സൈബര്‍ ഇടങ്ങളിലെ തട്ടിപ്പുകള്‍ക്ക് എങ്ങനെ അറുതി വരുത്താമെന്ന് ഒരു വശത്ത് കൂലങ്കഷമായി ആലോചിക്കുന്ന പോലീസ്. മറു വശത്ത് സൈബര്‍ തട്ടിപ്പിന്റെ പുതിയ സാങ്കേതി വശങ്ങള്‍ പരീക്ഷിക്കുന്ന തട്ടിപ്പുകാര്‍. ഇതിനിടയില്‍ പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍. എത്രയൊക്കെ തട്ടിപ്പുകളില്‍ വീണാലും, വീണ്ടും വീണ്ടും പറ്റിക്കപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ വേറെയും. പണം ഇരട്ടിപ്പിക്കല്‍ തൊട്ട് രാജ്യത്തെ അന്വേഷണ ഏജന്‍സിയുടെ വേഷമിട്ടു വരെ സൈബര്‍ തട്ടിപ്പുകള്‍ പുരോഗമിക്കുകയാണ്. മോഷണത്തിന്റെ ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി കള്ളന്‍മാര്‍ ഹൈടെക് ആയപ്പോള്‍ പോലീസും കാലത്തിനനുസരിച്ചു മാറാന്‍ തീരുമാനിച്ചു.
അതാണ് സൈബര്‍സെല്ലും, സൈബര്‍ പോലീസ് വിംഗും വന്നത്. അതിനെ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നടത്തി. കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും അനന്ത സാധ്യതകള്‍ പഠിക്കുകയും അത് ഹൃദ്ദിസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സൈബര്‍ തട്ടിപ്പുകാരുടെ വല ചെറുക്കാന്‍ AI അടിസ്ഥാനപ്പെടുത്തി ടൂള്‍ വികസിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. നിര്‍മിതബുദ്ധി (എഐ) ഉപയോഗിച്ച് തട്ടിപ്പു നടത്താന്‍ തുടങ്ങുന്നതിനു മുമ്പു തന്നെ പോലീസ് നിര്‍മ്മിത ബുദഗ്ധി ഉപയോഗിച്ച് തട്ടിപ്പുകാരെ പിടിക്കാനിറങ്ങുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്.
തട്ടിപ്പുകാരെ തിരിച്ചറിഞ്ഞ്, കെണിയില്‍ വീഴാതിരിക്കാന്‍ പൊതുജനങ്ങളെ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിക്കുന്നത്. പദ്ധതി പൂര്‍ണമായും നടപ്പിലായി വരുമ്പോള്‍ ജനങ്ങള്‍ക്ക് ഫോണ്‍ നമ്പറുകള്‍, സമൂഹമാധ്യമ പ്രൊഫൈലുകള്‍, വെബ് ലിങ്കുകള്‍ എന്നിവ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള സൗകര്യം ഉണ്ടാകുമെന്നാണ് അറിയുന്നത്. പൊലീസിന്റെ POL_APP മൈബൈല്‍ ആപ്ലിക്കേഷനുമായി യോജിപ്പിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 200 കോടി രൂപയോളമാണ് സംസ്ഥാനതച്തു നിന്നും സൈബര്‍ കള്ളന്‍മാര്‍ അടിച്ചു മാറ്റിയത്. ചില കേസുകളില്‍ പണം വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും പരാതികള്‍ നല്‍കാന്‍ വൈകുന്നതിനാല്‍ പണം പിന്‍വലിച്ച് തട്ടിപ്പുകാര്‍ രക്ഷപ്പെടുകയാണ് പതിവ്.
ഇതു കണക്കിലെടുത്താണ് പുതിയ എ.ഐ ടൂള്‍ ആവിഷ്‌കരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ വഴിയാണ് ടൂള്‍ വികസിപ്പിക്കുന്നത്. സംശയം തോന്നുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍, വെബ് ലിങ്ക്, യൂആര്‍എല്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഈ ടൂളില്‍ നല്‍കിയാല്‍ വ്യാജമാണോ എന്നു തിരിച്ചറിയാന്‍ കഴിയും. മൂന്നു നിറത്തിലുള്ള കോഡിംഗാണ് ടൂളിലുള്ളത്. കൊടുക്കുന്ന വിവരങ്ങള്‍ യഥാര്‍ഥമാണെങ്കില്‍ അവ പച്ച നിറത്തില്‍ രേഖപ്പെടുത്തും. അത്തരം ലിങ്കുകള്‍ സുരക്ഷിതമാണെന്നു മനസ്സിലാക്കാം. എന്നാല്‍ തട്ടിപ്പിനു സാധ്യതയുള്ളതാണെങ്കില്‍ ചുവപ്പു നിരഥ്തില്‍ രേഖപ്പെടുത്തും. ടൂളിന് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ ഓറഞ്ച് നിറമാകും. ഈ ഘട്ടത്തില്‍ യൂസര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈനായ 1930ല്‍ ബന്ധപ്പെടണം.
സാമ്പത്തിക തട്ടിപ്പുകള്‍ കേരളത്തിലും വ്യാപകമാണെന്ന് തിരിച്ചറിഞ്ഞതോടെ1930 എന്ന സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ പൊലീസ് ആരംഭിച്ചു. 2024 ഏപ്രില്‍ വരെ ഈ നമ്പറിലേക്ക് 13,239 പരാതികളാണ് ലഭിച്ചത്. ആകെ 197.62 കോടി രൂപയുടെ തട്ടിപ്പാണ് കണക്കാക്കിയിരിക്കുന്നത്. അതില്‍ 29.49 കോടി വീണ്ടെടുക്കാനായെന്നത് അത്ഭുതമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട 10,094 ബാങ്ക് അക്കൗണ്ടുകളും 7290 സിം കാര്‍ഡുകളും 10,418 ഉപകരണങ്ങളും 7,126 വെബ്സൈറ്റുകളും 3,900 സാമൂഹ്യമാധ്യമ പ്രൊഫൈലുകളും 476 മൊബൈല്‍ ആപ്ലിക്കേഷനുകളും നിര്‍വീര്യമാക്കാനും കഴിഞ്ഞിട്ടുണ്ട്.
തട്ടിപ്പില്‍ വീഴുന്ന ഉന്നതര്‍
നഗരത്തില്‍ വ്യാപകമായി വലവിരിച്ചിരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങളുടെ കെണിയില്‍പ്പെട്ട് ഒരു മാസത്തിനുള്ളില്‍ പലര്‍ക്കും നഷ്ടമായത് കോടികള്‍. അധ്യാപകര്‍, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് തട്ടിപ്പിനിരയാത്. പല തരത്തില്‍ ബോധവല്‍ക്കരണം നടത്തിയിട്ടും അതൊന്നും ശ്രദ്ധിക്കാതെ വിദ്യാസമ്പന്നരായ ആളുകള്‍ പോലും ഇത്തരക്കാരുടെ തട്ടിപ്പില്‍ ചെന്നു വീഴുന്നത് വലിയ കഷ്ടമാണെന്നാണ് സൈബര്‍ പൊലീസ് പറയുന്നത്. തട്ടിപ്പിനിരയായ ശേഷവും പരാതി നല്‍കാന്‍ വൈകുന്നതിനാല്‍ തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുന്നില്ല.
കെണിയില്‍ വീണതിന്റെ നാണക്കേട് മൂലം പലരും വീട്ടിലുള്ളവരോടു പോലും വിവരം പറയുന്നില്ല. പരാതി ലഭിക്കാന്‍ വൈകുന്നതു മൂലം തട്ടിപ്പുകാര്‍ പണം പിന്‍വലിച്ച് രക്ഷപ്പെടുകയാണെന്നും സൈബര്‍ പൊലീസ് എ.സി.പി സി.എസ്.ഹരി മാധ്യമങ്ങളോടു പറയുന്നു. ഷെയര്‍ ട്രേഡിംഗിലൂടെ കോടികള്‍ ലാഭമുണ്ടാക്കുമെന്നു പറഞ്ഞും സര്‍പ്രൈസ് ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചും സൈബര്‍ പൊലീസ് ഓഫിസര്‍ ചമഞ്ഞ് ഭീഷണിപ്പെടുത്തിയും മറ്റുമാണ് ഉത്തരേന്ത്യന്‍ തട്ടിപ്പു സംഘങ്ങള്‍ കെണിയൊരുക്കി ഇരകളെ വീഴ്ത്തുന്നത്. ഇക്കഴിഞ്ഞ മാസം തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 22 ലക്ഷംരൂപ തട്ടിയത്, കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പേരു പറഞ്ഞാണ്.