” വീണ്ടും വീട്ടിലേക്ക്“
ഘടികാരത്തിന്റെ സൂചി തിരിച്ചു വച്ച് പുറകോട്ട് പോകാനുള്ള ശക്തി ഉണ്ടായിരുന്നെങ്കിൽ- കുട്ടിക്കാലത്ത് ഞാൻ താമസിച്ചിരുന്ന, എന്റെ ബാല്യകാലത്തെ എല്ലാ കുസൃതികൾകും, വികൃതികൾക്കും സാക്ഷ്യംവഹിച്ച ആ വീട്ടിലേക്ക് ഒന്ന് മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ, ഒരുപക്ഷേ ഞാൻ അന്ന് സ്നേഹിച്ചിരുന്നതി നേക്കാൾ ഇപ്പോൾ ആ വീടിനെ ഏറെ ഇഷ്ടപ്പെടും എന്ന് എനിക്കറിയാം.
അമ്മയുടെ മുട്ടോളം ഉയരമുണ്ടായിരുന്ന
ഞാൻ അമ്മയുടെ കൈ പിടിച്ചു നടന്ന കാലം. അമ്മ അന്ന് പറഞ്ഞുതന്ന കാര്യങ്ങൾ ഒരിക്കൽ കൂടി അമ്മയുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, എങ്കിൽ അന്നത്തേക്കാൾ ശ്രദ്ധിച്ച് ഞാൻ അത് കേൾക്കും. കാരണം ജീവിതം എന്താണെന്ന് അമ്മയ്ക്ക് നല്ലപോലെ അറിയാമായിരുന്നു.
അന്ന് കാണാൻ കഴിയാതെ പോയ അമ്മയുടെ സ്നേഹനൊമ്പരങ്ങൾ, സ്നേഹത്തിന്റെ മിഴിനീർ കണങ്ങൾ – എല്ലാം ഇപ്പോഴും ഓർമ്മയിലുണ്ട്. വാടാതെ,തളരാതെ, മതിയാവോളം സ്നേഹിച്ചു കൊതി തീർക്കാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. അമ്മയുടെ കൈപിടിച്ച് നടന്നതും, ആ മടിയിൽ തലവച്ച് ഉറങ്ങിയതും, അമ്മയുടെ ഉണ്ണിക്കുട്ടൻ ആയി വളർന്ന കാലങ്ങളും – ആ ഓർമ്മകൾ മാറോടു ചേർത്തു വെച്ചു താലോലിക്കുമ്പോൾ, വിരിഞ്ഞ നറു മുല്ല പൂവിന്റെ സുഗന്ധമായ്, അമ്മ ഒരു തെന്നലായി എന്നെ വന്നു തഴുകുന്നു.
ഇപ്പോൾ എന്റെ ഏകാന്തതകളിൽ അയവിറക്കുന്ന ഭൂതകാല സ്മരണകൾ, ഒരു അനിർവചനീയമായ അനുഭവമാണ്. അതുകൊണ്ടുതന്നെ ഞാൻ ഏകാന്തതയെ ഇഷ്ടപ്പെടുന്നു.
പഴയ വീട്ടിലേക്ക് തിരിച്ചുപോകുവാൻ മനസ്സ് തിരക്ക് കൂടുമ്പോൾ, പല ചെറിയതും വലിയതുമായ ഞാൻ നിരീക്ഷിച്ചിരുന്ന കാര്യങ്ങൾ ഓർമ്മ വരുകയാണ്. വീടിന് ചുറ്റുമുള്ള പൂത്തുനിൽക്കുന്ന ചെമ്പരത്തി ചെടികൾ, മുൻവശത്തെ പൂന്തോട്ടം, പിൻഭാഗത്തുള്ള പൊട്ടക്കിണർ – ഞങ്ങൾ അതിനെ പൊട്ടക്കിണർ എന്നാണ് വിളിക്കാറുള്ളത്, കാരണം വേനൽക്കാലം ആവുന്നതിന് എത്രയോ മുമ്പുതന്നെ ആ കിണർ വറ്റിയി ട്ടുണ്ടാവും-, വീടിന്റെ കിഴക്കുവശത്തെ കാലിത്തൊഴുത്ത്, ഞങ്ങൾ ഊഞ്ഞാൽ ഇട്ടിരുന്ന വലിയ പ്ലാവ്, കർപ്പൂര മാവ് – പഴുത്താൽ കർപ്പൂര ത്തിന്റെ മണമുള്ള മാങ്ങകൾ അന്ന് ഒരു ആർത്തിയായിരുന്നു.
വീടിന്റെ ചുറ്റുമുള്ള ചുമരുകളിൽ കരിക്കട്ട കൊണ്ട് ഞാൻ വരച്ചിരുന്ന ചിത്രങ്ങൾ, രൂപങ്ങൾ പിന്നെ കൂട്ടുകാരുമൊത്ത് കളിച്ചിരുന്ന പടിഞ്ഞാറ് മറ്റും – അങ്ങനെ എത്ര എഴുതിയാലും തീരാത്ത, വറ്റാത്ത ഓർമ്മകൾ. ആ ഓർമ്മകൾ അവയെത്ര സുന്ദരങ്ങളാണ്. മനസ്സിലെന്നും പൂത്തുനിൽക്കുന്ന സൗരഭ്യമുള്ള ഒരു പിടി പൂക്കൾ.
ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ പുറത്തു നല്ല മഴ പെയ്തു കൊണ്ടിരിക്കുകയാണ്. മഴയിൽ നിന്നും നനയാ തിരിക്കാനായി രണ്ടു കിളികൾ ബാൽക്കണിയുടെ ഗ്രില്ലിൽ വന്നിരുന്നു. എന്നെ കണ്ട മാത്രയിൽ അവർ പരസ്പരം നോക്കി, എന്നെയും നോക്കി അവിടെ തന്നെ ഇരുന്നു. ഒരു ഭയവു മില്ലാതെ, ഞാൻ ഒരു സഹൃദയൻ ആണെന്ന് തോന്നിയത് കൊണ്ടാവാം. ഈ കിളികളെ കണ്ടപ്പോൾ, ആ കാലങ്ങളിൽ ഞങ്ങളുടെ വീടിന്റെ ഊൺ മുറിയുടെ ജനലിൽ വന്നിരുന്ന് അമ്മയെ കാത്തിരിക്കാറുള്ള ഓലഞ്ഞാലി കിളി, ഞങ്ങൾ അതിനെ കുഞ്ഞിക്കിളി എന്ന് പേരിട്ടു, ആണ് ഓർമ്മ വന്നത്. അമ്മയുടെ തോളത്ത് വന്നിരുന്നു, കയ്യിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കാറുള്ള കുഞ്ഞിക്കിളിയേ മറക്കാൻ സാധിക്കുകയില്ല. അമ്മ മുറിയിലേക്ക് വരാൻ കുറച്ചു വൈകിയാൽ, ഉറക്കെ ശബ്ദം ഉണ്ടാക്കി തന്റെ പ്രതിഷേധം അറിയിക്കാൻ കുഞ്ഞിക്കിളി മറക്കാറില്ല. ചെറുപ്രായത്തിൽ മരിച്ചുപോയ എന്റെ ജേഷ്ഠ സഹോദരിയുടെ ആത്മാവ് ആയിരിക്കാം ആ കുഞ്ഞിക്കിളി എന്ന് അമ്മ എപ്പോഴും പറയാറുണ്ട്.
മഴ പല തലങ്ങളിലേക്ക് നമ്മുടെ മനസ്സിനെ കൂട്ടിക്കൊണ്ടു പോകാറുണ്ട്. ചില ചിന്തകൾ കാട് കയറും, അപ്പോൾ തന്നെ മനസ്സിന്റെ കടിഞ്ഞാൺ വലിക്കും. മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കും.
അച്ഛൻ നൽകിയിരുന്ന എല്ലാ ഉപദേശങ്ങളും അച്ഛന്റെ ശബ്ദവും ഞാൻ മരിക്കുന്നതുവരെയും ഓർമ്മിക്കും . അന്നൊന്നും ആ ഉപദേശങ്ങൾ അത്ര കാര്യമായി ഞാൻ എടുത്തിരുന്നില്ല. പക്ഷേ അതെല്ലാം ജീവിതത്തിലെ പല നല്ല പാഠങ്ങൾ ആയിരുന്നു എന്നുള്ള തിരിച്ചറിവാണ് ഇന്നെന്നെ നയിക്കുന്നത്. വളരെ ചെറുപ്പത്തിൽ പിതാവ് മരിച്ചതിനു ശേഷം അമ്മയുടെ ശിക്ഷണത്തിൽ വളർന്നുവന്ന് എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് സമൂഹത്തിലും ഔദ്യോഗികരംഗത്തും സമുന്നത സ്ഥാനം സ്വപ്രയത്നത്താൽ നേടിയെടുത്ത ഒരു മാതൃകാപുരുഷൻ ആയിരുന്നു എന്റെ അച്ഛൻ. അറിയാനും പഠിക്കാനും ആയി നിരവധി ജീവിതാനുഭവങ്ങൾ മക്കളുമായി പങ്കുവയ്ക്കാറുള്ള സായാഹ്നങ്ങൾ രസകരമായ അനുഭവങ്ങൾ ആയിരുന്നു. അച്ഛനും അമ്മയ്ക്കും വേണ്ടി ഇനിയും എന്തൊക്കെയോ ചെയ്യേണ്ടതായിരുന്നു എന്നു തോന്നാറുണ്ട്. അവരുടെ ജീവിതയാത്രയിൽ അവിസ്മരണീയങ്ങളായ ഇനിയും കുറേ നല്ല മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടി ശ്രമിക്കാമായിരുന്നു. അവർ ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ഒട്ടും പ്രതീക്ഷിചിട്ടും അല്ല. എങ്കിലും….. എന്തോ….. ഒരു നൊമ്പരമായി ആ ചിന്തകൾ മനസ്സിൽ തളംകെട്ടി നിൽക്കുന്നു.
ഇപ്പോൾ അവരുടെ പാവനമായ ഓർമ്മകളിലൂടെയുള്ള ഒരു തീർത്ഥാടനമാണ്. പുണ്യമായ ആ ഓർമകളെ നമിച്ചുകൊണ്ട്, കഴിഞ്ഞുപോയ നല്ല നാളുകൾ തന്നു അനുഗ്രഹിച്ച അവരെ സ്മരിച്ചുകൊണ്ട്, അവരുടെ ആത്മാക്കളുടെ നിത്യ ശാന്തിക്കായി പ്രാർത്ഥിച്ചു കൊണ്ട്.
വർഷങ്ങൾ,കാലങ്ങൾ കടന്നു പോകുന്നു. ആരെയും കാത്തു നിൽക്കാതെ, ഇനി ഒരു തിരിച്ചുവരവ് സാധിക്കാതെ. സമയത്തിന്റെ യാത്ര വളരെ പെട്ടെന്നാണ്. ഭൂതകാല സ്മരണകളുടെ പിടിയിലമർന്നെ രിയാതെ, നമ്മെ കാത്തിരിക്കുന്ന നല്ല കാലങ്ങളിലേക്കുള്ള യാത്രകളിലേക്ക് വേണ്ട ഊർജ്ജവും ഉന്മേഷവും കണ്ടെത്തുവാൻ വേണ്ടി ആ നല്ല ഓർമ്മകൾ നമുക്കെപ്പോഴും ഒരു പ്രചോദനമാവട്ടെ.