നോക്കിയയുടെ സി.ഇ.ഒ പെക്ക ലൻഡ്മാർക് കഴിഞ്ഞ ദിവസം തങ്ങളുടെ പുതിയൊരു മാറ്റാതെകുറിച്ച് ലോകത്തിനോട് പറഞ്ഞിരിക്കുകയാണ്. മാറ്റം എന്താണെന്നറിയണ്ടേ.?
ഇനി എവിടെ ഇരുന്ന് സംസാരിച്ചാലും ശബ്ദത്തിൽ മാറ്റം വരില്ല. എപ്പോഴും ഒരേ സ്ഥലത്ത് ഇരുന്ന് സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്നത് പോലെ തന്നെ. എങ്ങനെ എന്നല്ലേ..
മോണോഗ്രാഫിക് സാങ്കേതിക വിദ്യയിലുള്ള ഇന്നത്തെ ശബ്ദവിനിമയത്തിന് ഒറ്റ ഭാവം മാത്രമാണുണ്ടാവുക. എന്നാൽ, പരിസരത്തിന്റെ വ്യത്യാസത്തിനും ശബ്ദത്തിനും അനുസരിച്ച് ശബ്ദത്തിനും ത്രീഡി ഇഫക്ട് നൽകുന്ന ഇമ്മേഴ്സിവ് വോയ്സ് ആൻഡ് ഓഡിയോ സർവിസസ് (ഐ.വി.എ.എസ്) എന്ന സാങ്കേതികവിദ്യ സെല്ലുലാർ നെറ്റ്വർക്കിൽ അവതരിപ്പിച്ച് നോക്കിയ.വോയ്സ് കാളുകളുടെ ഭാവിയാണ് തങ്ങളിപ്പോൾ അവതരിപ്പിച്ചതെന്നാണ് ലൻഡ്മാർക് അവകാശപ്പെട്ടത്. ‘‘ഈ നിർണായക ഓഡിയോ സാങ്കേതികവിദ്യ നിങ്ങളെ, വിളിക്കുന്നയാളുടെ പരിസരത്തേക്ക് മുഴുവനായും കൊണ്ടുപോകും. വോയ്സ് കാളിലും വിഡിയോ കാളിലും ഇത് വൻ മാറ്റം സൃഷ്ടിക്കും’’-
ലോകത്തെ ആദ്യ ഇമ്മേഴ്സിവ് വോയ്സ് ആൻഡ് ഓഡിയോ കോൾ സാധ്യമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നോക്കിയ.
ഫിൻലൻഡിലെ കമ്പനി ആസ്ഥാനത്തുനിന്ന് ലൻഡ്മാർക്, ഫിന്നിഷ് ഡിജിറ്റലൈസേഷൻ അംബാസഡർ സ്റ്റെഫാൻ ലിൻഡ്സ്റ്റോമുമായി ഐ.വി.എ.എസ് വഴി സംസാരിച്ചാണ് ഇതിന്റെ പരീക്ഷണം നടത്തിയത്. ഒറ്റ ചാനലിൽ കംപ്രസ് ചെയ്തെടുക്കുന്ന നിലവിലെ ശബ്ദത്തിൽനിന്ന് വ്യത്യസ്തമായി, ഈ ത്രീഡി ശബ്ദത്തിന് കൂടുതൽ ജൈവികതയും സ്വാഭാവികതയും ഉണ്ടായിരുന്നതായി സ്റ്റെഫാൻ പ്രതികരിച്ചു.