Celebrities

അച്ഛൻ എന്നെ വഞ്ചിച്ചു; രണ്ടാം ഭാര്യയായത് കൊണ്ട് അമ്മയ്ക്ക് പരിഗണന കിട്ടിയില്ലെന്ന് വനിത

മുതിര്‍ന്ന തമിഴ് നടന്‍ വിജയ് കുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. തെന്നിന്ത്യയിലെ വലിയ താരകുടുംബങ്ങളില്‍ ഒന്നാണ് നടന്റേത്. എല്ലാവരും സിനിമാ താരങ്ങളായത് കൊണ്ട് തന്നെ അവരെ പറ്റിയുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്ത പ്രാധാന്യം ലഭിക്കുന്നതാണ്. അതില്‍ പ്രധാനം വിജയകുമാറിന്റെ മൂത്തമകള്‍ വനിത വിജയകുമാറുണ്ടാക്കുന്ന വിവാദങ്ങളാണ്. മൂന്നോ നാലോ തവണ വിവാഹിതയായത് ഉള്‍പ്പെടെ നിരന്തരം വിവാദ പരാമര്‍ശങ്ങളിലൂടെ നടി വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. ഇപ്പോഴിതാ സ്വന്തം അമ്മയെ കുറിച്ച് വനിത പങ്കുവെച്ച കാര്യങ്ങളാണ് വൈറലാവുന്നത്. രണ്ട് തവണ വിവാഹിതനായ വിജയ് കുമാറിന്റെ ആദ്യ ഭാര്യയുടെ മകനാണ് തമിഴ് നടന്‍ അരുണ്‍ വിജയ്. രണ്ടാമത്തെ ഭാര്യയും നടിയുമായ മഞ്ജുളയ്ക്ക് ജനിച്ച മകളാണ് വനിത വിജയ് കുമാര്‍, ശ്രീദേവി വിജയ് കുമാര്‍, പ്രീത വിജയ് കുമാര്‍ എന്നിങ്ങനെ മൂന്ന് പെണ്‍മക്കള്‍. ഇവര്‍ മൂന്ന് പേരും സിനിമയില്‍ നായികമാരായി ഏറെ കാലം അഭിനയിച്ചിരുന്നവരുമാണ്.

വിജയ് കുമാറിന്റെ തെലുങ്ക് ചിത്രമായ ദേവിയില്‍ വനിത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതുപോലെ വിജയുടെ കൂടെ നായികയായിട്ടും നടി എത്തിയിരുന്നു. അങ്ങനെ തെലുങ്കിലും തമിഴിലുമൊക്കെ ശ്രദ്ധിക്കപ്പെടാന്‍ ചെറിയ പ്രായത്തിലെ വനിതയ്ക്ക് സാധിച്ചു. ഇടയ്ക്ക് വിവാഹിതയായതോട് കൂടിയാണ് നടി അഭിനയത്തില്‍ നിന്നും മാറുന്നത്. എന്നാല്‍ അര്‍ഹമായിട്ടുള്ള സ്വത്ത് തരാതെ പിതാവ് തന്നെ വഞ്ചിച്ചെന്ന് പറഞ്ഞ് വനിത വലിയ ആരോപണവുമായി വന്നിരുന്നു. ഇതോടെ താരപുത്രിയെ കുടുംബത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. നിലവില്‍ പിതാവുമായി ശത്രുതയിലാണ് വനിതയുള്ളത്. മകളോടും വൈരാഗ്യം സൂക്ഷിക്കുകയാണ് നടന്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ അമ്മ മഞ്ജുളയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് വനിത വെളിപ്പെടുത്തിയിരുന്നു.

‘രണ്ടാം ഭാര്യയെന്ന നിലയില്‍ തന്റെ പിതാവ് അമ്മയ്ക്ക് മുന്‍ഗണന നല്‍കിയിരുന്നില്ലെന്നാണ് വനിത പറയുന്നത്. അമ്മ മഞ്ജുളയ്ക്ക് മദ്യപിക്കുന്ന ശീലമുണ്ട്. ഇതുമൂലം പലതവണ മഞ്ഞപ്പിത്തം പിടിപെട്ടു. എത്ര മുന്നറിയിപ്പ് നല്‍കിയിട്ടും അമ്മയത് ചെവിക്കൊണ്ടില്ല. എന്നാല്‍ ഒരിക്കല്‍ മദ്യം കഴിച്ചത് മഞ്ഞപ്പിത്തം കൂടുതല്‍ വഷളാക്കി. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം 72 മണിക്കൂറിനുള്ളില്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആ സമയത്തും അമ്മ ഞങ്ങളെ കുറിച്ചാണ് ചിന്തിച്ചിരുന്നത്. താനില്ലാതെ വന്നാല്‍ ഞങ്ങള്‍ക്ക് അര്‍ഹമായ സ്വത്ത് ലഭിക്കില്ലെന്ന് അമ്മ പറഞ്ഞിരുന്നു. ആശുപത്രി കിടക്കയില്‍ വെച്ച് അമ്മ ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകനായ രാം ജഠ്മലാനിയെ വിളിച്ചു.

മക്കള്‍ക്ക് ലഭിക്കേണ്ട സ്വത്ത് അവരുടെ പേരിലേക്ക് മാറ്റണം. രേഖകള്‍ തയ്യാറാക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു. മാത്രമല്ല തന്റെ മൊഴിയായി ഒരു വീഡിയോ കൂടി എടുക്കണമെന്നും അവര്‍ പറഞ്ഞു. പക്ഷെ അതിപ്പോള്‍ ശരിയല്ലെന്നും പിന്നെ ആലോചിച്ച് തീരുമാനിക്കാമെന്നുമാണ് അച്ഛന്‍ പറഞ്ഞത്. എന്തൊക്കെ വന്നാലും അനീതി സംഭവിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം അമ്മയുടെ കൈയില്‍ പിടിച്ചു സത്യം ചെയ്തിരുന്നു. അതോടെ അമ്മയും ഞാനും അത് വിശ്വസിച്ചു. പക്ഷേ അമ്മയുടെ മരണത്തിന് ശേഷം എല്ലാം തകിടം മറിഞ്ഞു. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പോലും അച്ഛന്‍ ഞങ്ങളെ അനുവദിച്ചില്ല. തുടര്‍ന്ന് ശരത് കുമാറും രാധാ രവിയും ഞങ്ങളെ വിളിച്ചിട്ടാണ് അന്ത്യകര്‍മങ്ങള്‍ നടത്തുന്നത്. അമ്മയുടെ മരണശേഷം സ്വത്തില്‍ എനിക്ക് അവകാശമില്ലെന്നാണ് അവര്‍ പറയുന്നത്. സ്വത്ത് വീതിച്ചാല്‍ അതും എന്റേത് കൂടിയാകുമെന്നാണ് വനിതയുടെ വാദം.