത്തം ഉണ്ടാകുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ 179 തൊഴിലാളികളും 17 പേര്‍ പുറത്തുമാണ് ഉണ്ടായിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. 196 നിവാസികളില്‍ 175 ഇന്ത്യക്കാരും 11 ഫിലിപ്പിനോകളും ബാക്കിയുള്ളവര്‍ തായ്ലന്‍ഡ്, പാകിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്.
ഇന്ത്യന്‍ കേന്ദ്ര വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കഴിഞ്ഞ ദിവസം കുവൈത്തിലെത്തി ആഭ്യന്തര, വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിംഗ് മുബാറക് അല്‍-കബീര്‍, ജാബര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ചു, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 13 ഇന്ത്യക്കാരെ സന്ദര്‍ശിച്ചതായി കുവൈത്തിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി. ”ചില മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇരകളെ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധനകള്‍ നടക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുകയും ചെയ്തു.