UAE

വ്യാജ നിക്ഷേപ തട്ടിപ്പ്​; യുഎഇയില്‍ പണം നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ആളുകള്‍ക്ക്

യുഎഇയിൽ സുഖകരമായ ജീവിതം ആസ്വദിക്കുന്നവർക്ക്, എല്ലാം നഷ്ടപ്പെടാനുള്ള ഏറ്റവും സാധ്യതയുള്ള മാർഗം ഏതാണ്? തൊഴിൽ നഷ്ടം, ബിസിനസ് പരാജയം, സ്ഥലം മാറ്റം? ഇവയെല്ലാം സാധ്യതകളാണെങ്കിലും, സംശയാസ്പദമായ കമ്പനികളിൽ നിക്ഷേപിക്കുന്നത് ഒരു വലിയ ഭീഷണിയാണ്. ഓരോ തവണയും നിങ്ങൾ അയഥാർത്ഥമായ വരുമാനം വാഗ്ദാനം ചെയ്യുന്ന ഒരു കമ്പനിയിൽ നിങ്ങളുടെ പണം നിക്ഷേപിക്കുമ്പോൾ, നിങ്ങൾ അപകടസാധ്യതയുണ്ടാക്കുന്നു. എന്നാൽ അത്തരം അശ്രദ്ധമായ നിക്ഷേപങ്ങൾ നടത്താൻ നിങ്ങൾക്ക് ഇപ്പോഴും ധൈര്യമുണ്ടെങ്കിൽ, അതിനെ തുടര്‍ന്നുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടാൻ നിങ്ങൾ തയ്യാറായിരിക്കണം.

ഖലീജ് ടൈംസിൽ നിന്നുള്ള കണക്കുകൾ വെളിപ്പെടുത്തുന്നത് സമീപ വർഷങ്ങളിൽ വ്യാജ നിക്ഷേപ പദ്ധതികളാൽ പതിനായിരക്കണക്കിന് യുഎഇ നിവാസികൾക്ക് അവരുടെ ജീവിത സമ്പാദ്യം നഷ്ടപ്പെട്ടതായി. ഏറ്റവും പുതിയ ഉദാഹരണം ബ്ലൂചിപ്പ് ആണ്.

കോടികളുടെ നിക്ഷേപ തട്ടിപ്പ്​ നടത്തി മുങ്ങിയ ബ്ലൂചിപ്പ്​ കമ്പനി ഉടമയും ഇന്ത്യക്കാരനുമായ രവീന്ദർ നാഥ്​ സോണിക്കെതിരെ ദുബൈ പൊലീസ്​ അറസ്റ്റ്​ വാറന്റ്​ പുറപ്പെടുവിച്ചു. കേസിൽ ഒരു കോടി ദിർഹം നൽകണമെന്ന്​ ദുബൈ ഫസ്റ്റ്​ ഇൻസ്റ്റൻസ്​ കോടതി ജൂൺ മൂന്നിന്​ ഉത്തരവിട്ടിരുന്നു. ഇത്​ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ്​ അറസ്റ്റ്​ വാറന്റ് പുറപ്പെടുവിച്ചത്​.

ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പടെ നിരവധി നിക്ഷേപകരില്‍നിന്ന് വന്‍ തുക നിക്ഷേപം സ്വീകരിച്ചശേഷം അപ്രത്യക്ഷനായ ഇയാള്‍ എവിടെയാണെന്ന കാര്യം വ്യക്തമല്ല. ഇയാള്‍ക്കായി ദുബൈ പൊലീസ് തിരച്ചില്‍ തുടരുകയാണ്​. സോണിയെ കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നാണ് കമ്പനിയുടെ പി.ആര്‍.ഒ സന്ദീപ് രാജ് അറിയിച്ചതെന്നാണ്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​.

ബര്‍ദുബൈയിലെ അല്‍ ജവഹര്‍ സെന്‍ററിലായിരുന്നു ബ്ലൂ ചിപ്പ് ഗ്രൂപ്പിന്‍റെ കോര്‍പറേറ്റ് ഓഫിസ്. ഇക്വിറ്റി മാര്‍ക്കറ്റ്, ഗോള്‍ഡ് മൈനിങ്​, ക്രിപ്‌റ്റോ കറന്‍സി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിവിധ മേഖലകളില്‍ ഏഴു കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുന്നതായും 700ലധികം ഇടപാടുകാരുണ്ടെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. കുറഞ്ഞത് 10,000 ഡോളര്‍ നിക്ഷേപത്തിന് 18 മാസത്തേക്ക്​ മൂന്ന് ശതമാനം പ്രതിമാസ വരുമാനമായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഇതില്‍ ആകൃഷ്ടരായി ലക്ഷക്കണക്കിന് ഡോളറുകളാണ് നിക്ഷേപകർ കമ്പനിയില്‍ നിക്ഷേപിച്ചത്. ഏതാനും മാസങ്ങള്‍ എല്ലാവര്‍ക്കും പ്രതിമാസ ലാഭം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കമ്പനി നല്‍കിയ ചെക്കുകള്‍ ബൗണ്‍സായിത്തുടങ്ങിയതോടെ ഓഫിസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ കാളുകള്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. തുടര്‍ന്ന് നിക്ഷേപകര്‍ നേരിട്ട് ഓഫിസിലെത്തിയപ്പോഴാണ് കമ്പനി ഉടമയും ജീവനക്കാരും ഓഫിസ് പൂട്ടി സ്ഥലംവിട്ട കാര്യം തിരിച്ചറിയുന്നത്. ഏതാണ്ട്​ പത്ത്​ കോടി ഡോളറിന്‍റെ നിക്ഷേപം കമ്പനി സ്വീകരിച്ചിട്ടുണ്ടെന്നാണ്​ അനൗദ്യോഗിക കണക്ക്​.

സമാനമായ മറ്റൊരു തട്ടിപ്പുകേസില്‍ രവീന്ദര്‍ നാഥ് സോണി 2.05 ദശലക്ഷം ദിര്‍ഹം നല്‍കണമെന്ന് ദുബൈ കോടതി ഉത്തരവിട്ടിരുന്നു. നിക്ഷേപകരുടെ പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ 2022ല്‍ സോണി ഇന്ത്യയില്‍ അറസ്റ്റിലായെങ്കിലും ഉത്തർ പ്രദേശിലെ അലീഗഢ്​ കോടതി പിന്നീട്​ ജാമ്യത്തിൽ വിടുകയായിരുന്നു.

സമീപ വർഷങ്ങളിൽ, 40,000-ത്തിലധികം യുഎഇ നിവാസികൾക്ക് വഞ്ചനാപരമായ നിക്ഷേപ പദ്ധതികളാൽ കൂട്ടമായി കോടിക്കണക്കിന് ഡോളർ നഷ്ടമായിട്ടുണ്ട്. ഹീരാ ഗ്രൂപ്പ് (2019), സൺഫീസ്റ്റ് ഇൻഫോടെക് (2013), ആക്‌മി മാനേജ്‌മെൻ്റ് കൺസൾട്ടൻസി (2020), സ്പീക്ക് ഏഷ്യ (2013), എംഎംഎ ഫോറെക്‌സ് (2017), ഗോൾഡ് എഇ (2016), യുടി മാർക്കറ്റ്‌സ് (2017), ഡിസാബോ തുടങ്ങിയ കമ്പനികളാണ് ഇരകളെ കുടുക്കിയത്. പിരമിഡ് സ്കീമുകളായി മാറിയ OneCoin, Habibi Coin, GainBitcoin തുടങ്ങിയ വ്യാജ ക്രിപ്‌റ്റോ സ്കീമുകൾക്ക് അസംഖ്യം വ്യക്തികൾ ഇരയായിട്ടുണ്ട്.