ആനയെയും ആനപ്പിണ്ടത്തെയും പേടിക്കേണ്ട കാലമാണിപ്പോള്‍. നേതാവ് ഭരിക്കുകയും കുട്ടി നേതാക്കള്‍ കാര്യങ്ങള്‍ തീര്‍പ്പാക്കുകയും ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ടത് നാട്ടിലെ നിയമങ്ങളും, ജനങ്ങളുമാണെന്ന് സാരം. അതായത്, ടൂറിസ്റ്റ് ബസുകളുടെ മരണയോട്ടവും, കൊലയാളിത്തരങ്ങള്‍ക്കും മൂക്കു കയറിടാനായി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഏര്‍പ്പെടുത്തിയ ഒരു പരിഷ്‌ക്കാരമാണ് വെള്ള നിറം. ഓന്തിനെപ്പോലെ നാള്‍ക്കുനാള്‍ നിറം മാറിക്കൊണ്ടിരിക്കുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകളെക്കൊണ്ട് നിരത്തുകളില്‍ ശല്യം കൂടിയപ്പോഴാണ് ഈ നിറ നിയമം പ്രാവ ര്‍ത്തികമാക്കിയത്.
ഇതോടെ സാത്താനും, ഡ്രാക്കുളയും, ആനയും പുലിയും, ബാഹുബലിയുമെല്ലാം ബസ്സിന്റെ ബോഡി വിട്ടു പോവുകയും ചെയ്തു. പകരം തൂ വെള്ള നിറമായി മാറി. എന്നാല്‍, കൊണ്ടുവന്ന നിയമങ്ങള്‍ ഇപ്പോഴും അങ്ങനെതന്നെ പാലിക്കുന്നുണ്ടോ എന്നു ചോദിക്കരുത്. മറുപടി പറയാന്‍ മന്ത്രിയെന്നല്ല, തന്ത്രിക്കു പോലും പറ്റില്ല. കാരണം, നിയമം പാലിക്കാന്‍ ആരും തയ്യാറാകില്ല എന്നതു തന്നെ. അല്ലെങ്കില്‍ ആ നിയമത്തെ പാടെ എടുത്തു കിണറ്റിലിടാനാകും പിന്നീടുള്ള ശ്രമങ്ങള്‍. ഇതിന്റെ ഭാഗമായാണ് ഗതാഗതമന്ത്രി ഗണേഷ്‌കുമറിന്റെ പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവിന്റെ വെല്ലുവിളി.
ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റുമെന്ന് വെല്ലുവിളിച്ചിരിക്കുന്നത് വെറുതെയല്ല. ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം ഒഴിയും മുമ്പ് കേരളത്തിലെ ടൂറിസ്റ്റ് ബസുകള്‍ക്ക് കളറടിച്ചിരിക്കുമെന്നാണ് വെല്ലുവിളി. കേരള കോണ്‍ഗ്രസ്(ബി) യൂത്ത് ഫ്രണ്ട് കൊല്ലം ജില്ലാ പ്രസിഡന്റ് രാജേഷ് കുമാര്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ രാജേഷ് കുമാര്‍ അയച്ച ഓഡിയോ സന്ദേശമാണ് പ്രചരിച്ചിക്കുന്നത്. ‘കളര്‍ വരുമെന്ന് പറഞ്ഞാല്‍ അത് വന്നിരിക്കും, ഒരു മാറ്റവുമില്ലെന്നും ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം ഒഴിയും മുമ്പ് കേരളത്തിലെ ടൂറിസ്റ്റ് ബസുകള്‍ക്ക് കളറടിച്ചിരിക്കുമെന്നുമാണ് നേതാവ് പറയുന്നത്.
നിലവില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ബാധകമായ വെള്ള നിറത്തിലുള്ള കളര്‍ കോഡ് നിയമത്തില്‍ മാറ്റം വരുത്താന്‍ ഗതാഗത വകുപ്പ് നീക്കം നടത്തുന്നതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ഗതാഗത മന്ത്രിയുടെ പാര്‍ട്ടിയിലെ യുവജന നേതാവിന്റെ ഓഡിയോ സന്ദേശവും പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഓഡിയോ വിവാദമായതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രാജേഷ് കുമാര്‍ രംഗത്തെത്തി. സുഹൃത്തുക്കള്‍ക്ക് ഇടയില്‍ പറഞ്ഞ കാര്യമാണെന്നും, പാര്‍ട്ടി നിലപാട് അല്ലെന്നുമാണ് രാജേഷ് കുമാറിന്റെ വിശദീകരണം. ബസിന്റെ കളര്‍ മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും രാജേഷ് കുമാര്‍ വിശദീകരിച്ചു.