ദുബൈ: യു.എ.ഇയിൽ നാളെ മുതൽ ഉച്ചവിശ്രമ നിയമം നിലവിൽ വരും. തൊഴിലാളികളെ ഉച്ചസമയത്ത് ജോലിയെടുപ്പിക്കുന്നത് നാളെ മുതൽ നിയമവിരുദ്ധമായിരിക്കും. സെപ്തംബർ 15 വരെ നിയമം കർശനമായി തുടരുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു.
തുടർച്ചയായി ഇരുപതാം വർഷമാണ് യു.എ.ഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. പുറം ജോലിക്കാർക്ക് കുറഞ്ഞത് രണ്ടര മണിക്കൂർ ജോലി നിർത്തി തണലുള്ള സ്ഥലങ്ങളിൽ വിശ്രമമനുവദിക്കണമെന്ന് നിർബന്ധമാക്കുന്ന നിയമമാണിത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിക്കുന്ന മധ്യാഹ്ന ഇടവേള നടപ്പിലാക്കാൻ സ്വകാര്യ മേഖലയുടെ തയാറെടുപ്പുകൾ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ അവലോകനം ചെയ്തു.
വിശ്രമവേളകളിൽ തൊഴിലാളികൾക്ക് വെയിലേൽക്കാത്ത സ്ഥലം ഒരുക്കി നൽകണം. ശീതീകരണ സംവിധാനം, ആവശ്യത്തിന് വെള്ളം എന്നിവ ഉറപ്പാക്കേണ്ടതും തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. നിർജലീകരണം തടയാനുള്ള ഭക്ഷണം, ഉപ്പ്, പ്രാഥമിക ശുശ്രൂഷക്ക് ആവശ്യമായ സംവിധാനങ്ങൾ എന്നിവയും സജ്ജമാക്കിയിരിക്കണം. ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. ‘നമ്മുടെ തൊഴിലാളികൾ, നമ്മുടെ മുൻഗണന’ എന്ന സന്ദേശവുമായാണ് തൊഴിൽമന്ത്രാലയം ഉച്ചവിശ്രമനിയമം പ്രഖ്യാപിച്ചത്.
പരിശോധന നടത്തി ഉച്ചവിശ്രമ നിമയം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കൂടാതെ, മന്ത്രാലയത്തിൻ്റെ കോൾ സെൻ്റർ, വെബ്സൈറ്റ്, സ്മാർട് ആപ്ലിക്കേഷൻ എന്നിവ വഴി ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനികൾ 5,000 ദിർഹം വരെയും ഒന്നിലധികം ലംഘനങ്ങൾക്ക് പരമാവധി 50,000 ദിർഹം വരെയും പിഴയൊടുക്കണം.