ഗുവാഹത്തി: സിക്കിമിലെ മാംഗൻ ജില്ലയിൽ മേഘവിസ്ഫോടനത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. മേഖലയിൽ 1200 ആഭ്യന്തര വിനോദസഞ്ചാരികളും 15 വിദേശികളും കുടുങ്ങിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ രാത്രി മാത്രം 220.1 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. റോഡുകളും വൈദ്യുതി ബന്ധവും തകരുകയും വ്യാപക നാശനഷ്ടമുണ്ടാവുകയും ചെയ്തു.
മംഗൻ പട്ടണത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ലാചുങ് ഗ്രാമത്തിൽ കുടുങ്ങികിടക്കുന്ന വിനോദ സഞ്ചാരികളെ ഹെലികോപ്റ്റർ വഴി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സർക്കാർ അറിയിച്ചു. തകർന്ന റോഡ് അടക്കമുള്ളവ ശരിയാക്കി ഗതാഗതസംവിധാനം സുഗമമാക്കാൻ ഒരാഴ്ച പിടിക്കുമെന്നാണ് വിലയിരുത്തൽ.
വിദേശികളിൽ പത്ത് പേർ ബംഗ്ലാദേശിൽനിന്നും നേപ്പാൾ, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്ന് യഥാക്രമം മൂന്നും രണ്ടും പേരാണ് കുടുങ്ങിയത്. കാലാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് സഞ്ചാരികളെ എയർലിഫ്റ്റ് ചെയ്യാൻ കേന്ദ്രവുമായി ചർച്ച നടത്തിയതായി ചീഫ് സെക്രട്ടറി വി.ബി. പഥക് അറിയിച്ചു.
മണ്ണിടിച്ചിലിനെ തുടർന്ന് ഏഴിടത്ത് റോഡ് ഗതാഗതം തടസപ്പെട്ടു. റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ ഒരാഴ്ചയോളം സമയമെടുക്കും. പൊതുമാരാമത്ത് വകുപ്പിനൊപ്പം ബോർഡർ റോഡ്സ് ഓർഗനൈസേഷനും ചേർന്നാകും റോഡ് ഗതാഗതം പുനഃസ്ഥാപിക്കുക. ടീസ്റ്റ നദിയിൽ ജലനിരപ്പ് ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു
വിനോദ സഞ്ചാരികളെ പുറത്തെത്തിക്കാൻ ബോർഡർ റോഡ്സ് ഓർഗനൈസേഷനും സംസ്ഥാന പി.ഡബ്ല്യു.ഡിയും വ്യോമസേനയുടെ ഹെലികോപ്റ്ററുകളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ടീസ്റ്റ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.