ബെംഗളൂരു: പോക്സോ കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് ആശ്വാസം. യെദ്യൂരപ്പയുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു. ജൂൺ 17ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുൻപാകെ കുറ്റപത്രം സമർപ്പിക്കണം എന്നതിനാലാണ് അറസ്റ്റ് വാറന്റിന് അനുമതി തേടിയത് എന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസം വൈകി യെദ്യൂരപ്പ ഹാജരാകുന്നത് കൊണ്ട് സ്വർഗം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ എന്ന് ചോദിച്ച കോടതി ജൂൺ 17 വരെ അറസ്റ്റ് പാടില്ല എന്നും നിർദ്ദേശം നൽകി.
കുറ്റാരോപിതന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് അനുമതി നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ ജൂൺ 11ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്നായിരുന്നു ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റ് ആവശ്യപ്പെട്ടത്. നിലവിൽ ഡൽഹിയിലായതിനാൽ 17നു മാത്രമേ ഹാജരാകാനാകൂ എന്ന് യെദിയൂരപ്പ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ യെദിയൂരപ്പയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പ മറുപടി നൽകിയത്. എന്നാൽ പോക്സോ കേസ് ആയതിനാൽ ജൂൺ 15ന് മുൻപ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അന്വേഷണ സംഘം നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബംഗളുരു കോടതി പുറത്തിറക്കിയത്. തുടർന്നാണ് അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് യെദിയൂരപ്പ കർണാടക ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവിനോടൊപ്പം പീഡനപരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ മാർച്ച് 14ന് സദാശിവ നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. അർബുദ ബാധിതയായി ചികിത്സയിലിരിക്കെ മേയ് 26ന് പരാതിക്കാരി മരിച്ചു.