Movie News

തലവന്‍ സിനിമയെ അഭിനന്ദിച്ച് കമല്‍ ഹാസന്‍; ടീമുമായുളള കൂടിക്കാഴ്ച ചെന്നൈയില്‍

മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്ന് എന്ന അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് തലവന്‍. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം മെയ് 24ന് ആണ് റിലീസ് ചെയ്തത്. കൈയ്യടികള്‍ ഏറെ ലഭിച്ച ചിത്രത്തിന് ഇപ്പോള്‍ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസന്‍. രാജ്കമല്‍ ഫിലിംസിന്റെ ചെന്നൈയിലെ ഓഫീസിലേക്ക് തലവന്‍ ടീമിനെ വിളിച്ചുവരുത്തിയാണ് കമല്‍ ഹാസന്‍ അഭിനന്ദനം അറിയിച്ചത്.

ഇന്ത്യന്‍ സിനിമയിലെ ഈ വിസ്മയതാരത്തിന്റെ അംഗീകാരത്തിനും പ്രോത്സാഹനത്തിനുമപ്പുറം ഇനി മറ്റൊന്നും കിട്ടാനില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തലവന്‍ ടീം പറഞ്ഞു. വ്യാഴാഴ്ചയാണ് തലവന്‍ ടീം കമല്‍ ഹാസനുമായി കൂടിക്കാഴ്ച നടത്തിയത്. ഷൂട്ടിങ് തിരക്കുകള്‍ മൂലം ബിജു മേനോന് ചെന്നൈയില്‍ എത്താന്‍ കഴിഞ്ഞില്ല. കമല്‍ഹാസനോടൊപ്പമുളള തലവന്‍ ടീമിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

ആസിഫ് അലിയും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവ്.