അബുദാബി: കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക കേരളസഭയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ പ്രവാസി വ്യവസായി എം എ യൂസഫലി.
പ്രവാസികളെ സംബന്ധിച്ച് ഏറ്റവും വലിയ ദുരന്തമാണ് കുവൈത്ത് അഗ്നിബാധയിൽ ഉണ്ടായത്. മരിച്ച 49 പേരിൽ 24 മലയാളികൾ ഉൾപ്പെടെ 46 ഇന്ത്യക്കാരുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഈ പശ്ചാത്തലത്തിൽ അവർക്ക് ആവശ്യമായ സഹായവും പിന്തുണയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യാത്ര വേണ്ടന്നുവയ്ക്കുന്നതെന്ന് ഗ്രൂപ്പ് അറിയിച്ചു. നോർക്ക വഴിയായിരിക്കും ധനസഹായം നൽകുക.
അതേസമയം തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ ധനം നൽകുമെന്ന് എംഎ യൂസഫലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.