Celebrities

‘വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു’; മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി രവീണ ടണ്ടന്‍

മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനിന്റെ വ്യാജ വീഡിയോ പ്രസിദ്ധീകരിച്ച സംഭവത്തില്‍ മാനനഷ്ടക്കേസ് നല്‍കി നടി. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനെതിരെയാണ് നടി കേസ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ നടിക്കെതിരായ ആരോപണം വ്യാജമാണെന്ന് വ്യക്തമായെന്ന് നടിയുടെ അഭിഭാഷക പറഞ്ഞു. രവീണയെ മനപൂര്‍വം അപമാനിക്കാനാണ് ഇത്തരത്തിലുളള വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുളള വ്യക്തിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു.

മുംബൈയിലെ ബാന്ദ്രയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയില്‍ അമിതവേഗതയില്‍ കാറോടിച്ച് സ്ത്രീകളെ അക്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് നാട്ടുകാര്‍ നടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നടിക്കെതിരായ പരാതി തെറ്റാണെന്ന് കണ്ടെത്തുകയും മുംബൈ പൊലീസ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പരാതിക്കാരി തെറ്റായ വിവരങ്ങളാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് രവീണയുടെ കാര്‍ ആരെയും ഇടിച്ചിട്ടില്ലെന്നും താരം മദ്യപ്പിച്ചിട്ടില്ലെന്നും വ്യക്തമായതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജ്തിലക് റോഷന്‍ ദേശീയ മാധ്യമങ്ങളെ അറിയിച്ചു.

തനിക്കെതിരെയുളള പരാതി വ്യാജമാണെന്നും ഡ്രൈവറെ ആളുകള്‍ ചോദ്യം ചെയ്തപ്പോള്‍ ഇടപെടുകയാണ് താന്‍ ചെയ്തതെന്നും ഈ തര്‍ക്കം അധിക്ഷേപകരമായ ഭാഷയിലേക്ക് നീങ്ങിയെന്നും രവീണ ടണ്ടന്‍ പറഞ്ഞതായും രാജ് തിലക് റോഷന്‍ അറിയിച്ചു. ‘സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പരാതിക്കാരി തെറ്റായ വിവരങ്ങളാണ് നല്‍കിയത്. കാര്‍ റിവേഴ്‌സ് എടുക്കുന്നതിനിടെ ഡ്രൈവര്‍ അപകടമുണ്ടാക്കിയെന്നാണ് പരാതിക്കാരി പറഞ്ഞത്, എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ അപകടമുണ്ടാക്കുന്നത് കാണുന്നില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.