സിനിമകളില്‍ വയലന്‍സ് കാണിക്കുന്നത് തനിക്ക് കാണാന്‍ കഴിയില്ലെന്ന് യുവനടി കനി കുസൃതി. ഒരു പ്രേക്ഷകയെന്ന നിലയില്‍ അതൊന്നും താന്‍ കാണാന്‍ ശ്രമിക്കാറില്ലെന്നും തന്റെ മനസ് ഇപ്പോഴും അതിനൊന്നും പാകപ്പെട്ടിട്ടില്ലെന്നും കനി പറഞ്ഞു. താന്‍ ആദ്യമായി ഇടി കണ്ട സിനിമ ആവേശം ആണെന്നും ചെറുപ്പത്തില്‍ ഇടിയൊന്നും കാണാനുള്ള മനശക്തി തനിക്കില്ലായിരുന്നുവെന്നും കനി കൂട്ടിച്ചേര്‍ത്തു.
ഇന്ന് വരെ താനൊരു പടത്തിലും ഇടി കണ്ടിട്ടില്ലെന്നും ഇടി വരുമ്പോള്‍ കണ്ണും ചെവിയും പൊത്തിയാണ് ഇരിക്കാറുളളതെന്നും വീട്ടില്‍ ആണെങ്കില്‍ താന്‍ പുറത്തേക്ക് ഇറങ്ങി ഓടുമായിരുന്നു എന്നും കനി കുസൃതി പറഞ്ഞു. ‘സിനിമയില്‍ കൊലപാതകം കാണിക്കുന്നത് എനിക്ക് ഇപ്പോഴും ഓക്കെയല്ല. സിനിമയിലെ വയലന്‍സും ആരെയെങ്കിലും കൊല്ലുന്നതുമൊന്നും കാണാന്‍ എനിക്ക് ഓക്കെയല്ല. ഒരു പ്രേക്ഷക എന്ന നിലയ്ക്ക് ഞാന്‍ പലപ്പോഴും അതെല്ലാം കാണാതിരിക്കാനേ ശ്രമിക്കുകയുള്ളൂ. എന്നാല്‍ എത്രയോ പേര്‍ ഒരാളെ കൊല്ലുന്നത് കുഴപ്പമില്ലാതെ കാണുന്നുണ്ട്. അത് ഒട്ടും ഓക്കെ അല്ലാത്ത പ്രേക്ഷകയാണ് ഞാന്‍. സിനിമകളിലൊക്കെ റേപ്പ് സീനുകള്‍ വിഷ്വലി കാണിക്കുന്നതൊന്നും എനിക്ക് പറ്റില്ല. പക്ഷെ കുറെ പേര്‍ അത് കാണുന്നുണ്ട്. അതൊന്നും കാണാന്‍ എന്റെ മനസിപ്പോഴും പാകപ്പെട്ടിട്ടില്ല. കാരണം എനിക്കത് കാണാനുള്ള ഒരു മനശക്തി ഉണ്ടായിട്ടില്ല. എല്ലാ കാര്യത്തിലും മനശക്തി ആളുകള്‍ക്ക് ഉണ്ടാവണം എന്നില്ലല്ലോ. ഒട്ടും ഉള്‍കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ അത് നമ്മളെ നന്നായി ബാധിക്കാം. അങ്ങനെയൊരു സമൂഹമാണല്ലോ ഇവിടെയുള്ളത്,’ കനി കുസൃതി പറയുന്നു.
കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യന്‍ ചിത്രമായ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് അടക്കം ഒരുപിടി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള നടിയാണ് കനി കുസൃതി. 2009ല്‍ കേരള കഫേ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നടി ശ്രദ്ധേയയായത്. തുടര്‍ന്ന് 2019ല്‍ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹയായി. ബിരിയാണി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം.