ആഗോളതലത്തിൽ 5G സാങ്കേതിക വിദ്യയിൽ ഒന്നാം സ്ഥാനം കൈവരിച്ച് കുവൈത്ത്. വാണിജ്യ, വ്യവസായ മന്ത്രിയും വാർത്താവിനിമയ കാര്യങ്ങൾക്കുള്ള സഹമന്ത്രിയുമായ ഒമർ അൽ-ഒമർ വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തിന്റെ നേട്ടം പങ്കുവെച്ചത്.
GSMA ഇന്റലിജൻസ് നടത്തിയ പഠനത്തിലാണ് കുവൈത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2023 ലെ 5G ടെക്നോളജി വ്യാപനത്തിന്റെയും ഉപയോഗത്തിന്റെയും പ്രകടനം അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്. അടിസ്ഥാന സൗകര്യങ്ങൾ, സേവന ദാനം, ഉപയോക്താക്കളുടെ അനുഭവം എന്നിവ പഠനത്തിൽ ഉൾപ്പെടുന്നു.
ഈ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി 5G ടെക്നോളജി നടപ്പിലാക്കുന്നതിലും സംയോജിപ്പിക്കുന്നതിലും ലോക, മേഖലാ തലങ്ങളിൽ കുവൈത്ത് മുന്നിലാണെന്ന് പഠനം വ്യക്തമാക്കുന്നു. 5G സാങ്കേതികവിദ്യ പല വിഭാഗങ്ങളിലായി വ്യാപിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രകടനത്തെ അളക്കുന്ന സൂചികയിൽ 68 പോയിന്റ് നേട്ടമാണ് കുവൈത്ത് നേടിയത്.