കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പോസ്റ്റര്‍ പുറത്തിറക്കിയത് യൂത്ത് ലീഗ് നേതാവ് അല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. യൂത്ത്‌ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിം അല്ല പോസ്റ്റ് നിര്‍മിച്ചത് എന്നാണ് സര്‍ക്കാര്‍ ഹൈക്കൊടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഖാസിമിന്റെ വിവോ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചു. വ്യാജ സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും ഖാസിമിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണെന്ന് കണ്ടെത്താനായില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്ക് എതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കും. സൈബര്‍ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിറായ സ്ത്രീ… ഈ ആധുനിക ലോകത്തിലും ഇങ്ങനെ പച്ച വർഗീയത പറഞ്ഞു വോട്ടുപിടിക്കാൻ നാണമില്ലേ മുസ്‌ലിംലീഗുകാരാ.. കോൺഗ്രസുകാരാ… ഈ തെമ്മാടിക്കൂട്ടം നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്?’ എന്നായിരുന്നു പോസ്റ്റ്.
എന്നാൽ പ്രഥമദൃഷ്ട്യ നടത്തിയ അന്വേഷണത്തിൽ കാസിം കുറ്റം ചെയ്തതായി കരുതുന്നില്ല എന്നാണ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. കേസിൽ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കാസിമിന്റെയും സി.പി.എം നേതാവ് കെ.കെ. ലതികയുടെയും ഫോൺ പരിശോധിച്ചിരുന്നു. കാഫിർ പരാമർശം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡൽ ഓഫിസറെ കേസിൽ പ്രതിചേർത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ഹരജിക്കാരനോട് മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശം നൽകി. ഹരജി ജൂൺ 28ന് വീണ്ടും പരിഗണിക്കും.