കൊച്ചി : കുവൈത്ത് തീപിടിത്തത്തിൽ മരണപ്പെട്ട തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മലയാളികളല്ല, ഭാരതത്തിന്റെ മക്കളാണ് അവരെന്നും അദ്ദേഹം പറഞ്ഞു. പാവറട്ടിയിലെ ഫുട് വെയർ സ്ഥാപനത്തിൽ ജോലി ഉപേക്ഷിച്ച് വീടുപണി പൂർത്തീകരിക്കാനുള്ള സ്വപ്നവുമായാണ് ബിനോയ് തോമസ് വിദേശത്തേക്ക് പോയത്.
ഇതിനിടെ അപകടകം ജീവനെടുത്തു. പിഎംഎവൈ പദ്ധതിയിൽ ആരംഭിച്ച വീടിൻറെ പണിയാണ് പാതി വഴിയിൽ നിലച്ചത്. NBTC കമ്പനിയുടെ ഹൈവേ സെന്റർ എന്ന സ്ഥാപനത്തിൽ സെയിൽസ് മാൻ ആയിട്ടാണ് ഈ മാസം അഞ്ചിന് കുവൈത്തിൽ എത്തിയത്. ബുധനാഴ്ച പുലർച്ചെ 2.30 വരെ ബിനോയ് ഭാര്യ ജിനിതയുമായി സംസാരിച്ചിരുന്നു. തീപിടിത്തം ഉണ്ടായ വാർത്ത പുറത്തുവന്നതിന് പിന്നാലെ ബിനോയിയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.
ഇന്നലെ മരണം സ്ഥിരീകരിക്കുന്നത്. ഭാര്യ ജനിതയ്ക്കും മക്കളായ ആദി, ഇയാൻ എന്നിവർക്കുമൊപ്പം ചാവക്കാട് താമസിക്കുന്ന ബിനോയ് തിരുവല്ല സ്വദേശിയാണ്.