Kerala

ഒപ്പമുള്ളവരെ വിളിച്ചുണര്‍ത്തി രക്ഷപ്പെടുത്തി, പക്ഷേ സ്വയം രക്ഷപ്പെടാനാവാതെ നൂഹ്

തിരൂർ: കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച തിരൂർ സ്വദേശി നൂഹ് മരണത്തിലേക്ക് പോയത് കൂടെ ഉള്ളവർക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കിയ ശേഷം. കൂടെ താമസിച്ചവരെ അപകട വിവരം അറിയിച്ച്‌ രക്ഷപെടാൻ നിർദ്ദേശം നൽകിയ ശേഷമാണ് നൂഹ് പുക നിറഞ്ഞിടത്ത് പെട്ടു പോയത്. കുവൈത്തിലെ നൂഹിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്.

അ​ഗ്നിബാധയുള്ള കെട്ടിടത്തിലുണ്ടായിരുന്ന നൂഹ് സുരക്ഷിതനായിരുന്നുവെന്നും എന്നാൽ പിന്നീട് ഒപ്പമുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽപ്പെടുകയായിരുന്നുവെന്നുമാണ് നാട്ടിലുള്ള സുഹൃത്തുകൾക്കും ബന്ധുക്കൾക്കും ലഭിച്ച വിവരം. തീപിടുത്തമുണ്ടായതായി അറിഞ്ഞ നൂഹ് ഉടനെ നൂഹ് ഒപ്പമുള്ളവരോട് മുകളിലെ നിലകളിലേക്കും ടെറസിലേക്കും മാറാൻ ആവശ്യപ്പെട്ടു. മറ്റുള്ളവരെ കൂടി മാറ്റാനുള്ള ശ്രമത്തിനിടെ നൂഹ് താഴത്തെ നിലയിലേക്ക് പോകുകയും അവിടെ നിറഞ്ഞ കറുത്ത പുക ശ്വസിച്ച് കുടുങ്ങി പോകുകയും ചെയ്തുവെന്നാണ് നാട്ടിലുള്ളവ‍ർക്ക് ലഭിക്കുന്ന വിവരം.

11 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്ന തിരൂര്‍ കൂട്ടായി കോതപറമ്പ് സ്വദേശി നൂഹ് നാല് മാസം മുന്‍പാണ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് പോയത്. ഹൃദ്രോഗിയായിരുന്നിട്ടും കടബാധ്യതയെ തുര്‍ടര്‍ന്നായിരുന്നു നൂഹ് പ്രവാസം തുടര്‍ന്നത്. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏകഅത്താണിയായിരുന്ന നൂഹ്.

9, 11, 13 വയസുള്ള മൂന്ന് പെണ്‍കുട്ടികളാണ് നൂഹിനുള്ളത്. രണ്ട് മാസം മുമ്പ് അവസാനമായി നാട്ടില്‍ വന്നുപോകാന്‍ സാധിച്ചു. ഹൃദ്രോഗിയായിരുന്ന നൂഹിന് ശ്വാസ സംബന്ധമായ അസുഖവുമുണ്ടായിരുന്നു. ഇതാകാം പെട്ടന്ന് മരണം സംഭവിച്ചതിന് കാരണമെന്ന് ബന്ധുക്കള്‍ കരുതുന്നു. ബറത്താണ് ഭാര്യ. മക്കള്‍-ഫാത്തിമ, നഫ്‌ല, ഫാത്തിമ നസ്വ, ഫാത്തിമ നജ്‌ല.

കൂട്ടായി റാത്തീബ് ജുമാ മസ്ജിദില്‍ ആണ് നൂഹിന്റെ മൃതദേഹം ഖബറടക്കിയത്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളാണ് മയ്യത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്.