വേനൽക്കാല യാത്രാ കാലയളവിൽ യാത്രക്കാർക്കായി പ്രത്യേക പാർക്കിംഗ് നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ജൂൺ 12 മുതൽ ജൂലൈ 15 വരെയാണ് പുതിയ പാർക്കിംഗ് നിരക്കുകൾ ഈടാക്കുക. അവധിക്കാലത്ത് യാത്രക്കാരിലുണ്ടാകുന്ന വർധനവ് പരിഗണിച്ച് നിരക്കുകൾ പ്രീ- ബുക്കിംഗ് അടിസ്ഥാനത്തിൽ ലഭ്യമാണ്.
പാർക്കിംഗിന് മണിക്കൂറിന് 15 റിയാലും പ്രതിദിനം 145 റിയാലുമായിരിക്കും. പ്രതിവാര പാർക്കിംഗിന് പ്രീ ബുക്കിംഗ് മാത്രം 725 റിയാലാണ് ഈടാക്കുക. പ്രീമിയം പാർക്കിംഗിന് ആദ്യ മണിക്കൂറിന് 30 റിയാലും രണ്ടാം മണിക്കൂറിന് 20 റിയാലും മൂന്നാം മണിക്കൂറിന് 10 റിയാലുമാണ് ഈടാക്കുക. നാലാം മണിക്കൂർ മുതൽ പ്രതിദിന നിരക്കാണ് ബാധകമാകുക. പ്രതിദിനം 200 റിയാലാണ് നിരക്ക്.
പാസഞ്ചർ ടെർമിനലിന്റെ ഇരുവശത്തും കാർ പാർക്ക് ചെയ്യാൻ മൂന്നു മുതൽ ഏഴു ദിവസം വരെ 350 റിയാലാണ് നിരക്ക്. എട്ടു മുതൽ 14 വരെയുള്ള ദിവസങ്ങൾക്ക് 450 റിയാൽ നിരക്ക് ഈടാക്കും. പതിനഞ്ചാം ദിവസം മുതൽ സാധാരണ നിരക്കുകൾ ബാധകമായിരിക്കും. ഷോർട്ട് സ്റ്റേ വാലെറ്റ് സേവനവും ലഭ്യമാണ്. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഷോർട്ട് സ്റ്റേ വാലെറ്റ് സേവനം ഉപയോഗിക്കണം. രണ്ടു മണിക്കൂറിന് 100 റിലായാണ് ചാർജ്. പ്രീമിയം വാലെറ്റ് പാർക്കിംഗിന് പ്രതിദിനം 275 റിയാലും വാരാന്ത്യത്തിൽ 450 റിയാലുമാണ് ഈടാക്കുക. പ്രീമിയം വാലെറ്റ് പാർക്കിംഗ് എടുക്കുന്നവർക്ക് കോംപ്ലിമെന്ററി പോർട്ടേജ് സേവനവും കോംപ്ലിമെന്ററി എക്സ്റ്റീരിയർ വെഹിക്കിൾ വാഷും സൗജന്യമായി ലഭിക്കും.