Movie News

മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക്; ഒരുങ്ങുന്നത് 4കെ ദൃശ്യവിരുന്ന്

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴ് തിയേറ്ററുകളിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുന്നു. ക്ലാസിക് മലയാള സിനിമയുടെ ആരാധകര്‍ക്ക് ഒരു നൊസ്റ്റാള്‍ജിക് ട്രീറ്റാണ് സിനിമ നല്‍കാന്‍ പോകുന്നത്. ഡോള്‍ബി അറ്റ്മോസ് ശബ്ദത്തോടെ 4കെ റെസല്യൂഷനിലാണ് സിനിമ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ അങ്ങനെ വീണ്ടും ഒരു ദൃശ്യ അനുഭൂതി പ്രേക്ഷകര്‍ക്കായി ഒരുക്കുകയാണ്.

നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മണിച്ചിത്രത്താഴിന്റെ പുതിയ പതിപ്പ് ജൂലൈയില്‍ റിലീസിന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ സിനിമയുടെ കാലാതീതമായ കഥ വീണ്ടും ബിഗ് സ്‌ക്രീനില്‍ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിക്കുന്നു. മണിച്ചിത്രത്താഴിന്റെ റീ-റിലീസ് 4കെ നിലവാരത്തിലായിരിക്കുമെന്നും ഓരോ ഫ്രെയിമിന്റെയും യഥാര്‍ത്ഥ ഭംഗി നിലനിര്‍ത്തിക്കൊണ്ടായിരിക്കും റീ റിലീസ് എന്നും നിര്‍മ്മാതാവ് പ്രസ് മീറ്റില്‍ പറഞ്ഞു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദം റീമിക്സ് ചെയ്തിരിക്കുന്നതിനാല്‍ ആഴത്തിലുള്ള ഓഡിയോ അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് ഇതിലൂടെ ലഭിക്കുക എന്നും നിര്‍മ്മാതാവ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് ഇന്ത്യന്‍ സിനിമയിലെ ഒരു നാഴികക്കല്ലായി തുടരുന്നു. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട, എന്നാല്‍ മലയാള ചലച്ചിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. റിലീസ് ചെയ്ത് 10 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഈ ചിത്രം പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.

പ്രമുഖരായ സിദ്ദിഖ്-ലാല്‍, പ്രിയദര്‍ശന്‍, സിബിമലയില്‍ എന്നിവര്‍ ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായിരുന്നു. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ഈ ചിത്രം നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ ലഭിക്കുകയുണ്ടായി. ടി ആര്‍ ശേഖര്‍ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വേണു, ആനന്ദക്കുട്ടന്‍, സണ്ണി ജോസഫ് എന്നിവര്‍ നിര്‍വഹിച്ചു. ജോണ്‍സണ്‍ ഈണമിട്ട ഹോണ്ടിംഗ് സ്‌കോറും എം ജി രാധാകൃഷ്ണന്‍ ഈണമിട്ട ഗാനങ്ങളും ഇന്നും മലയാളികളുടെ മനസില്‍ നിലനില്‍ക്കുന്നു.