കരിങ്കൽ ശിൽപങ്ങളും പുണ്യപുരാതനമായ ക്ഷേത്ര സമുച്ചയങ്ങളും മനോഹരമായ കടൽത്തീരവും കഥ പറയുന്ന കലാനഗരമാണ് മഹാബലിപുരം. പാറകളില്‍ കൊത്തിവെച്ച ഗുഹാക്ഷേത്രങ്ങളും, ഒറ്റക്കല്‍ മണ്ഡപങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളും അടങ്ങിയതാണ് മഹാബലിപുരം. കല്ലിൽ കൊത്തിയെടുത്ത, ശിൽപചാതുര്യത്തിന്റെ അതിശയിപ്പിക്കുന്ന പട്ടണം. തമിഴ്നാട്ടിലെ വളരെ പഴക്കമേറിയ ഒരു തുറമുഖ നഗരമാണ് കാഞ്ചിപുരം. അതായത്, പഴയ മഹാബലിപുരം. സമുദ്രനിരപ്പിൽ നിന്നു 12 മീറ്ററിലേറെ ഉയർന്ന തീര നഗരം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്.ശില്‍പനഗരിയില്‍ കടന്നാല്‍ ആദ്യം കാണാനുള്ള കാഴ്ച തിരുക്കടല്‍ മല്ലൈ എന്നറിയപ്പെടുന്ന ക്ഷേത്രമാണ്. ശില്‍പങ്ങള്‍ കടല്‍കാറ്റേറ്റും കൊടും വെയിലിലും നശിച്ചുപോകാതിരിക്കാന്‍ രാജാക്കന്‍മാര്‍ നിര്‍മിച്ച തിരുക്കടല്‍ മല്ലൈ ഒരു ശിവ ക്ഷേത്രമാണ്.
ഭീമാകാരങ്ങളായ കരിങ്കല്ലുകള്‍ കൊണ്ടാണ് ഷോര്‍ ടെമ്പിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ശിലയില്‍ കൊത്തിയുണ്ടാക്കിയ ഈ ക്ഷേത്രം ഇന്ത്യയുടെ ദക്ഷിണ ഭാഗത്തുള്ള ഏറ്റവും പുരാതനമായ കല്‍ക്ഷേത്രമായി അറിയപ്പെടുന്നു. ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠയെങ്കിലും വിഷ്ണുവാരധനയാണ് പ്രധാനം. കല്ലില്‍ കൊത്തിയുണ്ടാക്കിയ ദുര്‍ഗ്ഗാ ദേവതയുടെ ചെറിയൊരു ശ്രീകോവിലും ഇതിനടുത്തായി പ്രതിഷ്ഠിച്ചിട്ടുണ്ട്. സിംഹത്തെയും ഇവിടെ ആരാധിച്ചു പോരുന്നു. മാമല്ലപുരം എന്നും അറിയപ്പെടുന്ന ഇവിടം പല്ലവ രാജാവായിരുന്ന മാമല്ലന്റെ പേരിലാണ് സ്മരിക്കപ്പെടുന്നത്. ആദികാല ദ്രാവിഡ തച്ചുശാസ്ത്രത്തിന്റെ സ്പർശവുമായി പല്ലവ കലയിൽ വിരിഞ്ഞ ദൃശ്യവിസ്മയങ്ങളാണ് ഇവിടെയെങ്ങും കാണാനാകുക.
യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിലും ഇടം പിടിച്ചിട്ടുമുണ്ട് മഹാബലിപുരം. മാത്രമല്ല, ദേശീയ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങൾ കൂടിയാണ് ഇവ. ചെന്നൈ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ ദൂരത്തിലാണ് മാമല്ലപുരം അഥവാ മഹാബലിപുരം.പല്ലവ രാജഭരണകാലത്ത് നിലനിന്നിരുന്ന രണ്ടു തുറമുഖ നഗരങ്ങളിൽ ഒന്നാണ് മഹാബലിപുരം . മഹാബലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നരസിംഹവർമ്മൻ ഒന്നാമന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത് . അദ്ദേഹത്തിന്റെ ഭരണകാലത്ത് മഹാബലിപുരം അതിന്റെ സാമ്പത്തിക അഭിവൃദ്ധിക്കൊപ്പം തന്നെ ജീവനുള്ള പാറകളിൽ തീർത്ത ശില്പങ്ങൾക്കും പ്രസിദ്ധമായി തീർന്നു .
രഥങ്ങളുടെയും മണ്ഡപങ്ങളുടെയും രൂപത്തിൽ നിർമ്മിച്ചിരിക്കുന്ന സ്മാരകങ്ങളിൽ കൊത്തിവെച്ചിരിക്കുന്നതു ഹിന്ദു പുരാണത്തിലുള്ള കഥാപാത്രങ്ങളും , സംസ്കൃതത്തിൽ ഉള്ള ശ്ലോകങ്ങളും , ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും നിലനിന്നിരുന്ന മതം , സംസ്കാരം , ചരിത്രം എന്നിവയുമാണ് . ആ കാലഘട്ടത്തിലെ വിശ്വാസങ്ങളെയും ജീവിതശൈലികളെയും സൂചിപ്പിക്കുന്ന തെളിവുകളും ശേഷിപ്പുകളുമാണ് മഹാബലിപുരത്തുള്ളത് .മഹാബലിപുരത്ത് നാല്പതോളം പുരാതന സ്മാരകങ്ങളും ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു . ഭഗീരഥന്റെ നേതൃത്വത്തിൽ ഗംഗ ആകാശത്തു നിന്ന് ഭൂമിയിലേക്ക് വന്ന കഥ രണ്ടു വലിയ പാറകളിലായി കൊത്തിയിരിക്കുന്നത് മഹാബലിപുരത്തെ സ്മാരകങ്ങളിൽ വച്ച് ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് . ഒറ്റക്കല്ലിൽ കൊത്തിയ ഭീമൻ ഗജകേസരിയും കുട്ടിക്കൊമ്പൻമാരും കുറെ ചെറു ശിൽപങ്ങളുമാണ് ഇവിടെ കാഴ്ചയാകുന്നത്
ഉണ്ണിക്കണ്ണന്റെ കൈയിൽ ഉയർന്നു നിൽക്കുന്നതു പോലെ തോന്നുന്ന, ഇപ്പോൾ താഴേയ്ക്ക് ഉരുണ്ടു നീങ്ങുമോ എന്ന് ഭയപ്പെടുത്തി നിൽക്കുന്ന കൂറ്റൻ പാറക്കല്ലാണ് ഇവിടെ മറ്റൊരു കാഴ്ച. പാണ്ഡവ സംഘത്തിനും പാഞ്ചാലിക്കുമായി ഒരുക്കിയ രഥങ്ങളാണ് ഇവിടെ കാഴ്ചയാകുന്നത്. യുധിഷ്ഠിരനായി ഒരു വലിയ രഥവും പാഞ്ചാലിക്കായി ഒരു ചെറിയ രഥവും നകുലനും സഹദേവനുമായി ഒരു രഥവും ഒരുക്കിയിട്ടുണ്ട്. കാവൽ നിൽക്കുന്ന നന്ദികേശനേയും മൃഗരാജാവിനെയും കൂടി ശിൽപമാക്കിയിട്ടുണ്ട് ഇവിടെ. ഒറ്റപ്പാറ തുരന്നും കൊത്തിയുമെല്ലാം ഒരുക്കിയ മഹിഷാസുര മർദിനി ഗുഹാ ക്ഷേത്രവും അതിനു മുകളിൽ ഒരുക്കിയ ചെറു ക്ഷേത്രരൂപവും മികച്ച കാഴ്ചയാകുന്നു