ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം ‘ഹമാരാ ബാരാഹി’ന്റെ റിലീസ് തടഞ്ഞ് സുപ്രീംകോടതി. ടീസറിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും പ്രകോപനപരമാണെന്ന കാരണത്താലാണ് നടപടി. സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അസ്ഹര്‍ ബാഷ തംബോലി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ടീസര്‍ കണ്ടു എന്നും അതിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ഇത്രയേറെ പ്രകോപനപരമാണെങ്കില്‍ സിനിമയിലെന്താകുമെന്നും സുപ്രീംകോടതി ചോദിച്ചു. നേരത്തെ ഹമാരാ ബാരാഹിന്റെ റിലീസ് കര്‍ണാടകയിലും തടഞ്ഞിരുന്നു.
ഇസ്ലാമിക വിശ്വാസത്തെയും വിവാഹിതരായ മുസ്ലീം സ്ത്രീകളെയും അവഹേളിക്കുന്നതാണ് ഈ സിനിമ എന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ പരാതി നല്‍കിയത്. അസ്ഹര്‍ ബാഷ തംബോലി സമര്‍പ്പിച്ച ഹര്‍ജിയില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ബോംബെ ഹൈക്കോടതിയോട് ബെഞ്ച് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സിനിമയുടെ റിലീസ് തടഞ്ഞത്.