ഒരു ട്രിപ് കഴിഞ്ഞെത്തുന്നതോടൊപ്പം പോക്കറ്റും കാലിയാകാറുണ്ടല്ലേ.. പലപ്പോഴും യാത്ര പോയി വരുമ്പോൾ നാം പ്രതീക്ഷിച്ചതിലും കൂടുതൽ ആയിരിക്കും ചിലവുകൾ. അത് കൊണ്ട് യാത്ര എന്ന് കേൾക്കുമ്പോൾ തന്നെ ഒരു മടുപ്പാണല്ലേ.. ഇനി ആ മടുപ്പ് വേണ്ട ചിലവ് ചുരുക്കി എങ്ങനെ യാത്ര ചെയ്യാമെന്ന് നോക്കാം.ചെലവ് കുറച്ചുള്ള യാത്രയാണ് ലക്ഷ്യമെങ്കില്‍ നല്ല മൈലജുള്ള വാഹനം തന്നെ തെരഞ്ഞെടുക്കാം. എപ്പോഴും പെട്രോള്‍ പമ്പുകളില്‍ കയറുന്നത് ഒഴിവാക്കാം. ഇതരസംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെങ്കില്‍ അവിടെ ചിലപ്പോള്‍ കേരളത്തെക്കാള്‍ കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ലഭിച്ചേക്കാം. അത്തരം പമ്പുകളില്‍ കയറി ഫുള്‍ ടാങ്ക് അങ്ങ് അടിച്ചേക്കണം. ഉദ്ധാഹരണത്തിന് തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കാണ് യാത്രയെങ്കില്‍ ഇവിടെ നിന്ന് അതിര്‍ത്തിയിലെത്താനുള്ള പെട്രോള്‍ അടിക്കുക. അതിര്‍ത്തി കടന്നയുടന്‍ കാണുന്ന പെട്രോള്‍ പമ്പില്‍ കയറി ഒരു ഫുള്‍ ടാങ്ക് അങ്ങ് അടിച്ചേക്കണം.
കൃത്യമായുള്ള പ്ലാനിംഗ് യാത്രയിലുടനീളമുള്ള ചെലവ് കുറയ്ക്കാന്‍ സഹായിക്കും. എവിടേക്കാണ് പോകേണ്ടതെന്നും അവിടെ നിന്ന് പിന്നെ എങ്ങോട്ടേക്ക് തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. അതാകുമ്പോള്‍ ആ യാത്രയ്ക്കു ചെലവാക്കേണ്ട കാശിനെക്കുറിച്ച് ഒരു ഏകദേശ ധാരണയുണ്ടാകും. യാത്ര തുടങ്ങിയതിന് ശേഷവും കൃത്യമായി പ്ലാനിംഗ് ഉണ്ടായില്ലെങ്കില്‍ ചെലവിനെക്കുറിച്ച് ഒരു ധാരണയുണ്ടാവില്ല.ആവശ്യമുള്ള സാധനങ്ങള്‍ മാത്രം കൊണ്ടു പോവുക. വിമാനയാത്രയ്ക്ക് ഒരുങ്ങുന്നവരാണ് ഇക്കാര്യം പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ കൊണ്ട് പോകാവുന്ന ലഗേജിന്റെ ഭാരത്തിന്റെ പരിധി അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിന് മുകളില്‍ ഭാരമുണ്ടെങ്കില്‍ വിമാനത്താവളത്തില്‍ കൂടുതല്‍ തുക അടയ്ക്കേണ്ടി വരും. തങ്ങളുടെ ബജറ്റിന് ഇണങ്ങിയ രീതിയിലുള്ള മുറികള്‍ കിട്ടാതെ വരുന്നു. അത്തരം സാഹചര്യങ്ങളില്‍ വന്‍ തുക നല്‍കി മുറികളെടുക്കേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാന്‍ മുറികള്‍ യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. യാത്ര തിരിക്കുന്ന തീയതി തീരുമാനമായാല്‍ ഉടന്‍ തന്നെ മുറികളുമ ബുക്ക് ചെയ്യാം. തങ്ങള്‍ക്ക് ഇണങ്ങുന്ന ഹോട്ടല്‍ ഏതാണെന്ന് നോക്കി അവ ഓണ്‍ലൈനില്‍ തെരഞ്ഞെടുക്കുകയുമാകാം. ഹോട്ടലുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകളും ലഭ്യമാണ്. ഇത്തരം ആപ്പുകള്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ ഡിസ്‌കൗണ്ടുകളും ലഭിക്കുന്നു.പരിചയമില്ലാത്ത സ്ഥലങ്ങളില്‍ സാധാരണ ഓട്ടോയും ടാക്സിയുമൊക്കെ പിടിച്ച് പോകുമ്പോള്‍ പറ്റിക്കപ്പെടാനുള്ള സാധ്യതയുണ്ട് (എല്ലാവരും അങ്ങനെയുള്ളവരല്ല. നല്ല ഡ്രൈവര്‍മാരും ഉണ്ട്). റെയില്‍വേ സ്റ്റേഷനിലും മറ്റുമൊക്കെ വന്നിറങ്ങുമ്പോള്‍ പ്രീപെയ്ഡ് ഓട്ടോറിക്ഷകള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ചെറിയ ദൂരമേയുള്ളുവെങ്കില്‍ നടന്നു തന്നെ പോവുക.