റെസിഡൻസി സേവനങ്ങൾക്കായുള്ള ആമർ കേന്ദ്രങ്ങളുടെ എണ്ണം 75-ലേക്ക് ഉയർത്തിയതായി താമസ കുടിയേറ്റവകുപ്പ് അധികൃതർ (ജി.ഡി.ആർ.എഫ്.എ.) പറഞ്ഞു. കഴിഞ്ഞ വർഷാവസാനത്തോടെ 49,25,939 ഇടപാടുകൾ കേന്ദ്രം പൂർത്തിയാക്കി. ഓരോവർഷവും ഇടപാടുകളുടെ എണ്ണത്തിൽ 21.3 ശതമാനം വർധനവുണ്ട്.
ഈവർഷം ജനുവരിമുതൽ ഏപ്രിൽവരെയായി 15,94,644 ഇടപാടുകൾ പൂർത്തിയാക്കി. തൊഴിൽ പെർമിറ്റ്, താമസവിസ, ഫ്രീ സോൺ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ, റെസിഡൻസി റദ്ദാക്കൽ, എക്സിറ്റ് പെർമിറ്റ്, ഡിപ്പാർച്ചർ പെർമിറ്റ് എന്നിവയുൾപ്പെടെ ഒട്ടേറെ സേവനങ്ങളാണ് ആമർ കേന്ദ്രം നൽകുന്നത്.
സാമ്പത്തിക വിനോദസഞ്ചാരവകുപ്പ്, മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം, ദുബായ് മുനിസിപ്പാലിറ്റി എന്നിവ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളും കേന്ദ്രം ലഭ്യമാക്കുന്നുണ്ട്. നിലവിൽ 893 സ്വദേശി പൗരർ കേന്ദ്രങ്ങളിൽ ജോലിചെയ്യുന്നുണ്ട്. ജി.ഡി.ആർ.എഫ്.എ.യാണ് എമിറേറ്റിലെ ആമർ കേന്ദ്രങ്ങളുടെ മേൽനോട്ടംവഹിക്കുന്നത്.
പ്രവർത്തനങ്ങൾ വിലയിരുത്താനായി ഉദ്യോഗസ്ഥർ ആമർ കേന്ദ്രങ്ങൾ സന്ദർശിക്കാറുമുണ്ട്. വിവിധ ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ആമർ കേന്ദ്രങ്ങളുടെ സേവനങ്ങൾ തുടർന്നും വിപുലീകരിക്കുമെന്ന് ആമർ റെഗുലർ സെന്ററുകളുടെ മേധാവി മേജർ മർവാൻ മുഹമ്മദ് ബെൽഹാസ പറഞ്ഞു.