കൊച്ചി : കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ശരിയല്ലാത്ത കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പക്ഷേ ഇപ്പോൾ വിവാദത്തിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വീണാ ജോർജിന് കുവൈത്തിലേക്ക് യാത്ര ചെയ്യാനുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ചതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വീണാ ജോർജ് ഇവിടെ വിമാനത്താവളം വരെ വന്ന ശേഷമാണ് തിരികെ പോയത്. ഇപ്പോൾ അത് വിവാദമാക്കേണ്ട. പിന്നീട് ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ജീവനാഡിയായാണ് പ്രവാസികളെ കാണുന്നത്. പ്രവാസ ജീവിതത്തിനിടയ്ക്ക് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തിൽ സംഭവിച്ചത്. മരണപ്പെട്ടവരിൽ 31 പേരുടെ മൃതദേഹമാണ് ഇവിടെ എത്തിയത്. അതിൽ 23 പേർ മലയാളികളും ഏഴു പേർ തമിഴ്നാട്ടുകാരും ഒരാൾ കർണാടക സ്വദേശിയുമാണ്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഒരിക്കലും തീരാത്ത നഷ്ടമാണ് സംഭവിച്ചത്. കുവൈത്ത് സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. തുടർ നടപടികൾ കുറ്റമറ്റതായ രീതിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരും ശരിയായ രീതിയിൽ ഇടപെട്ടു. വിദേശകാര്യ സഹമന്ത്രി അവിടെ പോവുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. ഇനി ഇതുപോലൊരു ദുരന്തം സംഭവിക്കാതിരിക്കാൻ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കുറ്റമറ്റ നടപടി കുവൈത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
മതിയായ നഷ്ടപരിഹാരം കുടുംബങ്ങൾക്ക് നൽകാൻ കുവൈത്ത് സർക്കാർ നേതൃത്വം കൊടുക്കുമെന്ന് കരുതുന്നു. ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണം. സംസ്ഥാനത്തുണ്ടായ വലിയ ദുരന്തത്തിൽ അഗാധമായ അനുശോചനം നാടാകെ രേഖപ്പെടുത്തുന്ന ഘട്ടമാണിത്. പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് കാര്യങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.