UAE

വമ്പൻ പെരുന്നാൾ സമ്മാനം ; മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ ഉത്തരവിട്ട് അജ്മാന്‍ ഭരണാധികാരി

അജ്മാനിലെ മത്സ്യത്തൊഴിലാളികൾക്ക് വമ്പന്‍ പെരുന്നാള്‍ സമ്മാനം. ബലി പെരുന്നാൾ പ്രമാണിച്ച് അജ്മാൻ ഫിഷർമെൻ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ സുപ്രിം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള അജ്മാൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികൾക്കാണ് സഹായം ലഭിക്കുക.

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിന് യുഎഇ പൗരന്മാരെ പ്രോത്സാഹിപ്പിക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും കുടുംബങ്ങളിലെ ചെലവുകള്‍ വഹിക്കുന്നതിനും മാന്യമായ ജീവിതം നയിക്കുന്നതിനുമുള്ള സാമ്പത്തിക വെല്ലുവിളികളെ തരണം ചെയ്യാനുമാണ് ഈ തുക വിതരണം ചെയ്യുന്നത്. അജ്മാനില്‍ ഫിഷിങ് ലൈസന്‍സുള്ള കോഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങളായ പൗരന്മാര്‍ക്കാണ് ഈ സഹായം നല്‍കുകയെന്ന് അജ്മാൻ കിരീടാവകാശിയുടെ ഓഫിസ് തലവനും അജ്മാൻ മത്സ്യത്തൊഴിലാളി അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് ഇബ്രാഹിം റാഷിദ് അൽ ഗംലാസി പറഞ്ഞു. ഈ സംഭാവന കേവലം സാമ്പത്തിക സഹായം മാത്രമല്ല, പ്രത്യാശയുടെ വെളിച്ചമാണെന്ന് അധികൃതർ പറഞ്ഞു. ആർക്കൊക്കെ ഏതുരീതിയിലാണ് പണം വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

Tags: uae