എന്തായിരുന്നു വർഷങ്ങൾക്ക് ശേഷം സിനിമയ്ക്ക്ഇ ത്രയും ട്രോളുകൾ വരാനുള്ള കാരണം.. തിയേറ്ററിൽ വന്നപ്പോൾ എന്തുകെണ്ടായിരിക്കാം ഇത്രയും ട്രോളുകളും വിമർശനങ്ങളും ഉയർന്നു വരാതിരുന്നത്. ഒടിടി യിൽ വന്നപ്പോൾ മാത്രം ഇത്രയും ട്രോളുകൾ കൊണ്ടും പടം മൊത്തം ക്രിഞ്ച് ആണെന്നുള്ള പരാമർശവും ഉയർന്നു വരുന്നത്?
വെറും ഇന്റർവ്യൂ തള്ളുകൾ മാത്രമായിരുന്നോ ഈ പടം.? ഇത്രയും താരനിര അല്ലെങ്കിൽ താര പുത്രനും കൂട്ടുകാരും ചേർന്ന് ഹിറ്റടിച്ചു, അടിച്ചു കേറി വന്നു എന്നൊക്കെ നിന്ന് തള്ളിയിട്ടും ഒടിടി വന്നപ്പോൾ പടം പൊട്ടി..അമ്പാനേ… ഇതൊക്കെ ശ്രദ്ധിക്കണ്ടേ…
ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവനും ഇതാണ്, പടം എട്ടു നിലയിൽ പൊട്ടി, അങ്ങനെയൊരു ഫേസ് ബുക്ക് പോസ്റ്റാണിത്..
ശ്രീനിവാസൻ, മോഹൻലാൽ എന്നിവർ സിനിമയിൽ അവരവരുടെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ്. ആദ്യമാദ്യം അവസരങ്ങൾ ലഭിച്ചപ്പോൾ അവർ രണ്ടുപേരും പെർഫോം ചെയ്തത് ജന്മനാ അഭിനയിക്കാനുള്ള കഴിവും ത്വരയും പിന്നെ ഇവിടെ നിലനിൽക്കണം എന്ന ആഗ്രഹവും കൊണ്ടു മാത്രമാണ്. പക്ഷെ പോകെപ്പോകെ അവർ മികച്ച സംവിധായകരുടെ വർക്കുകളും നല്ല അഭിനേതാക്കളുടെ പ്രകടനങ്ങളും കാണുകയും പഠിക്കുകയും സ്വാംശീകരിക്കുകയും ചെയ്തു..
ഇപ്പോഴും അടങ്ങാനാവാത്ത ത്വരയോടെ അത് തുടരുകയും ചെയ്യുന്നു..
വിനീത് ആകട്ടെ പേരിനൊപ്പം കൂടെയുള്ള ശ്രീനിവാസൻ എന്ന ഭാരം ചുമക്കാനാവാതെ കഷ്ടപ്പെടുന്നു. തന്റെ സിനിമകളിൽ ആ ഭാരത്തെ ന്യായീകരിക്കാനായി വൃഥാ കഷ്ടപ്പെടുന്നു..
.(സിനിമയിൽ അല്ലായിരുന്നെങ്കിൽ/ശ്രീനിവാസൻ അഭിനയ, തിരക്കഥാ, സംവിധാനപ്രതിഭ അല്ലായിരുന്നെങ്കിൽ ആ പേരിന് ഭാരം ഉണ്ടാവുമായിരുന്നില്ല).
ഒരു ആദ്യ സിനിമയോ ഒരു തിരിച്ചുവരവ് സിനിമയോ ഉണ്ടാവാൻ ഒരാൾ ഒരുപാട് കഷ്ടപ്പെടാനുണ്ട് എന്ന് നമുക്കറിയാം. പക്ഷെ തുടർച്ചയായി സിനിമകൾ എടുക്കുന്ന ഒരാൾക്ക് തീർച്ചയായും അല്പം സ്വാതന്ത്ര്യം ഉണ്ടായേക്കും. ഒരു ക്രൂ കൂടെയുണ്ടായേക്കും. ഒരു ടീം കൂടെയുണ്ടായേക്കും. ആഗ്രഹിക്കുന്നതോ അത്യാഗ്രഹിക്കുന്നതോ ആയ ഒരു അഭിനേതാവിനെ ലഭിച്ചേക്കാം. സാഹചര്യങ്ങൾക്കനുസരിച്ച് പണം ലഭിക്കാനും സാധ്യതയുണ്ട്. അല്പം കൂടെ ലളിതമായിരിക്കാം സാഹചര്യങ്ങൾ..രജനീഷുമായുള്ള ഇന്റർവ്യൂവിൽ വിനീത് തന്നെ പറയുന്ന പോലെ ഹിഷാമിന് ഹൃദയം കൊടുക്കാൻ പ്ലാൻ ചെയ്യുമ്പോഴുണ്ടായ ആത്മസംഘർഷം ഇപ്പോൾ അയാൾക്ക് ഞാൻ ഒരു വർക്ക് കൊടുത്താൽ അയാൾക്ക് അതൊരു നല്ല ബ്രേക്ക് ആകും എന്ന തിരിച്ചറിവ് തന്നെയാണ്. അങ്ങനെ നോക്കിയാൽ ഇപ്പോൾ വിനീത് ഒരു സ്റ്റേബിൾ സ്റ്റേറ്റിലായിരിക്കാനിടയുണ്ട്.
പ്രണവ് എന്ന നടനാകട്ടെ, മറ്റുള്ളവരുടെ തീവ്രമായ നിർബന്ധം കാരണം കഷ്ടപ്പെട്ട് അഭിനയിക്കുകയാണ്. മോഹൻലാലിന്റെ നടപ്പ്, മോഹൻലാലിന്റെ ഛായ, മോഹൻലാലിന്റെ മാനറിസങ്ങൾ, മോഹൻലാൽ പണ്ടഭിനയിച്ച സിനിമകളിലെ രംഗങ്ങൾ, മോഹൻലാലിന്റെ മനോഹരമായ ഡയലോഗുകൾ, മോഹൻലാലിന്റെ സിനിമകളിലെ പാട്ടുകൾ അങ്ങനെ എല്ലാം പുനഃസൃഷ്ടിക്കാനായി അയാൾ നിർബന്ധിതനാകുന്നു..
ഫീൽ ഗുഡ് ജോണർ അവസാനിക്കുന്ന ഒന്നല്ല. പുതിയതായി ഇനിയുമെത്രയോ വിഷയങ്ങൾ ഫീൽഗുഡ് ജോണറിൽ പിറവിയെടുക്കാനിരിക്കുന്നു. അതിനായി പഴയ സിനിമകളെ പുനഃസൃഷ്ടിക്കുകയോ മറ്റു സിനിമകളെയോ അഭിനേതാക്കളെയോ രംഗങ്ങളെയോ എടുക്കുകയല്ല വേണ്ടത്. പുതിയ ഒരു സിനിമ ചെയ്യുന്ന ഒരാൾ അങ്ങനെയായാൽ അതിൽ അത്ഭുതം കാണേണ്ടതില്ല. പക്ഷെ എസ്റ്റാബ്ലിഷ്ഡ് ആയ ഒരു സംവിധായകൻ ആശയദാരിദ്ര്യമുള്ള പോലെ ഈ വിഷയങ്ങളെ ഉപയോഗപ്പെടുത്തുമ്പോൾ കല്ല് കടിക്കുന്നു..
സത്യത്തിൽ നിവിൻ ആയിരുന്നു ഈ സിനിമയുടെ ആശ്വാസം..ഫാന്റം പൈലി എന്ന സിനിമയിലെ ധിം ധിമത്തായി, ഇവിടം സ്വർഗ്ഗമാണ് എന്ന സിനിമയിലെ ആലുവ ചാണ്ടി എന്നീ കഥാപാത്രങ്ങളേപ്പോലെ സ്വന്തമായി കാരക്ടർ ഉള്ള മറ്റൊരു കഥാപാത്രം.. അതിൽ നിന്ന് തുടങ്ങിയ മറ്റൊരു കഥയ്ക്കും മറ്റൊരു സിനിമയ്ക്കും സ്കോപ്പ് ഉള്ള കഥാപാത്രം.
നല്ലതൊന്നുമില്ല എന്നല്ല…ധ്യാനും പ്രണവും പരസ്പരം സൃഷ്ടിച്ചെടുത്ത സൗഹൃദത്തിൽ ഉരുവായ ചില മാനറിസങ്ങൾ – one two three ക്ലാപ്, അജുവിന്റെ പെർഫോമൻസ്, ഷാൻ റഹ്‌മാന്റെ മേക്ക് ഓവർ ഒക്കെ ക്ലാസ് എന്നു തോന്നി..
നാടോടിക്കാറ്റും അയാൾ കഥയെഴുതുകയാണും ഒക്കെ ടീവിയിൽ വരുമ്പോൾ തച്ചിനിരുന്ന് കാണുമ്പോലെ വർഷങ്ങൾക്കു ശേഷം, “വർഷങ്ങൾക്ക് ശേഷം” ടീവിയിൽ വരുമ്പോൾ കാണാൻ തോന്നിക്കണ്ടേ?