ന്യൂഡൽഹി: വിദ്വേഷവും അക്രമവും വിദ്യാഭ്യാസ വിഷയങ്ങളല്ലെന്നും പാഠപുസ്തകങ്ങൾ അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും എൻ.സി.ആർ.ടി.ഇ. ഡയറക്ടർ ദിനേഷ് പ്രസാദ് സക്ലാനി. കുട്ടികളെ കലാപം പഠിപ്പിക്കേണ്ടതുണ്ടോയെന്നും പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദിച്ചു. എൻ.സി.ആർ.ടി.ഇ. പന്ത്രണ്ടാംക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്ന് ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കിയത് സംബന്ധിച്ച വിമർശനങ്ങൾക്കിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
“വിദ്വേഷം പ്രചരിപ്പിക്കുന്ന, അക്രമാസക്തരായ ഒരു തലമുറയെ വാർത്തെടുക്കുകയാണോ നമ്മുടെ ലക്ഷ്യം? അതാണോ വിദ്യാഭ്യാസത്തിലൂടെ നേടേണ്ടത്? ഇത്രയും ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ വെറുപ്പും പകയും നിറയ്ക്കണോ എന്ന് നാം ചിന്തിക്കണം. ഭാവിയിൽ ഈ കലാപങ്ങളെ കുറിച്ചൊക്കെ അവർ സ്വയം അറിയുമായിരിക്കും. പക്ഷേ സ്‌കൂളിൽ നിന്ന് പാഠപുസ്തകത്തിലൂടെ അത് വേണോ എന്നാണ് ചോദ്യം. എന്താണ് സംഭവിച്ചതെന്നും എന്തിനാണ് സംഭവിച്ചതെന്നുമൊക്കെ അവർ സ്വയം മനസ്സിലാക്കട്ടെ. ഒരു കഴമ്പുമില്ലാത്ത വാദപ്രതിവാദങ്ങളാണ് ഇപ്പോൾ നടക്കുന്നത്”. സക്‌ലാനി പറഞ്ഞു.
ബാബരി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ടുള്ള സമീപകാല സംഭവവികാസങ്ങൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മൾ പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചിട്ടുണ്ടെങ്കിൽ അത് നമ്മുടെ വിദ്യാർഥികൾ അറിയേണ്ടേ? പുരാതനമായ വിഷയങ്ങളും പുതിയകാല സംഭവങ്ങളും ഉൾപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്.
അപ്രസ്കതമായതെന്തും മാറ്റേണ്ടിവരും. അത് മാറ്റുന്നതിൽ എന്താണ് തെറ്റ്? ഇവിടെ ഒരു കാവിവത്കരണവും ഞാൻ കാണുന്നില്ല. വിദ്യാർഥികൾ വസ്തുതകൾ തിരിച്ചറിയുന്നതിനുവേണ്ടിയാണ് ചരിത്രം പഠിപ്പിക്കുന്നത്. മറിച്ച്, ഒരു യുദ്ധക്കളം സൃഷ്ടിക്കുന്നതിന് വേണ്ടിയല്ല, ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു.
പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് മാറ്റം വരുത്തിയത്. ബാബറി മസ്ജിദ് എന്നതിന് പകരം മൂന്ന് മിനാരങ്ങളോട് കൂടിയ നിർമ്മിതി എന്നാണ് പ്രയോഗിച്ചത്. ബാബറി മസ്ജിദ് തകർത്ത സംഭവം പരാമർശിക്കുന്ന ഭാഗങ്ങൾ പുസ്തകത്തിൽ കുറച്ചിട്ടുണ്ട്. പകരം രാമ ജന്മഭൂമി പ്രക്ഷോഭത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. സുപ്രിംകോടതി വിധിക്ക് ശേഷം വരുത്തിയ മാറ്റങ്ങളാണിതെന്ന് എൻസിആർടി അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്.