തൃശൂർ ∙ ബിഎംഎസ് കൊടകര മേഖലാ സെക്രട്ടറി ഷാജുവിനെ കൊലപ്പെടുത്തിയ കേസിൽ 3 സിപിഎം പ്രവർത്തകരെ കോടതി വിട്ടയച്ചു. ആളൂർ തിരുനെൽവേലിക്കാരൻ ഷഫീഖ്, പഞ്ഞപ്പിള്ളി കണ്ണോളി കിഷോർ, ചെങ്ങാലൂർ പൂജപ്പിള്ളി ഇന്ദ്രൻകുട്ടി എന്നിവരെയാണു തൃശൂർ ഒന്നാംക്ലാസ് അഡീഷനൽ സെഷൻസ് ജഡ്ജി കെ.ഇ. സാലിഹ് വിട്ടയച്ചത്.
2007 ഫെബ്രുവരി 12ന് ആയിരുന്നു സംഭവം. ഷഫീഖിന്റെ സഹോദരനായ സിഐടിയു പ്രവർത്തകൻ മാഹിനെ പോട്ടയിൽ വച്ച് കൊലപ്പെടുത്തിയതിനു പ്രതികാരമായി ഷാജുവിനെ വധിച്ചെന്നായിരുന്നു കേസ്. ദൃക്സാക്ഷികളായ 3 പേരെ ബിജെപി ഓഫിസിൽ നിന്നു നൽകിയ പട്ടിക പ്രകാരം സാക്ഷികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയതാണെന്നു പ്രതിഭാഗം വാദിച്ചു.
കൊടകര പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചിരുന്നു. മറ്റു പ്രതികളായ ജിൻഷാദ്, ഷാജഹാൻ, റഹീം എന്നിവർ വിചാരണ മധ്യേ മരിച്ചിരുന്നു. പ്രതികൾക്കു വേണ്ടി അഡ്വ. ടി. ഷാജിത്ത്, അഡ്വ. വി.പി. ഹാരിസ്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി എന്നിവർ ഹാജരായി.