ഗുജറാത്തിലെ വഡോദരയില്‍ സര്‍ക്കാര്‍ അനുവദിച്ച വീട്ടില്‍ ‘മുസ്ലീം’ എന്ന കാരണത്താല്‍ തന്നെ താമസക്കാര്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കാണിച്ച് പരാതി നല്‍കി യുവതി. ഗുജറാത്തിലെ മോത്നാഥ് റെസിഡന്‍സി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡിലെ ഒരു വിഭാഗം താമസക്കാരാണ് സര്‍ക്കാര്‍ അനുവദിച്ച ഫ്‌ളാറ്റ് അലോട്ട്‌മെന്റ് റദ്ദാക്കണമെന്ന് കാണിച്ച് പ്രതിഷേധം നടത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാരിയായ യുവതിയെ ഇവിടെ കയറാന്‍ സമ്മതിക്കില്ലെന്നും, ഈ പാര്‍പ്പിട സമുച്ചയം ഹിന്ദു ആധിപത്യത്തിലുള്ളതാണെന്നും കാണിച്ചാണ് പ്രതിഷേധക്കാര്‍ ഇപ്പോള്‍ സമരം നടത്തുന്നത്.
ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച് , 2017-ല്‍, 44 വയസ്സുള്ളതും സംരംഭകത്വ, നൈപുണ്യ വികസന മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന മുസ്ലീം സ്ത്രീക്ക് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (വിഎംസി) വീട് അനുവദിച്ചത്. താഴ്ന്ന വരുമാനമുള്ളവര്‍ക്ക്, മുഖ്യമന്ത്രി ആവാസ് യോജന വഴി നല്‍കുന്ന ഭവന സമുച്ചയത്തിന്റെ ഭാഗമായിട്ടാമ് നഗരത്തിലെ ഹാര്‍നി ജില്ലയില്‍ ഒരു ഫ്‌ളാറ്റ് അനുവദിച്ചത്. യുവതിയും മകനും ഫ്‌ളാറ്റില്‍ താമസിക്കാനായി എത്തിയപ്പോഴാണ് സമുച്ചയത്തിലെ 33 പേര്‍ തനിക്കെതിരെ നല്‍കിയ കത്തിനെക്കുറിച്ചറിയുന്നത്. 462 യൂണിറ്റ് സമുച്ചയത്തില്‍ അവര്‍ക്ക് അനുവദിച്ച വാസസ്ഥലം മാറ്റണമെന്നും, മറ്റൊരു ഭവന പദ്ധതിയിലേക്ക് ഇവരെ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് 33 താമസക്കാര്‍ കത്തു നല്‍കിയത്. ”പൊതുതാത്പര്യത്തിനുള്ള പ്രാതിനിധ്യം” എന്ന് വിശേഷിപ്പിച്ച്, ജില്ലാ കളക്ടര്‍, മേയര്‍, വിഎംസി കമ്മീഷണര്‍, വഡോദരയിലെ പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് പരാതി സമര്‍പ്പിച്ചത്.
”വിഎംസി ഒരു ന്യൂനപക്ഷ ഗുണഭോക്താവിന് 2019 മാര്‍ച്ചില്‍ 204 നമ്പര്‍ വീട് അനുവദിച്ചു. ഹാര്‍നി പ്രദേശം ഹിന്ദു ആധിപത്യമുള്ള ഒരു സമാധാന പ്രദേശമാണെന്നും ഏകദേശം നാല് കിലോമീറ്റര്‍ ചുറ്റളവില്‍ മുസ്ലീങ്ങള്‍ താമസിക്കുന്നില്ലെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. 461 കുടുംബങ്ങളുടെ സമാധാനപരമായ ജീവിതത്തിന് തീ കൊളുത്തുന്നതിന് തുല്യമാണിതെന്നും മുഴുവന്‍ പേരും ഒപ്പിട്ട കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തന്റെ അലോട്ട്‌മെന്റ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് 2020 ല്‍ താമസക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും (സിഎംഒ) കത്തെഴുതിയതായി യുവതി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 10 മുതലാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. ഇപ്പോള്‍ നഗരത്തിലെ മറ്റൊരു പ്രദേശത്ത് മാതാപിതാക്കളോടൊപ്പം താമസിക്കുന്നത്. ”ഞാന്‍ വഡോദരയിലെ ഒരു സമ്മിശ്ര ചുറ്റുപാടിലാണ് വളര്‍ന്നത്, എന്റെ കുടുംബം ഒരിക്കലും ‘ഗെട്ടോകളില്‍’ (ഒരു പ്രദേശത്ത് ഒരു മത, ജാതിയിലുള്ളവര്‍ താമിസിക്കുന്ന സ്ഥലം) എന്ന ആശയത്തില്‍ വിശ്വസിച്ചിരുന്നില്ല. എന്റെ മകന്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു അയല്‍പക്കത്ത് വളരണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചു, പക്ഷേ ഏകദേശം ആറ് വര്‍ഷമായി എന്റെ സ്വപ്നങ്ങള്‍ തകര്‍ന്നു, ഞാന്‍ നേരിടുന്ന എതിര്‍പ്പിന് ഒരു പരിഹാരവുമില്ല. എന്റെ മകന്‍ ഇപ്പോള്‍ 12-ാം ക്ലാസിലാണ്, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ തക്ക പ്രായമുണ്ട്. വിവേചനം അവനെ മാനസികമായി ബാധിക്കും. യുവതി പറഞ്ഞു.
മെയിന്റനന്‍സ് കുടിശ്ശിക സംബന്ധിച്ച് അടുത്തിടെ അവര്‍ തന്നോട് ബന്ധപ്പെട്ടിരുന്നുവെന്നും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ നല്‍കാമെന്ന് സമ്മതിച്ചതായും യുവതിയോട് പറഞ്ഞു. ഒറ്റത്തവണ മെയിന്റനന്‍സ് ചാര്‍ജായി 50,000 രൂപ വിഎംസിക്ക് നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .
നിരവധി താമസക്കാരുടെ എതിര്‍പ്പുകള്‍ക്കിടയില്‍, ഒരാള്‍ യുവതിയെ പിന്തുണച്ചു. സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഭോക്താവായതിനാല്‍ നിയമപരമായി ഫ്ളാറ്റ് അനുവദിച്ചതിനാല്‍ അവളുടെ അലോട്ട്മെന്റ് അസാധുവാക്കിയത് അന്യായമാണെന്ന് അദ്ദേഹം പറഞ്ഞു ”താമസക്കാരുടെ ആശങ്കകള്‍ സാധുവായിരിക്കാം, പക്ഷേ അവരുമായി ഇടപഴകാതെയാണ് ഇവിടെ ചിലര്‍ ആളുകളെ വിലയിരുത്തുന്നത്,” താമസക്കാരന്‍ പറഞ്ഞു.
നിയമം നടപ്പാക്കേണ്ടതായിരുന്നുവെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അഴിമതി നടന്നതായി താമസക്കാര്‍ ആരോപിക്കുന്നു.’ഗുജറാത്ത് സര്‍ക്കാര്‍ ഇവിടെ ഡിസ്റ്റര്‍ബന്‍സ് സെക്ഷന്‍ നടപ്പിലാക്കിയിട്ടുണ്ട്,’ താമസക്കാരനായ അതുല്‍ ഗമേച്ചി പറഞ്ഞു. ‘അതുകൊണ്ട് ഇവിടെ ഒരു ഹിന്ദു കോളനിയില്‍ മുസ്ലിമിന് ആര്‍ക്കും വീട് നല്‍കാന്‍ കഴിയില്ല. എന്നിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആ നിയമം നടപ്പിലാക്കാതെ മുസ്ലീമിന് വീട് നല്‍കി.’ എന്നാല്‍, ഈ ആരോപണങ്ങള്‍ വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിഷേധിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ശീതള്‍ മിസ്ത്രി വ്യക്തമാക്കി, ‘ഈ പദ്ധതിയുടെ ഭാഗ്യക്കുറി 2017-ലാണ് നടത്തിയത്. എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്, കൂടാതെ ആ നറുക്കെടുപ്പില്‍ ഒരു മുസ്ലീം സ്ത്രീക്ക് വീട് അനുവദിച്ചു. രേഖകള്‍ 2018-ല്‍ ഫയല്‍ ചെയ്തു. ഡിസ്റ്റര്‍ബ്ഡ് ഏരിയ ആക്ട് ഇവിടെ നടപ്പിലാക്കിക്കഴിഞ്ഞാല്‍, അത്തരം അലോട്ട്മെന്റുകള്‍ നിയമപരമായി റദ്ദാക്കാന്‍ കഴിയില്ല. താമസക്കാരുടെ പരാതിയുടെ വെളിച്ചത്തില്‍ വസ്തു ഒഴിയാന്‍ വീട്ടുടമസ്ഥനെ ബോധ്യപ്പെടുത്താന്‍ ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
സര്‍ക്കാര്‍ പദ്ധതികളില്‍ അപേക്ഷകരെയും ഗുണഭോക്താക്കളെയും മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാത്തതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നറുക്കെടുപ്പ് നടത്തിയതെന്ന് വിഎംസിയുടെ ഭവനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ”ഇത് രണ്ട് കക്ഷികളും അല്ലെങ്കില്‍ യോഗ്യതയുള്ള കോടതികളെ സമീപിച്ച് പരിഹരിക്കേണ്ട വിഷയമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.