Celebrities

റണ്‍വീറിന്റെ ആദ്യ ഓഡിഷന്‍ വീഡിയോ വൈറല്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ബോളിവുഡിലെ യുവ സൂപ്പര്‍താരങ്ങളിലൊരാളായ രണ്‍വീറിന്റെ ആദ്യ ഓഡിഷന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദാദാസാഹിബ് ഫാല്‍ക്കേ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. രണ്‍വീര്‍ സിംഗിന്റെ മുംബൈയില്‍ നടന്ന ആദ്യ ഓഡിഷന്‍ എന്ന തലക്കെട്ടോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയ വീഡിയോ ഏറ്റെടുക്കുകയായിരുന്നു.

ബോളിവുഡിലെ യുവ സൂപ്പര്‍താരങ്ങളിലൊരാളാണ് രണ്‍വീര്‍ സിംഗ്. യഷ് രാജ് ഫിലിംസ് നിര്‍മിച്ച് 2010-ല്‍ പുറത്തിറങ്ങിയ ബാന്‍ഡ് ബാജാ ബരാത് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറിയത്. ഇപ്പോഴിതാ രണ്‍വീറിന്റെ ആദ്യ ഓഡിഷന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മുഷ്ടി ചുരുട്ടി കൈ ഇരുഭാഗത്തേക്കും വിടര്‍ത്തി ഒരു പ്രത്യേകരീതിയില്‍ നൃത്തംചെയ്യുന്ന രണ്‍വീറിനെയാണ് വീഡിയോയില്‍ കാണാനാവുക. ഇതേ ചുവട് തന്നെ പലതവണ അദ്ദേഹം ആവര്‍ത്തിക്കുന്നതും ഇതുകണ്ട് ഓഡിഷനില്‍ ഒപ്പമുണ്ടായിരുന്നവര്‍ പൊട്ടിച്ചിരിക്കുന്നതും ദൃശ്യത്തില്‍ കാണാം. കരണ്‍ ജോഹര്‍ ഒരുക്കിയ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് രണ്‍വീര്‍ നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആലിയാ ഭട്ട് ആയിരുന്നു നായിക. രോഹിത് ഷെട്ടി സംവിധാനംചെയ്യുന്ന സിങ്കം എഗെയ്ന്‍ ആണ് താരത്തിന്റേതായി ഉടന്‍ വരുന്ന ചിത്രങ്ങളിലൊന്ന്. അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ്, അര്‍ജുന്‍ കപൂര്‍, കരീന കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഫര്‍ഹാന്‍ അക്തര്‍ സംവിധാനംചെയ്യുന്ന ഡോണ്‍ 3 യിലും രണ്‍വീര്‍ ആണ് നായകന്‍.