കരിയറിന്റെ തുടക്കത്തില്‍ താന്‍ വേണ്ടെന്ന് വെച്ച സിനിമകളെ കുറിച്ച് തുറന്നുപറയുകയാണ് യുവനടി മംമ്ത മോഹന്‍ ദാസ്. തന്റെ ആദ്യ തെലുങ്ക് സിനിമയായ യമദൊങ്കെയുടെ സമയത്ത് അരുന്ധതി എന്ന സിനിമ വേണ്ടെന്ന് വെച്ചിരുന്നു എന്നും ഈ വിവരം സംവിധായകന്‍ രാജമൗലിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ശകാരിച്ചതായും മംമ്ത പറഞ്ഞു.
‘യമദൊങ്കെയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തെലുങ്ക് സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്ന് രാജമൗലി സര്‍ എന്നോട് പറഞ്ഞിരുന്നു. ആ സമയത്ത് ഞാന്‍ അരുന്ധതിയുടെ കഥയും കേട്ടിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് വെക്കേണ്ടി വന്നു. ഈ വിവരം രാജമൗലി സാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ശകാരിച്ചു. അഭിനയ ജീവിതത്തില്‍ ഞാന്‍ ചെയ്ത വലിയ മിസ്റ്റേക്കായിരുന്നു അതെന്ന് രാജമൗലി സര്‍ എന്നോട് പറഞ്ഞു’. അരുന്ധതി ചെയ്യാന്‍ പറ്റാഞ്ഞത് വലിയ തെറ്റായിപ്പോയെന്ന് തനിക്കും പിന്നീട് തോന്നിയതായി മംമ്ദ കൂട്ടിച്ചേര്‍ത്തു.
അരുന്ധതി വേണ്ടെന്ന് വെക്കാന്‍ കാരണം തന്റെ പഴയ മാനേജര്‍ ആണെന്നും നടി വ്യക്തമാക്കി. കഥ കേള്‍ക്കുന്ന സമയത്ത് അരുന്ധതിയുടെ ഡയറക്ടറുടെ കഴിഞ്ഞ കുറെ സിനിമകള്‍ക്ക് വേണ്ടത്ര വിജയം ലഭിച്ചില്ലെന്ന് മാനേജര്‍ തന്നോട് പറഞ്ഞിരുന്നു എന്നും അതാണ് സിനിമ വേണ്ടെന്ന് വെച്ചതെന്നും മംമ്ത പറഞ്ഞു. മലയാള സിനിമകളെക്കുറിച്ച് മാത്രമേ തനിക്ക് ആ സമയത്ത് ധാരണയുണ്ടായിരുന്നുളളു എന്നും നടി കൂട്ടിച്ചേര്‍ത്തു.
2005ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹന്‍ദാസ് സിനിമ രംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടിക്കൊപ്പമുളള ബസ് കണ്ടക്ടര്‍ എന്ന ചിത്രമാണ് കരിയറിലെ ശ്രദ്ധിക്കപ്പെടുന്ന ആദ്യ ചിത്രം. മലയാളത്തിന് പുറമെ നിരവധി അന്യഭാഷ ചിത്രങ്ങളിലും മംമ്ത അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം സംഗീതവും നടിയുടെ പാഷനാണ്.