തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽപെട്ട മലയാളികളുടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ അങ്ങോട്ടു പോകാനൊരുങ്ങിയ സർക്കാർ പ്രതിനിധിയായ മന്ത്രി വീണാ ജോർജിനു യാത്രാനുമതി നിഷേധിച്ചതിൽ കേന്ദ്രസർക്കാരിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ‘എല്ലാം ഞങ്ങൾ ചെയ്തിട്ടുണ്ട്, പിന്നെന്തിനാണു നിങ്ങൾ പോകുന്നത്’ എന്നു ചിലർ ചോദിക്കുന്നതു കേട്ടു. ഇത്തരം ദുരന്തഘട്ടങ്ങളിൽ അവിടെ എത്തിച്ചേരുക എന്നതാണു മലയാളികളുടെ സംസ്കാരവും രീതിയും. മരണം സംഭവിച്ചാൽ മരണവീട്ടിൽ പോകാറുണ്ട്.
പോയിട്ടു പ്രത്യേകിച്ച് എന്തു ചെയ്യാനാണ് എന്നു വേണമെങ്കിൽ ഇത്തരക്കാർക്കു ചോദിക്കാമല്ലോ. പരുക്കേറ്റവരുടെ ചികിത്സാ കാര്യങ്ങളും അവിടത്തെ മലയാളിസമൂഹത്തിന്റെ ആശങ്കയും അറിയാനും കൈകാര്യം ചെയ്യാനും വേണ്ടിയാണു മന്ത്രിയെ അയയ്ക്കാൻ തീരുമാനിച്ചത്. പക്ഷേ, അനുമതി നിഷേധിച്ചു. ഇപ്പോൾ മറ്റു കാര്യങ്ങൾ പറയുന്നില്ല. കേന്ദ്രനടപടിയുടെ ഔചിത്യവും അനൗചിത്യവും ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നു ലോകകേരളസഭയുടെ ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
മരിച്ചവരിൽ പകുതിയും മലയാളികളാണെന്നും അവർക്കൊപ്പം നിൽക്കാനും ക്രമീകരണങ്ങൾ ചെയ്യാനുമാണു കുവൈത്തിലേക്കു പോകാൻ ശ്രമിച്ചതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ദുരന്തമുഖത്തു കേരളത്തോട് ഇതു വേണ്ടായിരുന്നു– മമന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജിനു കുവൈത്തിലേക്കു പോകാൻ കഴിയാതിരുന്ന സംഭവം ദൗർഭാഗ്യകരമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. വിദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിന് എത്രയും പെട്ടെന്ന് അനുമതി നൽകുകയാണു കേന്ദ്രം ചെയ്യേണ്ടിയിരുന്നതെന്നും സതീശൻ പറഞ്ഞു.
മന്ത്രി വീണയ്ക്കു കുവൈത്തിലേക്കു പോകാൻ കഴിയാതിരുന്നതിൽ രാഷ്ട്രീയം കാണരുതെന്നും ഓരോരുത്തർക്കും ഓരോ ചുമതലകളുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ട വിദേശകാര്യ മന്ത്രാലയം വീഴ്ചയില്ലാതെ കാര്യങ്ങൾ ചെയ്തെന്നും അദ്ദേഹം പറഞ്ഞു. അനുമതി സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും കേന്ദ്രം വളരെപ്പെട്ടെന്നു നടപടികൾ പൂർത്തിയാക്കിയിരുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അനാവശ്യ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാക്കാൻ ചിലർ നടത്തുന്ന ശ്രമം വേദനാജനകമാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. സംസ്ഥാന മന്ത്രി.