ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിെൻറ പ്രധാന കർമങ്ങൾ ആരംഭിക്കാനിരിക്കെ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവുമായ സി. മുഹമ്മദ് ഫൈസി മക്കയിൽ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമുമായി കൂടിക്കാഴ്ച നടത്തി. ഒരുക്കങ്ങൾ വിലയിരുത്തി. തീർഥാടകർക്ക് പരമാവധി മെച്ചപ്പെട്ട സൗകര്യങ്ങൾ ചെയ്തുനൽകുന്നതിൽ കോൺസുലേറ്റിന് കീഴിൽ ഇന്ത്യൻ ഹജ്ജ് മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് സി. മുഹമ്മദ് ഫൈസി പറഞ്ഞു.
ഇന്ത്യൻ തീർഥാടകരുടെ താമസ അനുബന്ധ സൗകര്യങ്ങൾ, അറഫ സംഗമം, മിനായിലെ ടെൻറ്, അറഫ-മിന മൂവ്മെൻറിനുള്ള ഗതാഗത സംവിധാനങ്ങൾ, രോഗികൾക്കായി പ്രത്യേകം ചെയ്തിട്ടുള്ള ക്രമീകരണങ്ങൾ തുടങ്ങിയ വിവിധ കാര്യങ്ങളിൽ ഇന്ത്യൻ ഹജ്ജ് മിഷെൻറ നേതൃത്വത്തിലൊരുക്കിയ സൗകര്യങ്ങളും സംവിധാനങ്ങളും കൂടിക്കാഴ്ചയിൽ കോൺസുൽ ജനറൽ പങ്കുവെച്ചു. നുസ്ക് കാർഡ് വിതരണത്തിൽ ബന്ധപ്പെട്ട ഏജൻസിയിൽ നിന്നുണ്ടായ കാലതാമസം വ്യാഴാഴ്ച പൂർണമായും പരിഹരിക്കപ്പെടുമെന്നും ബന്ധപ്പെട്ട ഏജൻസികൾക്ക് പ്രത്യേക അറിയിപ്പ് നൽകിയതായും കോൺസുൽ ജനറൽ അറിയിച്ചു. മലയാളി തീർഥാടകരിൽ നിന്നും ഇനിയും കാർഡ് ലഭിക്കാത്തവരുടെ ലിസ്റ്റ് കോൺസുലേറ്റ് ഓഫീസിന് കൈമാറിയിട്ടുണ്ട്.
മക്കയിൽ ഹജ്ജ് വേളയിൽ തീർഥാടകർക്ക് സേവനം ചെയ്യുന്നതിന് സന്നദ്ധ സംഘങ്ങൾക്ക് സൗദി ഹജ്ജ് മന്ത്രാലയത്തിെൻറ പ്രത്യേക അനുമതി (തസ്രീഹ്) അനിവാര്യമായിരിക്കെ ഇതിൽ ഇളവുകൾ ലഭിക്കാൻ ശ്രമങ്ങൾ തുടരുന്നുണ്ട്. ദുൽഹജ്ജ് 10 ന് ശേഷം നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കാൻ ഇടയുണ്ട്. ഇതുവഴി ജംറകളിൽ തീർഥാടകർക്ക് സഹായമായി സന്നദ്ധ സംഘങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മലയാളി തീർഥാടകരിൽ ഏതാനും പേർക്ക് അസുഖം കാരണം സ്വന്തമായി അറഫയിലേക്ക് പോകാൻ പ്രയാസം അനുഭവിക്കുന്നവരുണ്ട്.