1971 ജൂണ്‍ 15 മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു. സിനിമാപ്രേമികളുടെ ഹൃദയങ്ങളില്‍ സമാനതകളില്ലാത്ത ശൂന്യത അവശേഷിപ്പിച്ച് സത്യന്‍ മാഷ് വിട പറഞ്ഞ ദിവസം. 40-ാം വയസ്സില്‍ സിനിമയില്‍ പ്രവേശിച്ചത് മുതല്‍ രണ്ട് പതിറ്റാണ്ടോളം തന്റെ അസാധാരണ സിനിമകളിലൂടെ മലയാളക്കരയുടെ മനസ് കീഴടക്കിയ നടന്‍. ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് 53 വയസ്.
1912 നവംബര്‍ 9 ന് തിരുവനന്തപുരത്തെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഇതിഹാസ താരം ജനിച്ചത്. ആദ്യജാതന്‍, മുഴുവന്‍ പേര് ചെറുവിളാകത്ത് വീട്ടില്‍ മാനുവല്‍ സത്യനേശന്‍. പിന്നീട് അദ്ദേഹം സിനിമയിലേക്ക് ചുവടുവെച്ചപ്പോള്‍ സത്യന്‍ എന്ന പേരില്‍ പ്രശസ്തനായി. സത്യന്‍ മാഷ് എന്നാണ് കേരളീയര്‍ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചത്.
ഇന്ത്യന്‍ സിനിമയില്‍ മലയാളത്തിന് മേല്‍വിലാസം നേടിത്തന്ന നടന്മാരില്‍ ഒരാള്‍, നടന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ച വ്യക്തി. സിദ്ധി കൊണ്ട്, പുതുമകൊണ്ട് സ്വന്തമായ ഇരിപ്പിടങ്ങള്‍ നേടിയെടുത്ത നടന്‍. ഇങ്ങനെ നീളുന്നു മലയാളത്തിലെ മഹാനടന്‍മാരില്‍ ഒരാളായ സത്യന്‍ മാഷിന്റെ വിശേഷണങ്ങള്‍.
മലയാള സിനിമ ചരിത്രത്തില്‍ നാഴികക്കല്ലായ ചെമ്മീനിലെ പളനിയെ മലയാളികള്‍ അത്രപെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. തച്ചോളി ഒതേനനിലെ ഒതേനന്‍, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍, ഓടിയില്‍ നിന്നിലെ പപ്പു. വാഴ്വേമായത്തിലെ സൂധീന്ദ്രന്‍ ഈ കഥാപാത്രങ്ങളിലൂടെ സത്യന്റെ പ്രതാപം ഇന്നും മലയാളത്തില്‍ നിറയുന്നു. നായരു പിടിച്ച പുലിവാല്‍, ശരശയ്യ, കരകാണാക്കടല്‍, ഒരു പെണ്ണിന്റെ കഥ, കള്ളിച്ചെല്ലമ്മ, അരനാഴികനേരം തുടങ്ങി എടുത്തു പറയേണ്ട ചിത്രങ്ങളേറെ. കൂടാതെ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത 147 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഓടയില്‍ നിന്ന്, വാഴ്വേ മായം, അടിമകള്‍, യക്ഷി , കടല്‍പ്പാലം, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി നിരവധി സിനിമകള്‍ ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചു. സത്യന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത രണ്ട് സിനിമകളായ കടല്‍പാലം,കരകാണാകടല്‍ എന്നീ സിനിമകളും സംവിധാനം ചെയ്തത് സേതുമാധവന്‍ ആയിരുന്നു.
സ്വകാര്യ ജീവിതത്തില്‍ അധ്യാപകന്‍, പട്ടാളക്കാരന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നീ വേഷങ്ങളില്‍ അദ്ദേഹം നിറഞ്ഞ് നിന്നിരുന്നു. അവസാന നാളുകളിലും സത്യന്‍ മാഷ് ജോലി തുടര്‍ന്നു. രോഗവുമായി മല്ലിടുമ്പോഴും അദ്ദേഹം തന്റെ ഷെഡ്യൂള്‍ തെറ്റിച്ചിരുന്നില്ല. കുട്ട്യേടത്തി ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളിലൊന്ന്. അങ്ങനെ 1971 ജൂണ്‍ 15 ന് സത്യന്‍ മാഷ് അര്‍ബുദത്തിന് കീഴടങ്ങി. മലയാള സിനിമയുടെ ചരിത്രവഴികളില്‍ സ്ഥിരപ്രതിഷ്ട നേടിയ പകരം വെയ്ക്കാനാകാത്ത അനശ്വര നടന്‍. സത്യന്‍ മാഷ്, ഇന്നും ജന മനസ്സുകളില്‍ ജീവിക്കുന്നു.