മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ ആരോപണവുമായി മുംബൈയിലെ പ്രമുഖ വ്യാപാരി പൃഥ്വിരാജ് സാരെമല്‍ കോത്താരി. ഇരുവരും ചേര്‍ന്ന് തന്നെ വഞ്ചിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മുംബൈ സെഷന്‍സ് കോടതി ഉത്തരവിട്ടു.
ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനം സ്വര്‍ണ്ണ നിക്ഷേപത്തില്‍ ലാഭകരമായ വരുമാനം വാഗ്ദാനം ചെയ്യുന്ന ‘സത്യുഗ് ഗോള്‍ഡ്’ എന്ന നിക്ഷേപ പദ്ധതി ആരംഭിച്ചിരുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ കണക്കിലെടുക്കാതെ നിക്ഷേപകര്‍ക്ക് ഒരു നിശ്ചിത നിരക്കില്‍ സ്വര്‍ണ്ണം എപ്പോഴും നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നതായിരുന്നു പദ്ധതി. പദ്ധതിയില്‍ ഗണ്യമായ തുക നിക്ഷേപിക്കാന്‍ പ്രതികള്‍ തന്നെ പ്രേരിപ്പിച്ചതായി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോത്താരി പറയുന്നു. ശില്‍പ ഷെട്ടിയുടെയും കുന്ദ്രയുടെ ഉറപ്പ് പ്രകാരം നിയമസാധുതയെക്കുറിച്ചും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണ്ണം കൃത്യമായി ലഭിക്കുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതിന്റെയും റിപ്പോര്‍ട്ടുണ്ട്.
തുടര്‍ന്ന് കോത്താരി 90,38,600 രൂപ പദ്ധതിയില്‍ നിക്ഷേപിച്ചു. എന്നാല്‍ പദ്ധതി കാലവധി തീര്‍ന്ന ഏപ്രില്‍ 2019ന് പറഞ്ഞ സ്വര്‍ണ്ണം തനിക്ക് ലഭിച്ചില്ലെന്ന് കോത്താരി ആരോപിക്കുന്നു. ശില്‍പ ഷെട്ടി കുന്ദ്ര ഒപ്പിട്ട കവറിംഗ് ലെറ്ററും സത്യുഗ് ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഇന്‍വോയ്‌സും ഉള്‍പ്പെടെയുളള രേഖകള്‍ പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസിനോട് നിര്‍ദേശിച്ചു. ഈ വര്‍ഷം ആദ്യം മറ്റൊരു പദ്ധതി തട്ടിപ്പിന്റെ പേരില്‍ രാജ് കുന്ദ്രയുടെ 97.79 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു.