ദുഖവെള്ളിയാണ് ഇന്ന്. അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ദുഖത്തിലാഴ്ത്തിയ ദുഖവെള്ളി. കുവൈത്തില്‍ അഗ്നി വിഴുങ്ങിയ മലയാളികളുടെ മൃതദേഹങ്ങള്‍ കേരളത്തില്‍ എത്തിച്ചിരിക്കുകയാണ്. സ്വപ്‌നങ്ങള്‍ സഫലമാക്കാതെ പാതിവഴിയില്‍ വെന്തു മരിക്കേണ്ടി വന്നവരുടെ ആത്മാവിന് നിത്യശാന്തി ഉണ്ടാകാന്‍, അഴരെ അവസാനമായി ഒന്നുകാണാന്‍ വേണ്ടി നെടുമ്പാശ്ശേരിയിലേക്ക് ജനപ്രവാഹമാണ്. ബന്ധുക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമായി കരഞ്ഞു കലങ്ങിയ കണ്ണുമായി തകര്‍ന്നു പോയ ഹൃദയവുമായി എത്തിയിരിക്കുന്നത്. പ്രവാസികളും പ്രവാസവും കേരളം എന്നും ഹൃയത്തില്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. അതിരുകള്‍ മാഞ്ഞുപോയി ബന്ധങ്ങള്‍ വിശാലമാക്കുന്ന മലയാളികളുടെ മറ്റൊരു കേരളമാണ് കുവൈത്ത്. മലയാളികള്‍ ഇല്ലാത്ത ഒരിടം പോലും കുവൈത്തിലില്ല. അവിടെ നിന്നുമാണ് ചേതനയറ്റ ശരീരങ്ങളും വഹിച്ചു കൊണ്ട് ഇന്ത്യന്‍ വായൂസേനയുടെ ഫ്‌ളൈറ്റ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്.
പ്രത്യേക ഫ്‌ളൈറ്റില്‍ എത്തിയ പ്രവാസികള്‍ക്ക് ഇനിയൊരു പ്രവാസ ജീവിതമില്ല. ഇനിയൊരു തിരിച്ചു പോക്കില്ല. പിറന്ന നാട്ടിലേക്ക് കത്തിക്കരിഞ്ഞ ശരീരമായാണ് അവര്‍ എത്തിയിരിക്കുന്നത്. ജോലിക്കായി കുവൈത്തിലേക്ക് വിമാനം കയറാന്‍ പോയ അതേ വിമാനത്താവളത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. പോയപ്പോള്‍ യാത്രയയ്ക്കാന്‍ സ്വന്തം കുടുംബവും സുഹൃത്തുക്കളും മാത്രമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവരെ സ്വീകരിക്കാന്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും മന്ത്രിമാര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, രാഷ്ട്രീയ നേതാക്കള്‍ എല്ലാവരുമുണ്ട്.
നെടുമ്പാശ്ശേരിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് എല്ലാവര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കും. 31 മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. ഇതില്‍ 21 പേര്‍ മലാളികളും 7 തമിഴ്‌നാട്ടുകാരും. ഒരാള്‍ കര്‍ണാടകക്കാരനുമാണ്. എല്ലാ മൃതദേഹങ്ങളും കേരളാ സര്‍ക്കാര്‍ ഏറ്റുവാങ്ങും. ശേഷം അതതു കുടുംബങ്ങളില്‍ എത്തിക്കും. തമിഴ്‌നാട്ടുകാരുടെയും കര്‍ണാടകയിലെയും കൊണ്ടു പോകുന്ന മൃതദേഹങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷയില്‍ അതിര്‍ത്തി വരെ എത്തിക്കും.
മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറയുന്നു. മൃതദേഹങ്ങള്‍ വീടുകളിലേക്കെത്തിക്കാന്‍ 31 ആംബുലന്‍സുകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയതായി റവന്യൂ മന്ത്രിയും പറയുന്നു. കൂടുതല്‍ ആംബുലന്‍സുകള്‍ വേണമെങ്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ഓരോ ആംബുലന്‍സിനും പ്രത്യേകം അകമ്പടി വാഹനം ഒരുക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ഗാര്‍ഡ് ഓണറും മൃതദേഹങ്ങള്‍ക്കു നല്‍കും. നെടുമ്പാശ്ശേരിയിലേക്ക് അണമുറിയാത്ത ജനപ്രവാഹമാണിപ്പോള്‍ കാണാന്‍ കഴിയുന്നത്. ജനപ്രതിനിധികളെല്ലാം നെടുമ്പാശ്ശേരിയില്‍ എത്തിയിട്ടുണ്ട്.
ഇവിടെ നിന്നും അഴര്‍ ഓരോരുത്തരും സ്വന്തം നാടുകളിലും വീടുകളിലേക്കും പിരിഞ്ഞു പോകും. അഴസാനത്തെ യാത്ര. ഇനി ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യേണ്ടതില്ല. തന്റെ സ്‌പോണ്‍സറെ വിളിച്ച് അവധി ചോദിക്കണ്ട. ഉറ്റവരെയും ഉടയവരെയും വിട്ട് എങ്ങോട്ടും പോകണ്ട. ഈ മണ്ണില്‍ അലിഞ്ഞു ചേരാനായി അവസാന യാത്രയ്ക്കായാണ് അവരെത്തിയിരിക്കുന്നത്. കൊല്ലം ജില്ലയില്‍ നിന്നുള്ള ലൂക്കോസ് എന്ന സാബു, കഴിഞ്ഞ 18 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. തന്റെ കുടുംബത്തിന്റെ ഏക ആശ്രയവും പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയവും. നിര്‍ഭാഗ്യവശാല്‍ കെട്ടിടത്തിന്റെ ഗോവണിപ്പടിക്ക് താഴെയാണ് അദ്ദേഹത്തിന്റെ ചലനരഹിതമായ മൃതദേഹം കണ്ടെത്തിയത്.
തന്റെ അടുത്ത സുഹൃത്തായ ലൂക്കോസ് ബ്ലോക്കിന്റെ ആറാം നിലയിലാണ് താമസിക്കുന്നതെന്ന് റെജി വര്‍ഗീസ് പറയുന്നു. രണ്ടാം നിലയില്‍ നിന്ന് ചാടി കാലൊടിഞ്ഞ് രക്ഷപ്പെട്ട മറ്റൊരു തൊഴിലാളിയാണ് മരണവിവരം അറിയിച്ചത്. ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരില്‍ പലരും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളില്‍ നിന്നുള്ളവരും, വലിയ പ്രതീക്ഷകളോടെയും വലിയ സ്വപ്നങ്ങളുമായാണ് കുവൈറ്റിലെത്തിയത്. എന്നാല്‍ തീപിടുത്തം അവരുടെ കുടുംബത്തിന്റെ അന്നദാതാക്കളുടെ ജീവന്‍ അപഹരിക്കുക മാത്രമല്ല, അവരുടെ സ്വപ്നങ്ങള്‍ക്ക് വിള്ളല്‍(പൊള്ളല്‍) വീഴ്ത്തുകയും ചെയ്തു. തീപിടിത്തത്തില്‍ മരിച്ച തിരുവല്ല മേപ്രാല്‍ സ്വദേശി തോമസ് ഉമ്മന്‍ (37) കുവൈറ്റില്‍ ടെക്നീഷ്യന്‍ എന്ന നിലയിലുള്ള തന്റെ നാലുവര്‍ഷത്തെ പ്രയത്നത്തിന്റെ ഫലമായ തന്റെ ചിരകാല സ്വപ്നമായ പുതിയ വീടിന്റെ ഉദ്ഘാടനത്തിനായി അടുത്തമാസം കേരളത്തിലേക്ക് മടങ്ങാനായിരുന്നു പദ്ധതി.
ചങ്ങനാശേരി സ്വദേശിയായ ശ്രീഹരി പ്രദീപ് (27) പുതിയ ജോലി ഏറ്റെടുക്കാന്‍ ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളുമായി ജൂണ്‍ 5ന് മാത്രമാണ് കുവൈറ്റിലെത്തിയത്. സബാഹ് മോര്‍ച്ചറിയില്‍ മൃതദേഹം തിരിച്ചറിഞ്ഞത് പിതാവിന് വേദനാജനകമായിരുന്നു. ദുഃഖിതനായ പിതാവ് മകന്റെ കൈയില്‍ പതിച്ച ടാറ്റൂവില്‍ നിന്ന് മകനെ തിരിച്ചറിയാന്‍ കഴിഞ്ഞു. 20 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം ജീവിക്കാന്‍ ഉടന്‍ കേരളത്തിലേക്ക് മടങ്ങാനൊരുങ്ങുകയായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി കേളു. 50 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, നിരവധി മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ ഇപ്പോഴും അപൂര്‍ണ്ണമാണ്.
തീപിടിത്തമുണ്ടായ ഹൗസിംഗ് ഫെസിലിറ്റിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ സീനിയര്‍ സൂപ്പര്‍വൈസറായി 32 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തിരുന്ന മുരളീധരന്‍ നായരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. തീപിടിത്തം ടെലിവിഷനില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും അറിഞ്ഞ സാജു വര്‍ഗീസിന്റെ (56) കുടുംബം കുവൈറ്റിലെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മരണം സ്ഥിരീകരിച്ചു. 21 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന വര്‍ഗീസ് മകളുടെ ഉന്നത വിദ്യാഭ്യാസം ഒരുക്കുന്നതിനായി ഈ മാസം അവസാനം വരാനിരിക്കുകയായിരുന്നു.
മറ്റൊരു ഇരയായ സ്റ്റെഫിന്‍ എബ്രഹാം സാബു (29) 2019 മുതല്‍ കുവൈറ്റില്‍ എഞ്ചിനീയറായിരുന്നു. മിക്കവാറും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കും. തന്റെ കുടുംബത്തിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനും പുതിയ കാര്‍ വാങ്ങുന്നതിനും അവരെ സഹായിക്കുന്നതിനുമായി ഓഗസ്റ്റില്‍ മടങ്ങിവരാന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സാബുവിന്റെ അച്ഛന് കോട്ടയത്ത് ഒരു ചെറിയ കടയുണ്ട്. അമ്മ വീട്ടമ്മയാണ്. സഹോദരന്‍ ഫെബിനും കുവൈറ്റില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഒരിടത്തല്ല താമസിച്ചിരുന്നത്. ഷമീര്‍ ഉമറുദ്ദീന്റെ ‘ഗ്രാമം മുഴുവന്‍ ദുഃഖത്തിലാണ്’, കൊല്ലപ്പെട്ട 33 കാരനായ കൊല്ലത്തെ ബന്ധു സഫേദു പറഞ്ഞു. ”അദ്ദേഹം സുന്ദരനായ ഒരു മനുഷ്യനായിരുന്നു. ചുറ്റുമുള്ള എല്ലാവരോടും എപ്പോഴും വളരെ സൗഹാര്‍ദ്ദപരമാണ്,” സഫേഡു കൂട്ടിച്ചേര്‍ത്തു.
തൃക്കരിപ്പൂര്‍ സ്വദേശി നളിനാക്ഷന്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴെയുള്ള വാട്ടര്‍ ടാങ്കിലേക്ക് ചാടിയതിനാല്‍ മുകള്‍ നിലകളിലേക്ക് തീ പടരുകയും ആളുകള്‍ നിലവിളിക്കുകയും ചെയ്തു. ചില പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തീവ്രശ്രമത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയവരില്‍ ചിലര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.