Celebrities

ഒറ്റനോട്ടത്തില്‍ ശ്രീവിദ്യ തന്നെ; വീണാ നായരുടെ റീല്‍ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തെയും പ്രിയ നടിയായ ശ്രീവിദ്യയെ അനുകരിച്ച് വീണ നായര്‍ ചെയ്ത റീല്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലെ ഒരു പാട്ടിന്റെ രംഗമാണ് വീണ നായര്‍ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ശ്രീവിദ്യ തന്നെ!

‘ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ പുനരാവിഷ്‌കരിക്കണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു, അതില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ഞങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഒരു നല്ല ടീമിനെ വെച്ചാണ് ഞാന്‍ അത് രൂപപ്പെടുത്തിയത്’ എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് വീണ നായര്‍ പറയുന്നു. നല്ല ഒരു ടീമിനെ കിട്ടിയതുകൊണ്ടാണ് ഏറെ കാലത്തെ തന്റെ ഈ ആഗ്രഹം സഫലീകരിക്കാന്‍ സാധിച്ചതെന്നും വീണ കൂട്ടിച്ചേര്‍ത്തു.

ആ ചുവന്ന വട്ടപ്പൊട്ടും, അഴിച്ചിട്ട മുടിയും, വട്ടമുഖവും എല്ലാം ചേരുമ്പോള്‍ വീണ ശരിക്കും ശ്രീവിദ്യാമ്മയെ പോലെ തന്നെയുണ്ട് എന്ന് പറഞ്ഞ് ആരാധകരും എത്തി. വീഡിയോ കണ്ട് ഇമോഷണലായവരാണ് കൂടുതലും. കണ്ണു നിറഞ്ഞു എന്ന് നടി സംഗീത ശിവന്‍ പറയുന്നു. ബീന ആന്റണി, ധന്യ മേരി വര്‍ഗീസ്, അനുമോള്‍, ദീപ്തി വിധുപ്രതാപ്, ശ്രുതി രജിനികാന്ത് എന്നിങ്ങനെ നീളുന്നു കമന്റുകളുമായി എത്തിയവരുടെ ലിസ്റ്റ്.

അബി ഫൈന്‍ ഷൂട്ടേഴ്സ് ആണ് ഡിഒപിയും എഡിറ്റിങും ചെയ്തത്. മഞ്ജു കല്ലൂന, നിഥിന്‍ സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് വീണയെ ശ്രീവിദ്യയെ പോലെ അണിയിച്ചൊരുക്കിയത്. പഴയ കാലത്തെ ഓര്‍മപ്പെടുത്തുന്ന വീണ ധരിച്ചിരിയ്ക്കുന്ന സാരിയും എടുത്ത് പറയണ്ട ഒന്നാണ്. മലയാള സിനിമാ ലോകത്തെ സംബന്ധിച്ച് ഒരുകാലവും നികത്താന്‍ കഴിയാത്ത ഒരു വലിയ നഷ്ടമാണ് നടി ശ്രീവിദ്യയുടെ മരണം. 40 വര്‍ഷത്തെ കരിയറില്‍ അവര്‍ 800-ലധികം സിനിമകളില്‍ അഭിനയിച്ചു. കരിയറിന്റെ അവസാന കാലത്ത് ശ്രീവിദ്യ മലയാള സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു . അഭിനയത്തിന് പുറമേ, ശ്രീവിദ്യ ഇടയ്ക്കിടെ പിന്നണി ഗായികയായും കര്‍ണാടക ഗായികയായും പ്രവര്‍ത്തിച്ചു. നന്നായി പരിശീലനം നേടിയ ഭരതനാട്യം നര്‍ത്തകി കൂടിയായിരുന്നു അവര്‍.