ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്(ഇ.വി.എം) ഹാക്കിങ്ങുമായി വാദത്തില്‍ ഏറ്റുമുട്ടി സ്പേസ് എക്സ്, ടെസ്ല സിഇഒ ഇലോണ്‍ മസ്കും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവമായി രാജീവ് ചന്ദ്രശേഖരനും. ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇ.വി.എമ്മുകള്‍ ഒഴിവാക്കണമെന്നായിരുന്നു മസ്കിന്റെ വാദം. എന്നാല്‍, മസ്കിന്റേത് സാമാന്യവല്‍ക്കരണമാണെന്നും ഇന്ത്യന്‍ ഇ.വി.എമ്മുകള്‍ സുരക്ഷിതമാണെന്നും ചന്ദ്രശേഖരനും വാദിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇലോണ്‍ മസ്ക്, ഇവിഎമ്മുകളില്‍ മനുഷ്യരായി സാങ്കേതിക വിദ്യയാലോ അട്ടിമറി നടത്താന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ അവയുടെ ഉപയോഗം നിര്‍ത്തണമെന്നും സമൂഹമാധ്യമമായ എക്സിലുടെ പ്രതികരിച്ചത്. ഇലോണ്‍ മസ്കിന്റേത് പൊതു സാങ്കേതികവല്ക്കരണമാണെന്നും ഇന്ത്യയിലെ ഇവിഎമ്മുകളില്‍ അട്ടിമറി സാധ്യമല്ലെന്നും ഇലോണ്‍ മസ്കിന് ടൂട്ടോറിയല്‍ നല്കാന് തയ്യാറെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സുരക്ഷിതമായ ഡിജിറ്റല്‍ ഹാര്ഡ്വെയര് ആര്‍ക്കും നിര്‍മിക്കാനാകില്ലെന്നു സൂചിപ്പിക്കുന്ന തരത്തില്‍ വലിയൊരു സാമാന്യവല്‍ക്കരണമാണ് മസ്ക് നടത്തിയിരിക്കുന്നതെന്ന് രാജീവ് വിമര്‍ശിച്ചു. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച വോട്ടിങ് മെഷീനുകള്‍ നിര്‍മിക്കാന്‍ സാധാരണ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്ന യു.എസ് പോലെയുള്ള സ്ഥലങ്ങളില്‍ മസ്കിന്റെ നിരീക്ഷണം ശരിയായിരിക്കാമെന്നു തുടര്‍ന്ന അദ്ദേഹം ഇന്ത്യയിലെ ഇ.വി.എമ്മുകളുടെ സ്ഥിതി അതല്ലെന്നും വാദിച്ചു.
എന്നാല്‍, എന്തും ഹാക്ക് ചെയ്യപ്പെടാമെന്നായിരുന്നു ഇതിനോട് മസ്ക് പ്രതികരിച്ചത്. സാങ്കേതികമായി താങ്കള്‍ ശരിയായിരിക്കുമെന്നും എന്തും സാധ്യമാണെന്നും ബി.ജെ.പി നേതാവ് ഇനിനു മറുപടിയും നല്കി. ഉദാഹരണത്തിന് ക്വാണ്ടം കംപ്യൂട്ടിങ് ഉപയോഗിച്ച് ഏതു തരത്തിലുള്ള എന്‍ക്രിപ്ഷനും(രഹസ്യ കോഡിലാക്കിയവ) എനിക്ക് ചുരുളഴിച്ചെടുക്കാനാകും; അതിനു വേണ്ട സാങ്കേതിക സജ്ജീകരണങ്ങളുണ്ടെങ്കില്‍. ജെറ്റ് വിമാനങ്ങളുടെ ഗ്ലാസ് കോക്പിറ്റുകളുടെ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഹാര്ഡ്വെയര് ഹാക്ക് ചെയ്യാന്‍ എനിക്കാകും. എന്നാല്‍, ബാലറ്റ് പേപ്പറില്‍നിന്നു വ്യത്യസ്തമായി സുരക്ഷിതവും വ്യത്യസ്തവുമായ ഇ.വി.എമ്മുകളുടെ കാര്യം അതല്ല. ഇക്കാര്യത്തില്‍ വിയോജിപ്പ് തുടരാമെന്നും രാജീവ് ചന്ദ്രശേഖരന് കൂട്ടിച്ചേര്‍ത്തു.
ഇലോണ്‍ മസ്കിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോകത്തെ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധര്‍ അട്ടിമറി സാധ്യതകളെ കുറിച്ച് പറയുമ്പോള്‍ ഇവിഎമ്മുകള്‍ ഉപയോഗിക്കണമെന്ന വാശിക്ക് പിന്നിലെ കാരണം എന്താണെന്ന് ബിജെപി വ്യക്തമാക്കണമെന്നും വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.