UAE

ബലി പെരുന്നാള്‍ : യുഎഇയില്‍ നമസ്‌ക്കാര സമയം, ദുബായ് മെട്രോ സമയം , ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

ബലി പെരുന്നാള്‍ പ്രമാണിച്ച് ഔദ്യോഗിക അവധി ദിവസങ്ങളായ ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വ വരെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലുകളിലൊഴികെ നാല് ദിവസത്തെ സൗജന്യ പൊതു പാര്‍ക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). പാര്‍ക്കിംഗ് നിരക്ക് ജൂണ്‍ 19-ന് പുനരാരംഭിക്കും. അതേസമയം, ഷാര്‍ജയില്‍ ജൂണ്‍ 16 മുതല്‍ 18 വരെയാണ് പാര്‍ക്കിംഗ് സൗജന്യം. എന്നാല്‍ നീല ചിഹ്നങ്ങളാല്‍ തിരിച്ചറിയപ്പെടുന്ന പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സോണുകള്‍ക്ക് ഇത് ബാധകമല്ല.

പള്ളികളിലെ നമസ്‌ക്കാര സമയങ്ങള്‍:

ബലി പെരുന്നാളിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് പെരുന്നാള്‍ നമസ്‌കാരം. ആബാലവൃദ്ധം ജനങ്ങള്‍ പുതുവസ്ത്രങ്ങളുമണിഞ്ഞ് ഈദ്ഗാഹുകളിലേക്കോ പള്ളികളിലോക്കോ പ്രാര്‍ഥനയ്ക്കായി രാവിലെ തന്നെ പുറപ്പെടും. എവിടെയും രാവിലെ മുതല്‍ തന്നെ തക്ബീറുകള്‍ മുഴങ്ങും. വിവിധ എമിറേറ്റുകളിലെ പെരുന്നാള്‍ നമസ്‌കാര സമയം ചുവടെ:-

അബുദാബി സിറ്റി: രാവിലെ 5.50
അല്‍ഐന്‍: രാവിലെ 5.44
ദുബായ്: രാവിലെ 5.45
ഷാര്‍ജ: രാവിലെ 5.44
അജ്മാന്‍: രാവിലെ 5.44
ഉമ്മുല്‍ഖുവൈന്‍: രാവിലെ 5.43
റാസല്‍ഖൈമ: രാവിലെ 5.41
ഫുജൈറ: രാവിലെ 5.41

മെട്രോ, ട്രാം സമയത്തില്‍ മാറ്റം

ബലി പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബായ് മെട്രോയുടെയും ദുബായ് ട്രാമിന്റെയും പുതുക്കിയ പ്രവര്‍ത്തന സമയം ഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. ചുവപ്പ്, പച്ച ലൈനുകള്‍ വെള്ളി, ശനി ദിവസങ്ങളില്‍ (ജൂണ്‍ 14, 15) രാവിലെ 5 മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1 മണി വരെ പ്രവര്‍ത്തിക്കും. ജൂണ്‍ 16 ഞായറാഴ്ച രാവിലെ 8 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1 മണി വരെ. തിങ്കള്‍ മുതല്‍ വെള്ളി വരെ (ജൂണ്‍ 17-21) ദിവസങ്ങളില്‍ രാവിലെ 5 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1 മണി വരെ. ദുബായ് ട്രാം ശനിയാഴ്ച രാവിലെ 6 മുതല്‍ പുലര്‍ച്ചെ 1 മണി വരെയും ഞായറാഴ്ച രാവിലെ 9 മുതല്‍ പുലര്‍ച്ചെ 1 മണി വരെയും പ്രവര്‍ത്തിക്കും. തിങ്കള്‍ മുതല്‍ ശനി വരെ (ജൂണ്‍ 17-21) രാവിലെ 6 മുതല്‍ 1 വരെ.

ബസ് ഷെഡ്യൂളിലും മാറ്റം

അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്നുള്ള ബസ് റൂട്ട് ഇ100 ജൂണ്‍ 14 മുതല്‍ 18 വരെ പ്രവര്‍ത്തിക്കില്ല. പകരം ദുബായിലെ ഇബ്ന്‍ ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്ന് അബുദാബിയിലേക്കുള്ള ബസ് റൂട്ട് ഇ101 ല്‍ യാത്ര ചെയ്യാം. അല്‍ ജാഫിലിയ ബസ് സ്റ്റേഷനില്‍ നിന്നുള്ള ബസ് റൂട്ട് ഇ102 ജൂണ്‍ 14 മുതല്‍ 18 വരെ പ്രവര്‍ത്തിക്കില്ല. യാത്രക്കാര്‍ക്ക് ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്ന് മുസഫ കമ്മ്യൂണിറ്റിയിലേക്ക് ഇതേ ലൈന്‍ ഉപയോഗിക്കാം. വാട്ടര്‍ ടാക്സി, ദുബായ് ഫെറി, അബ്ര എന്നിവയുള്‍പ്പെടെ സമുദ്രഗതാഗതത്തിനുള്ള പ്രവര്‍ത്തന സമയവും ആര്‍ടിഎ ആപ്പില്‍ ലഭ്യമാണ്.