മലയാളത്തിന്റെ പ്രിയ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഒരുക്കുന്ന സിനിമ എന്ന നിലയില്‍ ശ്രദ്ധനേടിയ സിനിമയാണ് ‘ടോക്സിക്’. യാഷ് ആണ് ചിത്രത്തിലെ നായകന്. തെന്നിന്ത്യന്‍ നായിക നയന്‍താരയും ബോളിവുഡ് നായിക കിയാര അദ്വാനിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷെഡ്യൂളിന് തുടക്കമായതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. യഷും നയന്‍താരയും ഉള്‍പ്പെടുന്ന ഷെഡ്യൂളിനാണ് തുടക്കമായിരിക്കുന്നത്. ‘എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സ്’ എന്നാണ് സിനിമയ്ക്ക് ടാഗ്ലൈന് നല്‍കിയിരിക്കുന്നത്.
ആകെ 200 ദിവസത്തെ ഷൂട്ടാണ് ഗീതു മോഹന്‍ദാസ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്. അതില്‍ 150 ദിവസത്തെ ഷെഡ്യൂള്‍ ലണ്ടനില്‍ നടക്കുമെന്നും സൂചനകളുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളായാണ് ചിത്രീകരണം നടക്കുന്നത് എന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയില്‍ ഒരു ഡോണിന്റെ വേഷത്തിലാണ് യഷ് എത്തുന്നത്. എന്നാല്‍ കെജിഎഫ്ല് നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ടോക്സിക്കിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ടോക്സിക്കില്‍ ഹുമ ഖുറേഷിയും പ്രതിനായക വേഷത്തിലെത്തും എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
2025 ഏപ്രില്‍ 10ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. യാഷിന്റെ പത്തൊന്‍പതാം സിനിമയാണിത്. നിവിന്‍ പോളി നായകനായെത്തിയ മൂത്തോനു ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കെജിഎഫ് പോലെ തന്നെ കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിരിക്കും സിനിമ നിര്‍മ്മിക്കുക. ലയേഴ്സ് ഡൈസ് എന്ന ഹിന്ദി റോഡ് ചിത്രവും മൂത്തോന് എന്ന ആക്ഷന്‍ ത്രില്ലറുമാണ് ഗീതു മോഹന്‍ദാസ് ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. പൊഗരു,ബൈറ്റൂ ലവ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച കെവിഎന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.