പ്രിക്‌സ് വെർസെയ്‌സ് പുറത്തുവിട്ട 2024ലെ ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളുടെ പട്ടികയിൽ ഒമാനിലെ ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയം'(ഒ.എ.എ.എം) ഇടം നേടി. പത്താം വാർഷിക ആഘോഷിക്കുന്ന പ്രിക്‌സ് വെർസെയ്‌സ് ഈ വർഷം ഏഴ് പുതിയ മ്യൂസിയങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. സർഗ്ഗാതമകത, പ്രാദേശിക പൈതൃക സംരക്ഷണം, പരിസ്ഥിതി സൗഹൃദ രൂപകൽപ്പന എന്നീ മേഖലകളിൽ മികവ് പുലർത്തുന്ന മ്യൂസിയങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മ്യൂസിയങ്ങൾ പരിസ്ഥിതിയിൽ മികച്ച സ്വാധീനം ചെലുത്തുന്നു എന്നതും പ്രത്യേകതയാണ്.
നവംബർ അവസാനത്തോടെ യുനെസ്‌കോ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ 2024 ലെ മികച്ച മ്യൂസിയം, മികച്ച ഇന്റീരിയർ രൂപകൽപ്പനയുള്ള മ്യൂസിയം, മികച്ച എക്സ്റ്റീരിയർ രൂപകൽപ്പനയുള്ള മ്യൂസിയം എന്നീ പുരസ്‌കാരങ്ങൾക്കായി ഒമാൻ അക്രോസ് ഏജസ് മ്യൂസിയം മത്സരിക്കും.
മ്യൂസിയങ്ങളുടെ രൂപകൽപ്പന സാംസ്‌കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിലും അവിസ്മരണീയമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിലുമുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രിക്‌സ് വെർസെയ്‌സ് സെക്രട്ടറി ജനറൽ ജെറോം ഗൗഡെയ്ൻ ഊന്നിപ്പറഞ്ഞു.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, വിമാനത്താവളങ്ങൾ, ക്യാമ്പസുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്‌പോർട്‌സ് മേഖലകൾ തുടങ്ങിയ മറ്റു മേഖലകളിലെ ലോകോത്തര നിർമ്മിതികളുടെ പട്ടിക ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പ്രഖ്യാപിക്കും.