മാമ്പഴക്കാലമാണല്ലോ? മാമ്പഴം കൊണ്ട് എന്നും തയ്യറാക്കുന്ന വിഭവങ്ങളിൽ നിന്നും അല്പം വ്യത്യസ്തമായി അല്‍പം വെറൈറ്റിയായി ഒരു കേക്ക് കൂടി പരീക്ഷിക്കാം. മാമ്പഴം കൊണ്ട് നല്ല കിടിലന്‍ ഒരു കേക്ക് തയ്യാറാക്കി നോക്കിയാലോ? അധികം കഷ്ടപ്പാടില്ലാതെ അധികം ചേരുവകളില്ലാതെ വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കിടിലന്‍ ടേസ്റ്റില്‍ മാമ്പഴ കേക്ക്
ആവശ്യമായ ചേരുവകൾ
- മധുരമുള്ള മാങ്ങാ കഷ്ണങ്ങള്‍- ഒരു കപ്പ്
- മൈദ – 2 കപ്പ്
- പഞ്ചസാര – 3/4 കപ്പ്
- എണ്ണ /വെണ്ണ – 1/2ക്കപ്പ്
- പാല്‍ – 1/4കപ്പ്
- വിനാഗിരി – 1 സ്പൂണ്‍
- ബേക്കിംഗ് പൗഡര്‍ – ഒരു സ്പൂണ്‍
- ബേക്കിംഗ് സോഡ – കാല്‍ സ്പൂണ്‍
- ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കേക്ക് ബേക്ക് ചെയ്യേണ്ട പാത്രത്തില്‍ അല്‍പം എണ്ണ പുരട്ടി ബട്ടര്‍ പേപ്പര്‍ വെക്കുക. പിന്നീട് മാങ്ങക്കഷ്ണങ്ങള്‍ നല്ലതുപോലെ പഞ്ചസാര മിക്‌സ് ചെയ്ത് മിക്‌സിയില്‍ അരച്ചെടുക്കാം. പത്ത് മിനിറ്റോളം ഒരു വലിയ അടപ്പുള്ള പാത്രത്തിനുള്ളില്‍ ഒരു തട്ട് വെച്ച് അടുപ്പില്‍ വെച്ച് ചൂടാക്കണം. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മാങ്ങയിലേക്ക് അല്‍പം എണ്ണയും വിനാഗിരിയും ചേര്‍ത്തു നല്ലപോലെ മിക്‌സ് ചെയ്യുക. പിന്നീട് ഒരു അരിപ്പ ഉപയോഗിച്ച് ഇതേ കൂട്ടിലേക്ക് അല്‍പം മൈദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ഉപ്പും കൂടെ ചേര്‍ക്കണം.
ഇവയെല്ലാം നല്ലതുപോലെ മിക്‌സ് ചെയ്യണം. എന്നാല്‍ മിക്‌സ് ചെയ്യുമ്പോള്‍ അമിതമായി മിക്‌സ് ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് പാല്‍ ചേര്‍ക്കണം. ബേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് ഈ മിശ്രിതം പതുക്കെ ഒഴിച്ച് കൊടുക്കാം. പിന്നീട് ഇതിലെ കുമിളകള്‍ പോവുന്നത് വരെ ടാപ്പ് ചെയ്ത് കൊണ്ടിരിക്കണം. ശേഷം ഈ പാത്രം നമ്മള്‍ ചൂടാക്കാന്‍ വെച്ചിരിക്കുന്ന പാത്രത്തിലെ തട്ടിനുള്ളിലേക്ക് ഇറക്കി വെച്ച് 40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം. നാല്‍പ്പത് മിനിറ്റ് കഴിഞ്ഞ് ഇറക്കി വെച്ച് തണുത്ത ശേഷം മുറിച്ച് കഴിക്കാം