മുന്‍ ക്രിക്കറ്റതാരവും തൃണമൂല്‍ എംപിയുമായ യൂസഫ് പഠാന്‍ ഭൂമി കൈയ്യേറിയതായി ആരോപണം. ബിജെപി ഭരിക്കുന്ന വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (വിഎംസി) ആണ് യൂസഫ് പഠാന് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതായി കാണിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജൂണ്‍ ആറിന് പഠാന് നോട്ടീസ് നല്‍കിയിരുന്നുതായി വി.എം.സി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശീതള്‍ മിസ്ത്രി വ്യാഴാഴ്ച മാധ്യമ സമ്മേളനത്തില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 2012ല്‍ പത്താന് പ്ലോട്ട് വില്‍ക്കാനുള്ള വിഎംസിയുടെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചിട്ടും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപി കോമ്പൗണ്ട് മതില്‍ കെട്ടി ഭൂമി കയ്യേറിയെന്ന് ആരോപിച്ച് ബിജെപി മുന്‍ കൗണ്‍സിലര്‍ വിജയ് പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
”എനിക്ക് യൂസഫ് പത്താനോട് യാതൊരു വിരോധവുമില്ല. ടിപി 22-ന് കീഴിലുള്ള തനാഡാല്‍ജ ഏരിയയിലെ ഒരു പ്ലോട്ട് വിഎംസിയുടെ ഉടമസ്ഥതയിലുള്ള ഒരു റെസിഡന്‍ഷ്യല്‍ പ്ലോട്ടാണ്. 2012ല്‍ പത്താന്‍ വിഎംസിയോട് ഈ സ്ഥലം ആവശ്യപ്പെട്ടത് അന്ന് നിര്‍മാണത്തിലിരുന്ന തന്റെ വീട് ആ പ്ലോട്ടിനോട് ചേര്‍ന്നാണ്. ഒരു ചതുരശ്ര മീറ്ററിന് ഏകദേശം 57,000 രൂപ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു , ”പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അക്കാലത്ത് വിഎംസി ഈ നിര്‍ദ്ദേശം അംഗീകരിക്കുകയും ജനറല്‍ ബോര്‍ഡ് മീറ്റിംഗില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ അന്തിമ അധികാരമുള്ള സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നും പവാര്‍ പറഞ്ഞു.
2012ല്‍ 978 ചതുരശ്ര മീറ്റര്‍ സ്ഥലം യൂസഫിന് വില്‍ക്കാനുള്ള നിര്‍ദ്ദേശം ഗുജറാത്ത് സര്‍ക്കാര്‍ നിരസിച്ചതായി ബറോഡ മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശീതള്‍ മിസ്ത്രി പറഞ്ഞു. അതിന് പിന്നാലെയാണ് മുന്‍ ക്രിക്കറ്റ് താരം ആ ഭൂമി കൈയേറിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതിനാലാണ് ഇയാള്‍ക്ക് നഗരസഭ നോട്ടീസ് അയച്ചിരിക്കുന്നത്. യൂസഫ് ആ ഭൂമിയില്‍ മതില്‍ കെട്ടുന്നതായി അടുത്തിടെ ഞങ്ങള്‍ക്ക് വാര്‍ത്ത ലഭിച്ചു. അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തിന് 6ന് നോട്ടീസ് അയച്ചു. മതില്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ രണ്ടാഴ്ച കാത്തിരിക്കും. അതിന് ശേഷം അടുത്ത നടപടിയെക്കുറിച്ച് ആലോചിക്കും. ഈ സ്ഥലം മുനിസിപ്പാലിറ്റിയുടേതാണ്, ഞങ്ങള്‍ തിരിച്ചെടുക്കും.
നേരത്തെ, 2012ല്‍ യൂസഫിന്റെ വീട് നിര്‍മാണം നടക്കുമ്പോള്‍ സമീപത്തെ ഈ സ്ഥലം വലിയ വിലയ്ക്ക് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നതായി ബിജെപി കൗണ്‍സിലര്‍ പറഞ്ഞു. ഒരു ചതുരശ്ര മീറ്ററിന് 57,000 രൂപ നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. നഗരസഭാ ബോര്‍ഡ് യോഗത്തിലാണ് നിര്‍ദേശം പാസാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ ആത്യന്തികമായി ഭൂമി വില്‍ക്കാന്‍ അനുവദിച്ചില്ല. സ്ഥലം കൈയേറിയതായി നഗരസഭയെ അറിയിച്ചത് താനാണെന്ന് കൗണ്‍സിലര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.