കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ രണ്ട് വിദ്യാർഥികൾ അരളി പൂ കഴിച്ചതായി സംശയം. കടയിരുപ്പ് ഗവൺമെന്റ് ഹൈസ്‌കൂളിലെ രണ്ട് കുട്ടികളെ ഛർദിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അരളി പൂ കഴിച്ചെന്ന് വിദ്യാർഥികൾ ഡോക്ടറോട് പറഞ്ഞതായാണ് വിവരം.
ഇന്ന് രാവിലെ ക്ലാസില്‍വെച്ച് തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സിഎച്ച്‌സിയില്‍ എത്തിച്ചിരുന്നു. രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇരുവരെയും 24 മണിക്കൂർ നിരീക്ഷിച്ച ശേഷം തുടർ ചികിത്സയിലേക്ക് കടക്കും.
അരളിച്ചെടിയുടെ പൂവ് കഴിച്ച് യുവതി മരണപ്പെട്ടതിന് പിന്നാലെ അരളിയിലെ വിഷാംശം ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും മറ്റു ചില ക്ഷേത്രങ്ങളിലും നിവേദ്യത്തിലും പൂജയ്ക്കും അരളി ഉപയോഗിക്കുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.