ആലപ്പുഴ : കാറിൽ സ്വിമ്മിംഗ് പൂളൊരുക്കി പൊതുനിരത്തിൽ സഞ്ചരിച്ച യൂട്യൂബർ സഞ്ജു ടെക്കിയുടെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം റദ്ദാക്കിക്കാെണ്ടുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. ഇയാൾ സ്ഥിരം കുറ്റക്കാരനാണെന്നും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്നും പറയുന്നുണ്ട്. ഇയാൾ വാഹനമോടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും പൊതുസമൂഹത്തിലെ എല്ലാ മര്യാദകളും ലംഘിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആർ. രമണന്റേതാണ് ലൈസൻസ് ആജീവനാന്തം റദ്ദാക്കിക്കാെണ്ടുള്ള ഉത്തരവ്. ഇതിന്റെ പകർപ്പ് സഞ്ജുവിന് നേരിട്ട് കൈമാറി. ഇയാളുടെ യൂട്യൂബ് വീഡിയോകൾ പരിശോധിച്ചതിൽ നിന്ന്,നിരന്തരം മോട്ടോർ വാഹനനിയമം ലംഘിച്ചതിനാലാണ് നടപടിയെന്ന് ആർടിഒ ആർ.രമണൻ പറഞ്ഞു. ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതിയുടെ പരാമർശവുമുണ്ടായിരുന്നു. അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റാണെന്നും കടുത്ത നടപടിയെടുക്കരുതെന്നും സഞ്ജു മോട്ടോർ വാഹന വകുപ്പിനോട് പറഞ്ഞു.
ആജീവനാന്ത കാലത്തേക്കാണ് ലൈസൻസ് റദ്ദാക്കിയതെങ്കിലും,സഞ്ജുവിന് അപ്പീൽ പോകാനുള്ള നിയമപരിരക്ഷ ലഭിക്കും. ഇയാൾ രൂപമാറ്റം വരുത്തിയ സ്വന്തം ഉടമസ്ഥതയിലുള്ള ടാറ്റാ സഫാരി കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് ഒരു വർഷത്തേക്ക് റദ്ദാക്കിയിരുന്നു.
യൂട്യൂബ് വീഡിയോയുടെ പശ്ചാത്തലത്തിൽ വകുപ്പ് കേസെടുത്തതിന് പിന്നാലെ സഞ്ജു,മോട്ടോർ വാഹന വകുപ്പിനെയും,മാദ്ധ്യമങ്ങളെയും അധിക്ഷേപിച്ച് വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. പത്ത് ലക്ഷം രൂപ മുടക്കിയാൽ ലഭിക്കാത്ത പബ്ലിസിറ്റിയാണ് തനിക്ക് ലഭിച്ചതെന്നായിരുന്നു സഞ്ജുവിന്റെ പരിഹാസം. തുടർന്ന് ശിക്ഷാനടപടിയുടെ ഭാഗമായി മലപ്പുറം എടപ്പാൾ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഡ്രൈവിംഗ് ആൻഡ് ട്രാഫിക് റിസർച്ചിലെ പരിശീലന ക്ലാസിന്റെയും,ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സന്നദ്ധ സേവനത്തിന്റെയും കാലയളവ് ദീർഘിപ്പിച്ചിരുന്നു.