ബാരി (ഇറ്റലി): യുക്രെയ്ൻ യുദ്ധത്തിനു സമാധാനപരമായ പരിഹാരമുണ്ടാക്കാൻ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകി. ചർച്ചകളും നയതന്ത്രവും ഇതിനുള്ള ആയുധമാക്കുമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. ഇന്നും നാളെയും സ്വിറ്റ്സർലൻഡിൽ നടക്കുന്ന സമാധാന ഉച്ചകോടിയിൽ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. വ്യാപാരബന്ധം ശക്തമാക്കാനും കരിങ്കടൽ വഴിയുള്ള കയറ്റുമതി ഇടനാഴിയുടെ സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്തു.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ സെമികണ്ടക്ടർ സാങ്കേതികവിദ്യയിലും വ്യാപാരത്തിലും കൂടുതൽ സഹകരണം ഉറപ്പുനൽകി. പ്രതിരോധ മേഖലയിലെ ബന്ധം കൂടുതൽ ദൃഢമാക്കാനും തീരുമാനമായി. സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട അവലോകനവും നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായും മോദി കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ചർച്ച നടത്തുന്നുണ്ട്. ഇറ്റലി, കാനഡ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ബ്രിട്ടൻ, യുഎസ് എന്നിവയാണ് ജി 7 രാജ്യങ്ങൾ.